കോട്ടയം: രവീന്ദ്രൻ പട്ടയം റദ്ദാക്കാനുള്ള റവന്യൂ വകുപ്പ് തീരുമാനം സിപിഎം-സിപിഐ തർക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ പോയപ്പോൾ സിപിഐ രാഷ്ട്രീയം കളിക്കുകയാണെന്നാണ് ആരോപണം. റവന്യൂ വകുപ്പിന്റെ തീരുമാനത്തിൽ എതിർപ്പുമായി എംഎം മണി എംഎൽഎ രംഗത്തു വന്നു. പട്ടയമേള നടത്തി നിയമപരമായി വിതരണം ചെയ്ത പട്ടയമാണിതെന്നും അവ എന്തിനാണ് റദ്ദാക്കുന്നതെന്ന് റവന്യൂ വകുപ്പിനോട് ചോദിക്കണമെന്നും എംഎം മണി പ്രതികരിച്ചു. രവീന്ദ്രൻ പട്ടയഭൂമിയിലുള്ള സിപി ഐഎം പാർട്ടി ഓഫീസിനെ ആരും തൊടില്ലെന്നും എംഎം മണി പറഞ്ഞു.

'രവീന്ദ്രൻ പട്ടയം റദ്ദാക്കുമ്പോൾ അതിന്റെ നിയമവശം കൂടി പരിശോധിക്കേണ്ടതുണ്ട്. പാർട്ടി ഓഫീസ് വർഷങ്ങളായി അവിടെയുള്ളതാണ്. പുതിയ ഓഫീസ് പണിതത് മാത്രമാണ് വ്യത്യാസം. പാർട്ടി ഓഫീസിൽ വന്ന് എന്തെങ്കിലും ചെയ്യാൻ ആരേയും അനുവദിക്കുന്ന പ്രശ്നമില്ല.' എംഎം മണി പറഞ്ഞു. അതിനിടെ എം എം മണിക്ക് മറുപടിയുമായി റവന്യു മന്ത്രി തന്നെ രംഗത്തെത്തി. രവീന്ദ്രൻ പട്ടയം റദ്ദാക്കുന്നതിൽ തെറ്റായ വ്യാഖ്യാനം വേണ്ടെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. കേട്ടു കേൾവിയുടെ അടിസ്ഥാനത്തിൽ പ്രതികരണം വേണ്ടെന്നും പട്ടയം റദ്ദാക്കുന്നതിൽ വിശദമായ പ്രതികരണം ഇന്ന് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ഇതിനിടെ സിപിഐക്കെതിരെ ഗുരുതര ആരോപണവുമായി അന്നത്തെ അഡീഷനൽ തഹസിൽദാറുടെ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി തഹസിൽദാർ എം ഐ രവീന്ദ്രനുമെത്തി. പട്ടയം റദ്ദാക്കുന്നത് സി പി എം ഓഫീസ് ഒഴിപ്പിക്കാൻ ആണെന്നായിരുന്നു എം ഐ രവീന്ദ്രൻ പ്രതികരിച്ചത്. മുഖ്യമന്ത്രി സ്ഥലത്തു ഇല്ലാത്തപ്പോൾ ഇറക്കിയ ഉത്തരവിന് പിന്നിൽ ഗൂഡലോചനയുണ്ട്.സിപിഐ ഓഫീസ് നേരത്തെ ഒഴിപ്പിച്ചതിൽ പാർട്ടിക്ക് അമർഷമുണ്ടായിരുന്നു. താൻ അനുവദിച്ച 530 പട്ടയങ്ങളും ചട്ട പ്രകാരമാണ്. തന്റെ പേരിൽ വ്യാജ പട്ടയം ഇറങ്ങിയിട്ടുണ്ട്. അതിൽ നേരത്തെ നടപടി എടുത്തതാണെന്നും എം ഐ രവീന്ദ്രൻ പ്രതികരിച്ചു.

1999-ൽ ഇടുക്കി കളക്ടറായിരുന്ന വി.ആർ. പത്മനാഭൻ നൽകിയ അധികാരമുപയോഗിച്ചാണ് അന്ന് ദേവികുളം അഡീഷണൽ തഹസിൽദാരുടെ ചുമതലവഹിച്ചിരുന്ന ഡെപ്യൂട്ടി തഹസിൽദാർ എം.ഐ. രവീന്ദ്രൻ 530 പട്ടയങ്ങൾ വിതരണംചെയ്തത്. തഹസിൽദാരായിരുന്ന എം.കെ. ചെല്ലപ്പന്റെ ജോലിഭാരം ചൂണ്ടിക്കാട്ടിയായിരുന്നു കളക്ടറുടെ നടപടി. ഈ പട്ടയമാണ് ഇപ്പോൾ വീണ്ടും വിവാദമാകുന്നത്.

1964-ലെ കേരള ഭൂമിപതിവ് ചട്ടം 23 (എ) അനുസരിച്ച് പട്ടയം നൽകാനുള്ള തഹസിൽദാരുടെ അധികാരം തൊട്ടുതാഴെയുള്ള ഉദ്യോഗസ്ഥന് കൈമാറാൻ കളക്ടർക്ക് ഉത്തരവിടാം. എന്നാൽ, 1972-ലെ കണ്ണൻദേവൻ ഹിൽസ്(കെ.ഡി.എച്ച്.) ഭൂമി ഏറ്റെടുക്കൽ നിയമവും ചട്ടവുംപ്രകാരം അവിടെ ഭൂമി പതിച്ചുനൽകാനുള്ള അധികാരം തഹസിൽദാർക്കല്ല, കളക്ടർക്കാണ്. അതിനാൽ രവീന്ദ്രന് അധികാരം കൈമാറിയ ഉത്തരവുതന്നെ അബദ്ധമായിരുന്നുവെന്നാണ് റവന്യൂ വകുപ്പ് പറയുന്നത്.

അതേസമയം, തനിക്കുകിട്ടിയ അധികാരം ഉപയോഗിച്ച് കുറഞ്ഞസമയത്തിനുള്ളിൽ 530 പട്ടയങ്ങൾ രവീന്ദ്രൻ നൽകി. ഇതിൽ മിക്കതിനെപ്പറ്റിയും പിൽക്കാലത്ത് ആക്ഷേപമുയർന്നു. .2006-ൽ വി എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ മൂന്നാർ കൈയേറ്റം ഒഴിപ്പിക്കൽ നടപടി തുടങ്ങിയപ്പോഴാണ് രവീന്ദ്രൻപട്ടയം വലിയ വിവാദമായത്. അന്നത്തെ ദൗത്യസംഘത്തിന്റെ പരിശോധനയിൽ പട്ടയങ്ങൾ അധികാരമില്ലാത്ത ഉദ്യോഗസ്ഥൻ നൽകിയതാണെന്ന് കണ്ടെത്തി ഒഴിപ്പിക്കൽതുടങ്ങി.

മൂന്നാറിലെ സിപിഐ. ഓഫീസ് കെട്ടിടവും രവീന്ദ്രൻ പട്ടയഭൂമിയിലാണെന്നുകണ്ട് പൊളിച്ചത് വലിയ സംഭവമായി. മുൻ മുഖ്യമന്ത്രി പി.കെ. വാസുദേവൻ നായരുടെ പേരിലായിരുന്നു പട്ടയം. തുടർന്ന് അന്നത്തെ സിപിഐ. സംസ്ഥാനസെക്രട്ടറി വെളിയം ഭാർഗവൻ പട്ടയം റദ്ദാക്കാൻ സ്വമേധയാ അപേക്ഷനൽകി. അങ്ങനെ ആ പട്ടയം റദ്ദാക്കി. ബാക്കി 529 പട്ടയങ്ങളിൽ ഒട്ടേറെയെണ്ണം പിന്നീട് പലപ്പോഴായി കളക്ടറും ദേവികുളം സബ് കളക്ടറും റദ്ദാക്കുകയും ഹൈക്കോടതിയിൽ കേസുകൾ എത്തുകയും ചെയ്തു.

തൊടുപുഴ സ്വദേശി എൻ.ജെ. ജോസഫ് കൈവശംവെച്ചിരുന്ന ഭൂമിയുടെ പട്ടയം ഇത്തരത്തിൽ കളക്ടർ റദ്ദാക്കിയപ്പോൾ കോടതിയിൽ കേസെത്തി. കളക്ടറുടെ ഉത്തരവ് 2013-ൽ കോടതി ശരിവെക്കുകയും പട്ടയങ്ങൾ പരിശോധിച്ച് നടപടിയെടുക്കാൻ ഉത്തരവിടുകയും ചെയ്തു. മൂന്നാറിലെ സിപിഎം. ഓഫീസിരിക്കുന്ന 25 സെന്റും തർക്കവിഷയത്തിൽപ്പെടുന്നതാണ്. എം.എം. മണിയുടെ പേരിലാണ് ഇതിന്റെ പട്ടയം. പട്ടയത്തിന് അപേക്ഷ സമർപ്പിക്കുകയോ കൈപ്പറ്റുകയോ വസ്തുവിൽ താമസമുറപ്പിക്കുകയോ ചെയ്യാത്ത പലരുടെയും പേരിൽ പട്ടയം അനുവദിച്ചിട്ടുള്ളതായും ആ ഭൂമി അർഹതയില്ലാത്ത മറ്റുപലരും കൈവശംവെക്കുകയും കൈമാറ്റംചെയ്യുകയും ചെയ്തതായും അന്വേഷണങ്ങളിൽ വ്യക്തമായിട്ടുണ്ട്.

അനധികൃതമായി നൽകിയ 530 രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനാണ് റവന്യു വകുപ്പിന്റെ പുതിയ ഉത്തരവ്. റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയാണ് റദ്ദാക്കൽ ഉത്തരവിറക്കിയിരിക്കുന്നത്. നാലുവർഷം നീണ്ട പരിശോധനകൾക്ക് ശേഷമാണ് നടപടി. 1999ൽ ദേവികുളം ഡെപ്യൂട്ടി തഹസിൽദാർ ആയിരുന്ന എംഐ രവീന്ദ്രൻ നൽകിയ പട്ടയങ്ങളാണ് റദ്ദാക്കിയത്. ദേവികുളം പഞ്ചായത്തിലെ ഒൻപത് വില്ലേജുകളിലുള്ള പട്ടയങ്ങളാണ് റദ്ദാക്കുന്നത്. 45 ദിവസത്തിനുള്ളിൽ നടപടി പൂർത്തിയാക്കണമെന്ന് ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.