മുംബൈ: നിക്ഷേപിച്ച തുക ബാങ്കിൽനിന്നു പിൻവലിക്കാൻ കൂടുതൽ ഇളവുകളുമായി റിസർവ് ബാങ്ക്. ഇന്നു മുതൽ നടത്തുന്ന നിക്ഷേപങ്ങൾ പിൻവലിക്കാൻ നിയന്ത്രണം ഉണ്ടാവില്ല. ബാങ്കിൽനിന്നു സ്ലിപ് എഴുതി എപ്പോൾ വേണമെങ്കിലും ആവശ്യത്തിനു പണം എടുക്കാം. മുൻ നിക്ഷേപങ്ങൾക്കുള്ള നിയന്ത്രണം തുടരുമെന്നും ആർബിഐ അറിയിച്ചു. എടിഎം നിയന്ത്രണവും ഉടൻ പിൻവലിക്കുമെന്ന് സൂചനയുണ്ട്. ഇതോടെ ക്രയവിക്രയങ്ങൾ പഴയ പടിയിലാകും. മാസാവസാനമായതോടെ ശമ്പളം പിൻവലിക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ പുതിയ ഇളവ് സഹായകമാവും.

ബാങ്കിൽ നിന്ന് സ്ലിപ്പ് എഴുതി എപ്പോൾ വേണമെങ്കിലും തുക പിൻവലിക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. നിലവിലുള്ള പ്രതിവാരം 24,000 രൂപ എന്ന പരിധി ഈ തുകയ്ക്ക് ബാധകമാവില്ല. നിലവിൽ എടിഎം വഴി മുൻനിശ്ചയിച്ച പരിധിയിൽ കൂടുതൽ തുക പിൻവലിക്കാനാവില്ല. ഇങ്ങനെ നിക്ഷേപിച്ച തുക പിൻവലിക്കുമ്പോൾ പുതിയ 500, 2000 നോട്ടുകളാകും നൽകുകയെന്നും റിസർവ് ബാങ്കിന്റെ അറിയിപ്പിൽ പറയുന്നു. ഇതും താമസിയാതെ എടുത്തു കളയും. അതേസമയം നവംബർ 28 വരെയുള്ള നിക്ഷേപങ്ങൾക്ക് പഴയ നിയന്ത്രണങ്ങൾ തുടരും. ഇന്നലെ വരെ നിക്ഷേപിച്ച തുകയിൽ നിന്നും പ്രതിവാരം 24,000 രൂപ മാത്രമേ പിൻവലിക്കാനാകൂ.

ഇന്നലെവരെ നിക്ഷേപിച്ച തുകയിൽനിന്നു പിൻവലിക്കാവുന്ന തുക ആഴ്ചയിൽ 24,000 രൂപ, ദിവസം 2,500 രൂപ എന്ന നിയന്ത്രണം തുടരും. എടിഎം വഴി പണം എടുക്കുന്നതിന് ഇളവു ബാധകമല്ല. ഇങ്ങനെ നിക്ഷേപിക്കുന്ന തുക പിൻവലിക്കുമ്പോൾ പുതിയ 500, 2000 നോട്ടുകളാകും നൽകുകയെന്നും റിസർവ് ബാങ്കിന്റെ അറിയിപ്പിൽ പറയുന്നു. പുതിയ കറൻസി വാങ്ങിയവർ അതു കയ്യിൽ സൂക്ഷിക്കുന്നതു തടയുന്നതിനും വിപണിയിൽ പുതിയ നോട്ട് കൂടുതൽ ഉപയോഗപ്പെടുത്തുന്നതിനും ആണ് റിസർവ് ബാങ്കിന്റെ നടപടി.

നോട്ട് പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കാൻ 50 ദിവസമാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അതിന് മുമ്പേ തന്നെ നിയന്ത്രണങ്ങൾ ഓരോന്നായി പിൻവലിക്കാനാണ് തീരുമാനം. ആവശ്യത്തിന് നോട്ടുകളുടെ അച്ചടി പൂർത്തിയായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരാഴ്ചയ്ക്കുള്ളിൽ എല്ലാം സുഗമമായി മാറുമെന്നാണ് പ്രതീക്ഷ. കൂടുതൽ 500 രൂപകൾ ബാങ്കിലെത്തിക്കുന്നതോടെ പ്രതിസന്ധി പരിഹരിക്കുമെന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് സിപ്ലിപ്പ് എഴുതി നൽകി പിൻവലിക്കാനുള്ള തുകയിൽ നിയന്ത്രണം പിൻവലിക്കുന്നത്. ശമ്പളം നൽകലുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാൻ കൂടി വേണ്ടിയാണ് ഇത്.

ബാങ്കിൽ നിന്ന് നിക്ഷേപിക്കാൻ പരിധിയുള്ളതിനാൽ പലർക്കും ശമ്പളം മുഴുവനെടുത്ത് കാര്യങ്ങൾ നടത്താൻ കഴിയാത്ത സാഹചര്യം ഉണ്ടായിരുന്നു. ഇത് പല സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരിന് മുന്നിൽ ഉന്നയിക്കുകയും ചെയ്തു. ശമ്പളം എടുക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടായാൽ നോട്ട് അസാധുവാക്കലിനെതിരെ വ്യാപക പ്രതിഷേധമുണ്ടാകുമെന്നും വിലയിരുത്തി. ഇതോടെയാണ് ഈ നിയന്ത്രണം ആർബിഐ പിൻവലിക്കുന്നത്. ഇതോടെ ആവശ്യത്തിന് കറൻസി ലഭ്യത വിപണിയിൽ ഉണ്ടാവുകയും ചെയ്യും.

എടിഎമ്മുകൾക്ക് മുന്നിലെ ക്യൂവും കുറയും. ബാങ്കിൽ നിന്ന് സ്ലിപ്പ് എഴുതി പണം പിൻവലിക്കാൻ കൂടുതൽ പേർ താൽപ്പര്യം കാണിക്കുമെന്നാണ് വിലയിരുത്തൽ. ഇതോടെ ചെറിയ തുകകൾക്കായി എടിഎമ്മിലെത്തുന്നവർക്കും നിരാശരാകേണ്ടി വരില്ല. നോട്ട് അസാധുവാക്കൽ വിഷയത്തിൽ പാർലമെന്റിൽ പ്രതിപക്ഷ ബഹളം ശക്തമാണ്. ഇന്നലെ ചില സംസ്ഥാനങ്ങളിൽ ഹർത്താലും നടന്നു. ഇത്തരം പ്രതിഷേധങ്ങളുടെ മുന ഒടിക്കാൻ കൂടിയാണ് നിയന്ത്രണങ്ങൾ എടുത്ത് മാറ്റുന്നത്. നോട്ട് പിൻവലിക്കലിനെ എല്ലാ രാഷ്ട്രീയപാർട്ടികളും പിന്തുണയ്ക്കുന്നുണ്ട്.

എന്നാൽ നടപ്പാക്കിയ രീതിയിലാണ് എതിർപ്പ്. നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഈ പ്രതിഷേധം. ഇവ പിൻവലിക്കുന്നതോടെ കേന്ദ്ര സർക്കാനെതിരെയുള്ള പ്രതിപക്ഷ സമരവും അവസാനിപ്പിക്കേണ്ടി വരുമെന്നാണ് പ്രധാനമന്ത്രിയുടെ വിലയിരുത്തൽ.