ന്യൂഡൽഹി: ഇരുന്നൂറു രൂപയുടെ നോട്ടുകൾ റിസർവ്വ് ബാങ്ക് ഇന്ന് പുറത്തിറക്കും. മഹാത്മാഗാന്ധി സീരീസിലുള്ള നോട്ടുകളുടെ മാതൃക റിസർവ്വ് ബാങ്ക് ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്. രാജ്യത്ത് ആദ്യമായാണ് ഇരുന്നൂറു രൂപയ്ക്ക് നോട്ടുകൾ പുറത്തിറക്കുന്നത്. 66 എം എം വീതിയും 146 എംഎം നീളവുമാണ് നോട്ടിനുള്ളത്.

200 രൂപ നോട്ടുകൾ ഇന്നുമുതൽ തിരഞ്ഞെടുത്ത ബാങ്കുകൾ വഴി ലഭ്യമാകും. മഞ്ഞനിറത്തിലുള്ള നോട്ടിന്റെ ഒരുവശത്ത് മഹാത്മാഗാന്ധിയുടെ ചിത്രവും റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേലിന്റെ ഒപ്പുമുണ്ട്. മധ്യപ്രദേശിലെ പ്രാചീന ബുദ്ധമത സ്മാരകമായ സാഞ്ചി സ്തൂപത്തിന്റെ ചിത്രമാണു നോട്ടിന്റെ മറുവശത്ത്. സ്വച്ഛ് ഭാരത് ചിഹ്നവും മുദ്രാവാക്യവും ഒപ്പമുണ്ട്. കാഴ്ചപരിമിതർക്കു തിരിച്ചറിയാൻ പ്രത്യേക സംവിധാനങ്ങളുള്ള പുതിയ നോട്ടുകളുടെ മാതൃകയിലാണ് ഇതും.

കഴിഞ്ഞദിവസം പുതിയ 50 രൂപ നോട്ട് പുറത്തിറക്കിയിരുന്നു. കഴിഞ്ഞ നവംബറിൽ നോട്ട് നിരോധനം നടപ്പാക്കിയതിനെത്തുടർന്ന് ചെറിയ തുകയ്ക്കുള്ള നോട്ടുകൾക്കു ക്ഷാമമുണ്ടെന്ന പരാതിക്ക് ഇതോടെ പരിഹാരമാകുമെന്നു പ്രതീക്ഷിക്കുന്നു. 2017 മാർച്ചിലാണ് 200 രൂപ നോട്ടുകളിറക്കുന്നതുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനം എടുക്കുന്നത്. ധനമന്ത്രാലയത്തിന്റെ നിർദ്ദേശത്തെ തുടർന്നായിരുന്നു ആർബിഐയുടെ തീരുമാനം. പുതിയ നോട്ടുകളുടെ അച്ചടിക്കുള്ള ഉത്തരവ് ജൂലൈയിൽ നൽകി.

പുതിയ ഇരുന്നൂറു രൂപാ നോട്ട് പ്രാബല്യത്തിലെത്തുന്നതോടെ 100 രൂപാ നോട്ടു ക്ഷാമത്തിന് ഒരു പരിധിയോളം പരിഹാരമാകുമെന്നാണ് കണക്കു കൂട്ടുന്നത്്. അതേസമയം, 2000 രൂപയുടെ കറൻസി നിരോധനം പരിഗണനയിലില്ലെന്നു കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്‌ലി വ്യക്തമാക്കി. ചെറിയ തുകയ്ക്കുള്ള നോട്ടുകൾക്ക് ക്ഷാമമുണ്ടെന്ന പരാതിക്കു പരിഹാരമായാണ് 200 രൂപ നോട്ട് ഉടൻ അവതരിപ്പിക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചത്. കഴിഞ്ഞ ദിവസം പുതിയ 50 രൂപ നോട്ടിന്റെ മാതൃകയും ആർബിഐ പുറത്തിറക്കിയിരുന്നു.