ന്യൂഡൽഹി: യുപിഐ ഇടപാടുകളും ഇനി സൗജന്യമാകില്ല. ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയവ ഇടപാടുകൾക്കു ചാർജ് നിശ്ചയിക്കുന്നതു സംബന്ധിച്ച് റിസർവ് ബാങ്ക് ഡിസ്‌കഷൻ പേപ്പർ പുറത്തിറക്കി. നിലവിൽ യുപിഐ ഇടപാടുകൾക്ക് ഉപയോക്താവ് ചാർജ് നൽകേണ്ടതില്ല. എന്നാൽ, മൊബൈൽ ഫോണിൽ അതിവേഗ ഇടപാട് സാധ്യമാക്കുന്ന ഐഎംപിഎസിനു (ഇമ്മിഡിയറ്റ് പേയ്‌മെന്റ് സർവീസ്) സമാനമായതിനാൽ യുപിഐ ഇടപാടിനും ചാർജ് ബാധകമാണെന്ന് വാദിക്കാമെന്ന് ആർബിഐ ചൂണ്ടിക്കാട്ടുന്നു.

തുകയുടെ തോതനുസരിച്ച് പല തട്ടിലുള്ള ചാർജ് നിശ്ചയിക്കുന്നത് നന്നായിരിക്കുമെന്നും ആർബിഐ ചൂണ്ടിക്കാട്ടുന്നു. 800 രൂപ യുപിഐ വഴി അയയ്ക്കുമ്പോൾ 2 രൂപ ചെലവുണ്ടെന്നാണ് ആർബിഐയുടെ കണക്ക്. പണമിടപാട് ശൃംഖലയിലെ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും വരുമാനം ഉറപ്പാക്കണമെന്നും പേപ്പറിൽ പറയുന്നു. ഇതിനോടകം തന്നെ ഫോൺപേ മൊബൈൽ റീച്ചാർജ്ജുകൾക്ക് പേയ്‌മെന്റ് ഈടാക്കി തുടങ്ങിയിരുന്നു.

50 രൂപയ്ക്ക് മുകളിലുള്ള റീചാർജുകൾക്ക് ഒരു രൂപ മുതൽ രണ്ട് രൂപവരെയാണ് ഈടാക്കുന്നത്. യുപിഐ അധിഷ്ഠിത ഇടപാടിന് ചാർജ്ജ് ഈടാക്കാൻ തുടങ്ങിയ ആദ്യത്തെ ഡിജിറ്റൽ പേയ്‌മെന്റ് ആപ്പായിരിരുന്നു ഫോൺപേ. മറ്റ് സമാന സേവനങ്ങളെപ്പോലെ, ക്രെഡിറ്റ് കാർഡുകൾ വഴിയുള്ള പേയ്മെന്റുകൾക്ക് ഫോൺപേ ഇതിനകം പ്രോസസ്സിങ് ഫീസ് ഈടാക്കുന്നുണ്ട്.

''റീചാർജുകളിൽ, കുറച്ച് ഉപയോക്താക്കൾ മൊബൈൽ റീചാർജുകൾക്കായി ഫീസ് നൽകുന്ന വളരെ ചെറിയ തോതിലുള്ള ഒരു പരീക്ഷണമാണ് ഞങ്ങൾ നടത്തുന്നത്. 50 രൂപയിൽ താഴെയുള്ള റീചാർജുകൾക്ക് ഫീല് ഈടാക്കില്ല, 50 മുതൽ 100 രൂപ വരെയുള്ള റീചാർജുകൾക്ക് ഒരു രൂപയും 100 രൂപയ്ക്ക് മുകളിലുള്ളവയ്ക്ക് രണ്ട് രൂപയും ഈടാക്കുന്നു,'' കമ്പനി വ്യക്തമാക്കിയിരുന്നു.

രാജ്യത്ത് മൂന്നാം കക്ഷി ആപ്പുകളിൽ യുപിഐ ഇടപാടുകളുടെ എണ്ണത്തിൽ ഫോൺപേയാണ് മുന്നിൽ നിൽക്കുന്നത്. സെപ്റ്റംബറിൽ കമ്പനി അതിന്റെ പ്ലാറ്റ്‌ഫോമിൽ 165 കോടിയിലധികം യുപിഐ ഇടപാടുകൾ രേഖപ്പെടുത്തി. ഈ ആപ്പുകളുടെ വിഭാഗത്തിൽ 40 ശതമാനത്തിലധികം ഇടപാടുകൾ ഫോൺ പേ വഴി നടന്നു.

''ബിൽ പേയ്‌മെന്റുകളിൽ ഫീസ് ഈടാക്കുന്ന ഒരേയൊരു പേയ്മെന്റ് പ്ലാറ്റ്ഫോം ഞങ്ങൾ മാത്രമല്ല. ബിൽ പേയ്മെന്റുകളിൽ ഒരു ചെറിയ ഫീസ് ഈടാക്കുന്നത് ഇപ്പോൾ ഒരു സാധാരണ വ്യവസായ രീതിയാണ്, ഇത് മറ്റ് ബില്ലർ വെബ്സൈറ്റുകളും പേയ്മെന്റ് പ്ലാറ്റ്‌ഫോമുകളും ചെയ്യുന്നു. ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള പേയ്മെന്റുകൾക്ക് ഞങ്ങൾ പ്രോസസ്സിങ് ഫീസ് (മറ്റ് പ്ലാറ്റ്ഫോമുകളിൽ കൺവീനിയൻസ് ഫീസ് എന്ന് വിളിക്കുന്നു) ഈടാക്കുന്നു,'' ഫോൺ പേ വക്താവ് കൂട്ടിച്ചേർത്തു.

അതേസമയം വർധിച്ചുവരുന്ന മർച്ചന്റ് പേയ്‌മെന്റുകളിലെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) ഇടപാടുകൾ ബാങ്കുകളുടെയും ബാങ്കിതര സ്ഥാപനങ്ങളുടെയും വരുമാന ചോർച്ചയ്ക്ക് കാരണമാകുന്നു. നിലവിൽ ചെറിയ കടകളിൽ പോലും യുപിഐ ക്യുആർ കോഡ് ഉപയോഗിച്ചാണ് വലിയൊരു വിഭാഗം ആളുകളും തുക പേയ്മെന്റ് ചെയ്യുന്നത്. യുപിഐ ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് നൽകേണ്ടതില്ലാത്തതിനാൽ, യുപിഐ ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. റുപേ ഇതര കാർഡ് ഇടപാടുകൾക്കെല്ലാം ബാങ്കുകൾ ചാർജ്ജ് ഈടാക്കുന്നുണ്ട്. ഇത് വ്യാപാരികളുടെ മാർജിനുകളെ ബാധിക്കുമെന്നതും യുപിഐ ഇടപാട് വർധിക്കാൻ കാരണമായി.

യുപിഐ ഇടപാടുകൾ കുത്തനെ വർധിച്ചതോടെ ബാങ്കുകളുടെ ഫീസ് ഇനത്തിലുള്ള വരുമാനവും കുറഞ്ഞുതുടങ്ങിയിട്ടുണ്ട്. ഉദാഹരണത്തിന്, ഡിസംബറിൽ അവസാനിച്ച പാദത്തിലെ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ പേയ്‌മെന്റ് ഉൽപ്പന്നങ്ങളുടെ ഫീസ് വരുമാനത്തിൽ കഴിഞ്ഞകാലയളവിനേക്കാൾ വലിയ കുറവാണ് രേഖപ്പെടുത്തിയത്. ആക്‌സിസ് ബാങ്കിന്റെ റീട്ടെയിൽ കാർഡ് ഫീസ് വരുമാനം 2022 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ 1.9 ശതമാനമായി കുറഞ്ഞു.

കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെയാണ് യുപിഐ ഉപഭോക്താക്കളുടെ എണ്ണം കുതിച്ചുയർന്നത്. 2021ലെ എല്ലാ വ്യാപാരി ഇടപാടുകളുടെയും പകുതിയും മൊബൈൽ ഫോണുകളിലൂടെ നടന്നതായി വ്യവസായ കണക്കുകൾ സൂചിപ്പിക്കുന്നു. 2022 ഫെബ്രുവരിയിലെ മർച്ചന്റ് യുപിഐ ഇടപാടുകളുടെ മൂല്യം ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇടപാടുകളുടെ പോയിന്റ് ഓഫ് സെയിൽ (പിഒഎസ്) ടെർമിനലുകളുടെ മൂല്യത്തേക്കാൾ വളരെ ഉയർന്ന നിലയിലായിരുന്നു. 1.63 ട്രില്യൺ രൂപ യുപിഐ ഇടപാടുകളിലൂടെ കൈമാറിയപ്പോൾ 1.43 ട്രില്യൺ രൂപ മാത്രമാണ് കാർഡ് ഇടപാടുകൾ വഴിയും പിഒഎസ് വഴിയും കൈമാറിയത്. കുറഞ്ഞ മർച്ചന്റ് പേയ്‌മെന്റുകൾക്കെല്ലാം മിക്കവരും തെരഞ്ഞെടുക്കുന്നത് യുപിഐ ആണ്. 500 രൂപയിൽ താഴെയുള്ള ഇടപാടുകളുടെ നാലിലൊന്ന് ഭാഗവും യുപിഐ വഴിയാണെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് സമീപകാല റിപ്പോർട്ടിൽ പറയുന്നു.