- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടുജോലിക്കാരി മകളെ ഏൽപ്പിച്ച് വയനാട്ടിലേക്ക് മടങ്ങിയത് 13 കൊല്ലം മുമ്പ്; ജാനുവിന്റെ മകൾ റീഷ്മയെ പൊന്നു പോലെ നോക്കി നാസിയും സുബൈദയും; വിവാഹ പ്രായമെത്തിയപ്പോൾ വളർത്തു മകൾക്ക് വീട്ടുമുറ്റത്ത് താലികെട്ട്; കല്യാണപ്പന്തലിൽ നിലവിളക്കും നിറനാഴിയും കിണ്ടിയും; 25 പവൻ സമ്മാനവും; ഇവർ മതഭ്രാന്തന്മാർ മാതൃകയാക്കേണ്ട തലശ്ശേരിയിലെ നന്മമരങ്ങൾ
തലശ്ശേരി: നന്മമരങ്ങളാണ് എന്നും സമൂഹത്തിന് കരുത്ത്. വാടകയ്ക്ക് താമസിക്കാനെത്തിയ കുടുംബത്തെ പൊന്നു പോലെ നോക്കിയ അമ്മ. സ്വന്തം വീട്ടിൽ വാടകയ്ക്കു താമസം തുടങ്ങിയ കുടുംബം പ്രിയപ്പെട്ടവരായി മാറിയപ്പോൾ വീടും സ്ഥലവും ഇഷ്ടദാനം നൽകി സ്‌നേഹമാതൃകയായി ചന്ദ്രമതിയമ്മയെ പോലെ മറ്റൊരു കുടുംബം. ഇതാണ് സോഷ്യൽ മീഡിയിലെ പുതിയ ചർച്ച. വീട്ടിൽ സഹായിയായെത്തിയ സ്ത്രീയുടെ മകളെ സ്വന്തം മകളെപ്പോലെ വളർത്തി ഒടുവിൽ വീട്ടുമുറ്റത്ത് പന്തലിട്ട് നിലവിളക്കിനു മുന്നിൽ കല്യാണം നടത്തി മുസ്ലിം കുടുംബം.
തലശ്ശേരി മൂന്നാം റെയിൽവേ ഗേറ്റിലെ മെഹനാസിൽ ഞായറാഴ്ചയാണ് വിവാഹം നടന്നത്. വയനാട് ബാവലിയിലെ ബേബി റീഷ്മയാണ് വിവാഹിതയായത്. കരിയാട് സ്വദേശി റിനൂപാണ് വരൻ. മൂന്നാംഗേറ്റിലെ പി.ഒ. നാസിയും ഭാര്യ പി.എം. സുബൈദയും മുൻകൈയെടുത്താണ് സ്വന്തം വീട്ടുമുറ്റത്ത് പന്തലിട്ട് ഹൈന്ദവാചാരപ്രകാരം കല്യാണം നടത്തിയത്. സമാനതകളില്ലാത്ത സ്‌നേഹ മാതൃക. ചന്ദ്രമതിയമ്മയെ പോലെ ഇരുവരും വേദനിക്കുന്നവർക്ക് തണലൊരുക്കുകയാണ്. കാലം കുതിച്ച് ചാടിയിട്ടും ഇന്നും ഉറഞ്ഞ് തുള്ളുന്ന മതഭ്രാന്തന്മാരുടെ ഇടയിൽ നിന്ന് മാനവസ്നേഹത്തിന്റെ മാതൃക കൈമാറുകയാണ് തലശ്ശേരിയിലെ ഈ കുടുംബം.
റീഷ്മയുടെ അമ്മ ജാനു, സുബൈദയുടെ ചെറുമകളെ പരിചരിക്കാൻ വീട്ടിലെത്തിയതാണ്. ഇവർ പോകുമ്പോൾ റീഷ്മയെ സുബൈദയുടെ വീട്ടിലാക്കി. 13 വർഷമായി റീഷ്മയുടെ കാര്യങ്ങൾ നോക്കിയത് സുബൈദയാണ്. നാലുവർഷം സ്‌കൂളിൽ അയച്ചു. റീഷ്മയക്ക് താത്പര്യമില്ലാതതിനാൽ പഠനം തുടർന്നില്ല. വിവാഹാലോചന വന്നപ്പോൾ എവിടെവെച്ച് നടത്തുമെന്ന അഭിപ്രായം ഉയർന്നു. രജിസ്ട്രാർ ഓഫീസ്, അമ്പലം എന്നിങ്ങനെ പലയിടങ്ങൾ ആലോചിച്ചപ്പോഴാണ് വീട്ടിൽവെച്ച് കല്യാണം നടത്താൻ തീരുമാനിച്ചതെന്ന് സുബൈദയുടെ മകൾ സുനിതയുടെ ഭർത്താവ് റാഷിക് അലി പറഞ്ഞു.
വീട്ടുമുറ്റത്ത് ഒരുക്കിയ കല്യാണപ്പന്തലിൽ നിലവിളക്കും നിറനാഴിയും കിണ്ടിയും എത്തി. വധുവും വരനും മാലചാർത്തി കല്യാണം. വധുവിന് സ്വർണാഭരണങ്ങൾ നൽകിയതും സുബൈദയും കുടുംബവുമാണ്. 200 പേർ വിവാഹത്തിൽ പങ്കെടുത്തു. പങ്കെടുത്തവർക്കെല്ലാം ബിരിയാണിയും പായസവും നൽകി. അങ്ങനെ തീർത്തും വ്യത്യസ്തമായി വിവാഹം. തലശ്ശേരി- ജാതി മത ചിന്തകളുടെ വേലിക്കെട്ടുകൾക്കപ്പുറത്ത് ഉദാത്തമായ മനുഷ്യസ്നേഹത്തിന്റെ തണലിൽ വളർന്ന പെൺകുട്ടിക്കാണ് മംഗല്യസൗഭാഗ്യം.
പൗര പ്രമുഖനായ എം.സി. ബാലൻ വിവാഹ ചടങ്ങിന് കാർമികത്വം വഹിച്ചു. സ്വന്തം മകളുടെ വിവാഹം നടത്തുന്നതിന്റെ അതേ ഉത്തരവാദിത്തത്തോടെയാണ് നാസ്സിയും സുബൈദയും 25 പവന്റെ സ്വർണാഭരണങ്ങളടക്കം നൽകി റീഷ്മയെ വിവാഹം ചെയ്തയച്ചത്. വയനാട് ബാവലി സ്വദേശിനിയായ റീഷ്മയുടെ അമ്മ ജാനുവും സഹോദരൻ രാജേഷും കൊച്ചനുജത്തിയും ചടങ്ങിന് സാക്ഷിയാവാൻ മെഹനാസിലെത്തിയിരുന്നു. നേരത്തെ ജാനു ഈ വീട്ടിലെ വേലക്കാരിയായിരുന്നു. 13 വർഷം മുമ്പ് മകൾ റീഷ്മയെ വീട്ടുകാരെ ഏൽപിച്ച് അവർ പോകവുകയായിരുന്നു. പിന്നീട് റീഷ്മയെ സ്‌കൂളിലയച്ച് പഠിപ്പിക്കുകയും സ്വന്തം മകളെ പോലെ വളർത്തുകയും ചെയ്തത് നാസ്സിയും സുബൈദയുമായിരുന്നു.
വധുവിന്റെ വീടു പോലെ എല്ലാം സ്വാതന്ത്ര്യവും വരന്റെ വീട്ടുകാർക്കും ഇവിടെ നൽകി. തുടർന്ന് വൈകിട്ട് വരന്റെ വീട്ടിലേക്കും വധുവിന്റെ വീട്ടുകാരുൾപ്പെടെയുള്ളവർക്ക് വിവാഹ സൽക്കാരം ഒരുക്കിയിരുന്നു. മണിയറയിലേക്ക് ഇവരെ കൈപ്പിടിച്ച് കയറ്റിയാണ് സുബൈദയും കുടുംബവും സ്വന്തം വീട്ടിലേക്ക് മടങ്ങിയത്.
മറുനാടന് മലയാളി ബ്യൂറോ