തിരുവനന്തപുരം: പ്രളയാനന്തര പുനർനിർമ്മിതിക്കായി തയാറാക്കിയ റീബിൽഡ് കേരള അക്ഷാരാർത്ഥത്തിൽ പൊളിഞ്ഞു. പദ്ധതി നടത്തിപ്പിൽ വൻധൂർത്ത് മാത്രമാണ് നടക്കുന്നത്. ഓഫീസ് മോടിപിടിപ്പിക്കലും സമ്മേളനങ്ങൾ നടത്തുന്നതിലുമാണ് ഈ സംവിധാനത്തിന് കൂടുതൽ ശ്രദ്ധ.

7405.10 കോടിയുടെ നിർമ്മാണപ്രവർത്തനങ്ങൾക്ക് അനുമതി നൽകിയെങ്കിലും ഇതുവരെ വിവിധ പദ്ധതികൾക്കായി അനുവദിച്ചത് 460.92 കോടി രൂപ മാത്രമാണ്. ഓഫീസ് ഉപകരണങ്ങൾ വാങ്ങാൻ 50.90 ലക്ഷവും വാടകയായി 48.85 ലക്ഷവും ചെലവിട്ടു. കോൺക്ലേവ്, കൺസൽട്ടൻസി ഫീസായി 4.34 കോടിരൂപയും വിനിയോഗിച്ചു. സെക്രട്ടേറിയറ്റിനു പുറത്ത് എടുത്തിട്ടുള്ള കെട്ടിടത്തിന് 1.56 ലക്ഷം രൂപയാണ് മാസവാടക.

ലോകബാങ്കിൽനിന്ന് വികസനവായ്പയുടെ ഒന്നാംഗഡുവായി 1779.58 കോടിരൂപ റീബിൽഡ് കേരളയ്ക്ക് ലഭിച്ചിരുന്നു. എന്നാൽ, പുനർനിർമ്മാണപദ്ധതികൾക്ക് ഉദ്ദേശിച്ച ലക്ഷ്യംകൈവരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് രേഖകൾ വ്യക്തമാക്കുന്നു. പ്രളയ പുനർനിർമ്മാണം വൈകുന്നത് ഒഴിവാക്കുന്നതിനാണ് റീബിൽഡ് കേരള രൂപവത്കരിച്ചത്.

എന്നാൽ പദ്ധതി ആവിഷ്‌കരിച്ച് മൂന്നുവർഷമായിട്ടും ലോകബാങ്കിൽനിന്നു കോടികളുടെ വായ്പ ലഭിച്ചിട്ടും ഒന്നും നടക്കുന്നില്ല. പദ്ധതിയുടെ ഭാഗമായി 7405.10 കോടി രൂപയുടെ പ്രവൃത്തികൾക്കു ഭരണാനുമതി നൽകിയെങ്കിലും തുടർനടപടിയിൽ പുരോഗതിയില്ലെന്നു സെക്രട്ടേറിയറ്റിലെ ആസൂത്രണ സാമ്പത്തികാര്യവകുപ്പിൽനിന്നുള്ള വിവരാവകാശരേഖകൾ വ്യക്തമാക്കുന്നു. പലിശയ്ക്കാണ് ലോക ബാങ്കിൽ നിന്ന് പണം കടം എടുക്കുന്നത്. അതുകൊണ്ട് തന്നെ പലിശ നൽകൽ പദ്ധതിയായി ഇത് മാറും

ലോകബാങ്കിൽനിന്നു 2019 ഓഗസ്റ്റിൽ വികസനവായ്പയുടെ ഒന്നാം ഗഡുവായി 1779.58 കോടി രൂപ ലഭിച്ചെങ്കിലും പദ്ധതികൾ പലതും ഇഴയുകയാണ്. തുക വകമാറ്റിയെന്ന ആരോപണം അന്നു പ്രതിപക്ഷം ഉന്നയിച്ചിരുന്നു. പദ്ധതിക്കു 31,000 കോടി രൂപ വേണ്ടിവരുമെന്നായിരുന്നു സർക്കാർ കണക്ക്.

ഫണ്ട് കണ്ടെത്താൻ ചില വിവാദ കൺസൾട്ടൻസി കമ്പനികളെ ചുമതലപ്പെടുത്തിയതും വിവാദമായിരുന്നു. സെക്രട്ടേറിയേറ്റിനടുത്തുള്ള വിവാദകെട്ടിടത്തിൽ വാടകയ്ക്കാണു 2019 ഏപ്രിൽ 22 മുതൽ റീബിൽഡ് കേരള ആസ്ഥാനം പ്രവർത്തിക്കുന്നത്. ലോ അക്കാഡമിയിലെ ലക്ഷ്മി നായരുടേതാണ് ഈ കെട്ടിടം. ഇതിന് നികുതിയും അറ്റകുറ്റപ്പണിയുമൊഴികെ മാസവാടക 1,56,083 രൂപയാണ്.

കഴിഞ്ഞ ഏപ്രിൽ 21 മുതൽ 1,63,887 രൂപയായി ഉയർത്തുകയും ചെയ്തു. വാടകയായി ഇതുവരെ നൽകിയത് 48,85,235 രൂപ. ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങാനും കൺസൾട്ടൻസി, കോൺക്ലേവ് തുടങ്ങിയവയ്ക്കുമായി 4,34,35,393 രൂപ ചെലവഴിച്ചു.