കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത സഭാ തർക്കത്തിൽ പ്രമേയം പാസ്സാക്കി വിമത വൈദികർ. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിക്കെതിരെയാണ് പ്രമേയം പാസ്സാക്കിയത്. ബിഷപ്പ് ആന്റണി കരിയിൽ പദവി ഒഴിയണമെന്ന് വത്തിക്കാൻ പ്രതിനിധി നോട്ടീസ് നല്കിയിരുന്നു.ഇതിന് പിന്നാലെയാണ് വിമതരുടെ നീക്കം.

കഴിഞ്ഞ ദിവസം വത്തിക്കാൻ സ്ഥാനപതി ഡൽഹിയിലേക്ക് വിളിപ്പിച്ചാണ് ബിഷപ്പ് സ്ഥാനം ഒഴിയാൻ ആന്റണി കരിയിലിന് വത്തിക്കാൻ നോട്ടീസ് നൽകിയത്.എന്തിനാണ് സ്ഥാനം ഒഴിയാൻ നിർദ്ദേശിച്ചത് എന്ന കാര്യത്തിൽ ഔദ്യോഗിക വിശദീകരണം നൽകിയിരുന്നില്ല. ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ ആലഞ്ചേരി വിരുദ്ധവിഭാഗം വൈദികരെ പിന്തുണച്ചതിനാണ് ബിഷപ്പിനെതിരേ നടപടി ഉണ്ടായതെന്നാണ് സൂചന.

ബിഷപ്പ് രാജിവെച്ച് ഒഴിയണമെന്ന് വിവിധകോണുകളിൽനിന്ന് നേരത്തെ ആവശ്യമുയർന്നിരുന്നു. ഇതിനുപിന്നാലെയാണ് വത്തിക്കാൻ നേരിട്ട് ഇടപെട്ട് സ്ഥാനമൊഴിയാൻ നോട്ടീസ് നൽകിയത്.കർദിനാൾ ജോർജ്ജ് ആലഞ്ചേരിക്കെതിരെ വിവിധവിഷയങ്ങളിൽ ബിഷപ്പ് ആന്റണി കരിയിൽ സഭയ്ക്ക് വിരുദ്ധമായ നിലപാടുകൾ എടുത്തിരുന്നതായി ആക്ഷേപം ഉയർന്നിരുന്നു.കുർബാന ഏകീകരണ വിഷയത്തിൽ ഏകീകൃത കുർബാന അംഗീകരിക്കില്ലെന്ന് പരസ്യ നിലപാടും ബിഷപ്പ് ആന്റണി കരിയിൽ സ്വീകരിച്ചിരുന്നു.

നോട്ടീസിൽ എറണാകുളം അങ്കമാലി രൂപതയ്ക്ക് കീഴിലെ സ്ഥലങ്ങളിൽ താമസിക്കാൻ പാടില്ലെന്ന നിർദശവുണ്ടെന്നാണ് റിപ്പോർട്ടുകൾ.തുടർന്നാണ് കർദ്ദിനാൾ ആലഞ്ചേരിയാണ് രാജി വെക്കേണ്ടതെന്ന ആവിശ്യവുമായി വിമത വിഭാഗം രംഗത്ത് വന്നത്.അതിരൂപതയുടെ പ്രശ്‌നങ്ങൾ പരിഹാരമാണോ ബിഷപ്പിന്റെ രാജിയിലൂടെ ഉദ്ദേശിക്കുന്നതെന്നും വിമത വിഭാഗം ചോദിച്ചു.എന്തുകൊണ്ട് വത്തിക്കാനിൽ നിന്ന് രാജി ആവശ്യം വരുന്നു. വേണ്ട സമയത്ത് കൃത്യമായി തീരുമാനം എടുക്കാത്തതാണ് പ്രശ്‌നം. മാറ്റങ്ങൾ അടിച്ചേൽപ്പിക്കാനാണ് നോക്കിയത്. ഞങ്ങളോട് ഒന്നും ആലോചിച്ചില്ലെന്നും വിമതർ ആരോപിച്ചു.

സീറോ മലബാർ സഭയുടെ തലവനായ മാർ ജോർജ് ആലഞ്ചേരി രാജി വയ്ക്കണം. ജോർജ് ആലഞ്ചേരിക്കെതിരെയുള്ള കുറ്റപ്പത്രം ഇതിന് തെളിവാണ്. എല്ലാ മെത്രാന്മാരും രാജിവയ്ക്കണമെന്നും വിമത വൈദികർ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.കൂടുതൽ ചർച്ചകൾക്കായി വത്തിക്കാൻ സ്ഥാനപതി ചൊവ്വാഴ്ച എറണാകുളം ബിഷപ്പ് ഹൗസിൽ എത്തുന്നുണ്ട്. ബിഷപ്പിനെതിരായ നടപടി അംഗീകരിക്കില്ലെന്ന നിലപാടുമായി ഒരു വിഭാഗം വൈദികർ രംഗത്തെത്തിയിട്ടുണ്ട്. ഭൂമി വിൽപ്പനയും, കുർബാന ഏകീകരണവും ഉൾപ്പടെയുള്ള വിഷയങ്ങളിൽ ബിഷപ്പ് ആന്റണി കരിയിൽ സ്വീകരിച്ച നടപടികൾ വത്തിക്കാൻ എതിർപ്പിന് കാരണമായിരുന്നു.