തിരുവനന്തപുരം : സഹകരണ ബാങ്കുകളിൽ അക്കൗണ്ട് ഉള്ളവരുടെ അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ബാങ്ക് ഗാരന്റിയെന്ന സർക്കാർ നിർദ്ദേശം നടക്കാനിടയില്ല. സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും ഇതുമായി സഹകരിക്കില്ലെന്നാണ് സൂചന. സർക്കാർ ഗാരന്റിയുണ്ടെങ്കിലും പണം മാറികിട്ടാൻ ബുദ്ധിമുട്ടുണ്ടാകും. ഈ സാഹചചര്യത്തിലാണ് ഗാരന്റിയെന്ന നിർദ്ദേശത്തിന് വേണ്ടത്ര പിന്തുണ കിട്ടാതെ പോകുന്നത്. ഇതോടെ സഹകരണ ബാങ്കുകൾ നേരിടുന്ന പ്രതിസന്ധി അതിരൂക്ഷമാവുകയാണ്. കേരളത്തിന്റെ സമ്മർദ്ദത്തിനും റിസർവ്വ് ബാങ്കിന്റെ മനസ്സ് മാറ്റാൻ കഴിയുന്നില്ലെന്നാണ് സൂചന. പ്രാഥമിക സഹകരണ സൊസൈറ്റികളെ ബാങ്കുകളായി കാണാനാകില്ലെന്ന് ഉറച്ചു നിൽക്കുകയാണ് റിസർവ്വ് ബാങ്ക്. അതുകൊണ്ട് തന്നെ അസാധു നോട്ടിന്റെ കൈമാറ്റം ഉൾപ്പെടെയുള്ളവ ചെയ്യാൻ സഹകരണ പ്രസ്ഥാനങ്ങൾക്ക് അനുമതി നൽകില്ലെന്നാണ് സൂചന.

ഈ സാഹചര്യത്തെ ഗൗരവമായി സഹകാരികളും കാണുന്നുണ്ട്. നിലവിൽ ആരും വമ്പൻ നിക്ഷേപം പിൻവലിക്കുന്നില്ല. ഈ നിക്ഷേപം പിൻവലിച്ചാലും പുതിയ നോട്ട് കിട്ടില്ലെന്ന് നിക്ഷേപകർക്ക് അറിയാം. അതുകൊണ്ടാണ് ഇത്. എന്നാൽ പുതിയ നോട്ടുകളെത്തിയാൽ എല്ലാവരും നിക്ഷേപം പിൻവലിച്ച് പണവുമായി രക്ഷപ്പെടും. സഹകരണ ബാങ്കുകളുടെ നിലനിൽപ്പിന് തന്നെ ഭീഷണിയുണ്ടെന്ന പൊതു വിലയിരുത്തലാണ് ഇതിന് കാരണം. അതിനിടെ പെൻഷൻ മിച്ചം വച്ചും റിട്ടയർമെന്റ് വരുമാനം സൂക്ഷിച്ചും ഒക്കെയുള്ള ചെറിയ നിക്ഷേപം ആളുകൾ പിൻവലിച്ചു തുടങ്ങി. ഇവർക്ക് സഹകരണ ബാങ്കുകൾ പഴയ നോട്ടുകളാണ് നൽകുന്നത്. അതെടുത്ത് മറ്റ് ബാങ്കുകളിൽ കൊണ്ടു വയ്ക്കും. അല്ലെങ്കിൽ അവിടെ നിന്നും മാറിയെടുക്കും. ഉറവിടം കാട്ടാനുള്ളവർക്ക് പ്രശ്‌നങ്ങളുമില്ല. എത്ര വേണമെങ്കിലും ഇങ്ങനെ സ്വീകരിക്കാൻ മറ്റ് ബാങ്കുകളും തയ്യാറാണ്. വൈകിയാൽ ഉള്ള പണം നഷ്ടപ്പെടുമെന്ന ഭയമാണ് ഇത്തരം ചെറിയ നിക്ഷേപകരെ സഹകരണ ബാങ്കിൽ നിന്നും അകറ്റുന്നത്. ഡിസംബർ 31വരെ പഴയ നോട്ടുകൾ മാറ്റിയെടുക്കാം. അതിന്റെ സാധ്യത പൂർണ്ണമായും പ്രയോജനപ്പെടുത്തുകയാണ് സാധാരണക്കാരിൽ സാധാരണക്കാരായ നിക്ഷേപകർ.

ഉറവിടം ഉള്ള ഈ പണം തീർന്നാൽ പിന്നെ കള്ളപ്പണം മാത്രമായി സഹകരണ നിക്ഷേപങ്ങൾ മാറും. അതുകൊണ്ട് തന്നെ ബാങ്ക് ഗാരന്റി വിജയിക്കില്ലെന്ന തിരിച്ചറിവിലാണ് സർക്കാർ. സഹകരണ ബാങ്കുകളിലെ പ്രശ്‌നം തീരുമെന്ന് ഉറപ്പില്ലാത്തതിനാൽ സഹകരണ ബാങ്കുകളുടെ ചെക്കുകൾ വ്യാപാരികളും എടുക്കില്ല. പ്രതിസന്ധി മൂർച്ഛിക്കുന്നതോടെ പുതിയ നിക്ഷേപം സ്വീകരിക്കാനോ വായ്്പ നൽകനോ പറ്റാത്ത സ്ഥിതി വരും. അതിനിടെ നിരവധി ആളുകൾ ലോണുകൾ അടച്ചു തീർക്കുന്നുണ്ട്. ഇതും സഹകരണ ബാങ്കുകളുമായുള്ള ബന്ധം അവസാനിപ്പിക്കാനാണെന്നാണ് വിലയിരുത്തൽ. ഇതോടെ കടുത്ത പ്രതിസന്ധിയിലേക്ക് സഹകരണ മേഖല മാറുകയാണ്. സഹകരണ മേഖലയ്ക്ക് മാത്രമായി ബാങ്കിങ് നിയമങ്ങളിൽ മാറ്റം വരുത്താൻ കഴിയില്ലെന്നാണ് റിസർവ്വ് ബാങ്ക് നിലപാട്. ഇത് തന്നെയാണ് സഹകരണ പ്രസ്ഥാനങ്ങളെ തകർച്ചയിലേക്ക് കൊണ്ടു പോകുന്നത്. ഈ മേഖലയിലെ ബഹുഭൂരിഭാഗവും കള്ളപ്പണമാണെന്ന് തന്നെയാണ് കേന്ദ്ര സർക്കാരിന്റേയും നിലപാട്. ഇതോടെ കേരളത്തിലെ ഭരണ പ്രതിപക്ഷങ്ങൾ ഒരുമിച്ച് തയ്യാറാക്കിയ ഗാരന്റിയെന്ന നിർദ്ദേശവും പൊളിയുകയാണ്.

സഹകാരിയുടെ അക്കൗണ്ടിലെ പണം അദ്ദേഹം ആവശ്യപ്പെടുന്നിടത്തേക്ക് ഓൺലൈൻവഴി കൈമാറുകയോ ഓൺലൈൻ സൗകര്യം ലഭ്യമല്ലെങ്കിൽ പണത്തിന് ബാങ്ക് ഗാരന്റി നൽകുകയോ ചെയ്യുന്ന നിർദ്ദേശം നടപ്പിലാക്കി പ്രതിസന്ധി മറികടക്കാനായിരുന്നു സർക്കാർ ശ്രമം. ഗാരന്റി നൽകുന്ന പണം ബാങ്ക് പിന്നീട് ബന്ധപ്പെട്ട സ്ഥാപനത്തിന് കൈമാറും. നിക്ഷേപകൻ സഹകരണബാങ്കിൽ നൽകുന്ന ചെക്ക് പാസാക്കിയാൽ, അദ്ദേഹം നൽകുന്ന കത്തിന്റെ അടിസ്ഥാനത്തിൽ ആശുപത്രി തുടങ്ങിയ അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്ന സ്ഥാപനങ്ങൾക്കു ജില്ലാ സഹകരണബാങ്ക് ഗാരന്റി നൽകണമെന്നായിരുന്നു നിർദ്ദേശം. ഈ ഗാരന്റി സ്വീകരിക്കാൻ സ്ഥാപനങ്ങൾക്കു സർക്കാർ നിർദ്ദേശം നൽകിയാൽ മതി. പിന്നീട് ഇലക്ട്രോണിക് ട്രാൻസ്ഫർ മുഖേനയോ കറൻസി ലഭ്യമാകുന്ന മുറയ്ക്ക് അങ്ങനെയോ പണം അടയ്ക്കാം. ആദ്യം ആശുപത്രി, ഭക്ഷ്യസാധനങ്ങൾക്കുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ, സപ്ലൈകോ, മത്സ്യഫെഡ് തുടങ്ങിയവയിൽ നടപ്പാക്കും. വിജയകരമായെങ്കിൽ വ്യാപിപ്പിക്കാനായിരുന്നു പദ്ധതി. ജില്ലാ ബാങ്കുകളുടെ ശാഖകൾ വഴി പ്രൈമറി ബാങ്കുകളെയും ഇതിൽ ഭാഗഭാക്കാക്കാനായിരുന്നു ശ്രമം.

അതിനിടെ നോട്ടു പിൻവലിക്കലുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽനിന്നു സഹകരണ ബാങ്കുകൾക്ക് ഇളവുണ്ടായേക്കില്ലെന്നാണ് സൂചന കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയും നൽകുന്നു. സഹകരണ ബാങ്കുകൾക്ക് ഇളവു പാടില്ലെന്നതിൽ റിസർവ് ബാങ്ക് കടുത്ത നിലപാടിലാണ് റസർവ്വ് ബാങ്ക്. കേരളത്തിലെ സഹകരണ സംഘങ്ങളുടെ പ്രവർത്തനം സുതാര്യവും വ്യവസ്ഥാപിതവുമാണെന്നതിൽ തർക്കമില്ല. മറ്റു പല സംസ്ഥാനങ്ങളിലും ഇതല്ല സ്ഥിതി. വൻകിട രാഷ്ട്രീയ നേതാക്കളുടെ കീഴിൽ പ്രവർത്തിക്കുന്ന ഇവ റിസർവ് ബാങ്ക് വ്യവസ്ഥകൾ പാലിക്കുന്നില്ല. ഇവയ്ക്കു പണം മാറ്റി നൽകാനും നിക്ഷേപത്തിനും അനുമതി നൽകിയാൽ കള്ളപ്പണത്തിനെതിരായ നടപടി അർഥശൂന്യമാകുമെന്നാണു റിസർവ് ബാങ്കിന്റെ നിലപാട്. കേരളത്തിനു മാത്രമായി ഇളവു പ്രായോഗികമായേക്കില്ല. പിൻവലിച്ച നോട്ടുകൾ നിക്ഷേപമായി സ്വീകരിക്കാൻ ജില്ലാ സഹകരണ ബാങ്കുകൾക്കു നേരത്തെ അനുമതി നൽകിയിരുന്നു. ദുരുപയോഗപ്പെടുത്താൻ സാധ്യതയുണ്ടെന്നു കണ്ടതിനാൽ റിസർവ് ബാങ്ക് തന്നെ അനുമതി പിൻവലിക്കുകയായിരുന്നുവെന്നു.

സഹകരണബാങ്കുകളെയും നിക്ഷേപകരെയും രക്ഷിക്കാൻ ബദൽ പദ്ധതി കൊണ്ടുവരുമെന്ന് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചിട്ടുണ്ട്. സഹകരണബാങ്ക് അക്കൗണ്ടിൽ കാശുണ്ടെങ്കിലും അതെടുക്കാൻ മോദി സമ്മതിക്കുന്നില്ല. പക്ഷേ അതിന്റെ പേരിൽ ആളുകൾ പട്ടിണി കിടക്കാൻ സർക്കാർ സമ്മതിക്കില്ല. അവരുടെ വീട്ടിലെ കാര്യങ്ങൾ നടക്കും. അതിനായുള്ള പദ്ധതിയാണ് സർക്കാർ നടപ്പാക്കാനൊരുങ്ങുന്നതെന്നും മന്ത്രി പറഞ്ഞു. സഹകരണബാങ്കുകളിലെ നിക്ഷേപകരുടെ ചെക്കിന് ബാങ്ക് ഗ്യാരന്റി നൽകും. അവർക്ക് കടകളിൽനിന്നും സിവിൽ സപ്ലൈസ് സ്റ്റോറുകളിൽനിന്നും മറ്റും ചെക്ക് നൽകി സാധനം വാങ്ങാം. സഹകരിക്കാൻ താൽപര്യമുള്ള വ്യാപാരികളുമായി ചേർന്നാവും പദ്ധതി. സിവിൽ സപ്ലൈസ് സ്റ്റോറുകളിലും ബദൽ പദ്ധതി നടപ്പാക്കും. ഇക്കാര്യം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റുമാരുമായി ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞിരുന്നു. ഗാരന്റി പൊളിഞ്ഞതോടെ മറ്റ് മാർഗ്ഗങ്ങളും സംസ്ഥാന സർക്കാർ തേടുന്നുണ്ട്.

കേരള ബാങ്കിന്റെ രൂപീകരണത്തിനു സംസ്ഥാന സർക്കാരിന് പദ്ധതിയുണ്ട്. അതിനായി പഠനം നടത്താൻ ആളുകളെ നിയോഗിച്ചിട്ടുണ്ട്. അവരുടെ റിപ്പോർട്ട് വന്നതിനു ശേഷമാണ് ബാക്കി കാര്യങ്ങൾ. കേരളത്തിൽ ഇപ്പോൾ മൂന്നു തട്ട് സഹകരണ പ്രസ്ഥാനങ്ങളുണ്ട്. അതു രണ്ടു തട്ടാക്കും. പല സംസ്ഥാനങ്ങളിലും അതു രണ്ടു തട്ടേയുള്ളൂ. അതുകൊണ്ടുതന്നെ കേരളത്തിൽ നടപ്പാക്കുന്നതിനെ എതിർക്കേണ്ട കാര്യമില്ല. സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കുകളും സംയോജിപ്പിക്കും. അത് കേരളത്തിലെ ഏറ്റവും വലിയ ബാങ്കായിരിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. വാണിജ്യ ബാങ്കുകളിൽ വൻ നിക്ഷേപങ്ങൾ നടത്തിയതാരാണെന്നാണ് അന്വേഷിക്കേണ്ടത്. സാധാരണക്കാരുടെയും കർഷകത്തൊഴിലാളികളുടേതുമൊക്കെയാണ് സഹകരണ ബാങ്കുകൾ. കള്ളപ്പണം ഉപയോഗിക്കുന്നത് വാണിജ്യബാങ്കുകളുടെ നെറ്റ്‌വർക്കുകളിലൂടെയാണ്. അവിെടയാണ് അന്വേഷിക്കേണ്ടതെന്നാണ് ധനമന്ത്രി തോമസ് ഐസകിന്റെ നിലപാട്.

നിക്ഷേപകരുടെ മുഴുവൻ വിവരങ്ങളും സഹകരണ ബാങ്കുകൾ നൽകണമെന്നാണ് റിസർവ്വ് ബാങ്കിന്റെ നിലപാട്. ഇതിന് സഹകരണ പ്രസ്ഥാനങ്ങൾ ഇനിയും പൂർണ്ണ മനസ്സോടെ തയ്യാറായിട്ടില്ല. ഇത് തന്നെയാണ് റിസർവ്വ് ബാങ്കിനെ ഇപ്പോഴും ചൊടിപ്പിക്കുന്നത്.