- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കത്തോലിക്ക സഭയുടെ ആശുപത്രികളിൽ കോവിഡ് ചികിത്സയ്ക്ക് കുറഞ്ഞ നിരക്ക് മാത്രം; സഭാംഗങ്ങൾ കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം; സഭാ ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കും സർക്കുലർ പുറത്തിറക്കി കെസിബിസി
കൊച്ചി: കത്തോലിക്കാ സഭയുടെ ആശുപത്രികളിൽ കോവിഡ് ചികിത്സയ്ക്ക് കുറഞ്ഞ നിരക്ക് മാത്രമേ ഈടാക്കാൻ പാടുള്ളുവെന്ന് കെസിബിസി. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് കെസിബിസി കോവിഡ് ചികിത്സയ്ക്കായി സഭാ ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കുമായി സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.
സഭാംഗങ്ങളായ ഡോക്ടർമാരും നഴ്സുമാരുടെയും സേവനം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉറപ്പാക്കണം. രോഗവ്യാപനം തടയുന്നതിനായി സാമൂഹിക അകലം പാലിക്കുക, മാസ്‌ക്ക് ധരിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണം. എല്ലാവരും വാക്സിനെടുക്കണം. അതിനായി കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശങ്ങൾ അനുസരിച്ചുകൊണ്ട് മുന്നോട്ടു പോകണമെന്നും കെസിബിസി സർക്കുലറിൽ വ്യക്തമാക്കി.
അതേസമയം, കോവിഡ് ചികിത്സയ്ക്ക് കഴുത്തറപ്പൻ നിരക്കുകൾ ഈടാക്കുന്ന സ്വകാര്യ ആശുപത്രികൾക്ക് കടിഞ്ഞാണിടാൻ സർക്കാർ നടപടി. ചികിത്സച്ചെലവുകളുടെ നിരക്ക് ഏകീകരിച്ച് സർക്കാർ ഉത്തരവിറക്കി. ജനറൽ വാർഡിൽ പ്രതിദിനം 2,645 രൂപയാണ് നിരക്ക്. ചികിൽസയുമായി ബന്ധപ്പെട്ട എല്ലാ നിരക്കുകളും ഉൾപ്പെടും. അധികതുക ഈടാക്കിയാൽ അധിക തുകയുടെ പത്തിരട്ടി പിഴ ചുമത്തും. ആർടിപിസിആർ 500രൂപയായി തുടരും. പരാതി പരിശോധിക്കാൻ അപ്പീൽ അഥോറിറ്റി നിശ്ചയിച്ചു. ചികിൽസാ നിരക്കുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാൻ അപ്പീൽ അതോററ്റി വരും. ഡി.എം.ഒയ്ക്കും പരാതികൾ നൽകാം. ഉത്തരവ് ഇറക്കിയ വിവരം സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഉത്തരവ് വായിച്ചുകേട്ടപ്പോൾ, ബഞ്ച് പ്രഥമദൃഷ്ട്യാ സർക്കാരിനെ അഭിനന്ദനമറിയിക്കുകയും ചെയ്തു.
അതേസമയം, സ്വകാര്യ ആശുപത്രികൾക്കെതിരെ കോടതി രൂക്ഷവിമർശനവും ഉയർത്തി. നീതികരിക്കാനാകാത്തവിധം ഉയർന്ന നിരക്കാണ് ബില്ലുകൾ ഈടാക്കുന്നത്. കഞ്ഞിക്കു 1353 രൂപയും ഒരു ഡോളോ ഗുളികയ്ക്ക് 25 രൂപയും ഈടാക്കിയ ആശുപത്രികളുണ്ട്. ബില്ലുകൾ ഉയർത്തിക്കാട്ടിയാണ് കോടതി വിമർശിച്ചത്. സർക്കാർ നിശ്ചയിച്ച നിരക്കുകൾ നടപ്പാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. നിരക്കുകൾ ജനങ്ങൾക്ക് കാണാനാകും വിധം പ്രദർശിപ്പിക്കണമെന്നും കോടതി പറഞ്ഞു. അൻവർ ആശുപത്രിയിൽ അമിത ഫീസ് ഈടാക്കിയ സംഭവത്തിൽ, ഡിഎംഒയുടെ റിപ്പോർട്ട് ലഭിച്ചതായും കോടതി പറഞ്ഞു.
എന്നാൽ സ്വകാര്യ ആശുപത്രികൾ ഉത്തരവിലെ പല നിർദ്ദേശങ്ങളെയും കോടതിയിൽ എതിർത്തു. പല നിർദ്ദേശങ്ങളും പ്രായോഗികമല്ലെന്നും, സർക്കാർ തങ്ങൾക്ക് ഒരു സബ്‌സിഡിയും നൽകുന്നില്ലെന്നും ആശുപത്രികൾ വാദിച്ചു. എംഇഎസ് ആശുപത്രി, സർക്കാർ നിശ്ചയിച്ച നിരക്ക് അംഗീകരിച്ച് മുന്നോട്ട് പോകുമെന്ന് കോടതിയെ അറിയിച്ചു. നഷ്ടം സഹിക്കേണ്ടി വരുമെങ്കിലും സേവനം എന്ന നിലയിൽ ഉത്തരവ് അംഗീകരിക്കാൻ തയ്യാറാണെന്നും എംഇഎസ് വ്യക്തമാക്കി.
എന്നാൽ മഹാമാരിക്കാലത്ത് പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഇല്ലെന്ന് വ്യക്തമാക്കിയ കോടതി, ഉത്തരവ് നിലനിൽക്കുമെന്ന് നിരീക്ഷിച്ചു. കഴിഞ്ഞ നാളുകളിൽ വന്ന ഉയർന്ന തുകയുടെ ബില്ലുകൾ ലഭിച്ചവരുണ്ടെങ്കിൽ അതുമായി ഡിഎംഒയെ സമീപിച്ചാൽ അതിൽ നടപടി ഉണ്ടാവണം എന്നും കോടതി കർശനനിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യം പരിഗണിക്കാമെന്ന് സർക്കാർ കോടതിയെ അറിയിക്കുകയും ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ