ഗുഡ്ഗാവ്: ഗുഡ്ഗാവിലെ റയാൻ സ്‌കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് സ്‌കൂളിന് മുന്നിൽ രക്ഷിതാക്കളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം. പ്രതിഷേധക്കാർ സ്‌കൂളിന് സമീപത്തുള്ള മദ്യക്കടഅഗ്‌നിക്കിരയാക്കി.പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തി. 

നിലവിലെ അന്വേഷണത്തിൽ തൃപ്തരല്ല അതിനാൽ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് രാവിലെയാണ് പ്രതിഷേധം തുടങ്ങിയത്. അറസ്റ്റിലായ ബസ് കണ്ടക്ടർ മാത്രമല്ല കുറ്റവാളിയെന്നും വിദ്യാർത്ഥികളുടെ സുരക്ഷയിൽ സ്‌കൂൾ മാനേജ്‌മെന്റിനും ഉത്തരവാദിത്വമുണ്ടെന്നും അവർക്കെതിരെ നടപടിയെടുക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

അതേസമയം സകൂൾ മാനേജ്‌മെന്റിനെതിരെ നടപടിയെടുക്കുമെന്ന് ഹരിയാണ വിദ്യാഭ്യാസ മന്ത്രി റാം ബിലാസ് ശർമ്മ രക്ഷിതാക്കൾക്ക് ഉറപ്പുനൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് റയാൻ ഇന്റർനാഷണൽ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ ശൗചാലയത്തിൽ കഴുത്തറുത്തുകൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പീഡന ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ സകൂൾ ബസിലെ കണ്ടക്ടറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.