യൂറോപ്യൻ യൂണിയൻ ഇനി എത്രകാലം കൂടി നിലനിൽക്കുമെന്ന ആശങ്ക ശക്തമാക്കിക്കൊണ്ടും യൂണിയന്റെ തകർച്ച പ്രവചിച്ച് കൊണ്ടും ഇറ്റലിയിലെ റഫറണ്ട ഫലം പുറത്ത് വന്നു. ഇതിൽ തനിക്കുണ്ടായ കനത്ത തിരിച്ചടി മാനിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി മറ്റിയോ റെൻസി രാജി വയ്ക്കാനൊരുങ്ങുകയാണ്. ഇത്തരത്തിൽ അനിശ്ചിതത്വം ശക്തമായതിനെ തുടർന്ന് യൂറോ വില കുത്തനെ ഇടിഞ്ഞ് താണിട്ടുമുണ്ട്. പരാജയത്തെ തുടർന്ന് രാജി വയ്ക്കാനായി റെൻസി പ്രസിഡന്റിന്റെ കൊട്ടാരത്തിൽ രാജി വയ്ക്കാനെത്തിയിരുന്നു. ഈ മാസം അവസാനം പാർലിമെന്റ് ക്രിട്ടിക്കൽ ബജറ്റ് ലോ പാസാക്കുന്നത് വരെ സ്ഥാനത്ത് തുടരാൻ പ്രസിഡന്റ് സെർജിയോ മറ്റാറെല്ലെ റെൻസിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇന്നലെ വൈകുന്നേരം പ്രധാനമന്ത്രിയുമായി പാലസിൽ വച്ചുള്ള കൂടിക്കാഴ്ചക്കിടെയാണ് പ്രസിഡന്റ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

സർക്കാരിന് കൂടുതൽ അധികാരം നൽകുന്ന തരത്തിൽ ഭരണഘടാ ഭേദഗതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇറ്റലിയിൽ ഞായറാഴ്ച നടത്തിയ റഫറണ്ടത്തിലാണ് പ്രധാനമന്ത്രിക്ക് പരാജയം സംഭവിച്ചിരിക്കുന്നത്. ഈ ഭേദഗതിക്ക് വേണ്ടി റെൻസി ശക്തമായി നിലകൊണ്ടിരുന്നുവെങ്കിലും അദ്ദേഹത്തിന് കനത്ത തിരിച്ചടിയുണ്ടായിരിക്കുകയാണിപ്പോൾ. കഴിഞ്ഞ ദിവസമുണ്ടായ എക്സിറ്റ് പോളിലും റെൻസി പരാജയപ്പെടുമെന്ന് തന്നെയായിരുന്നു പ്രവചിക്കപ്പെട്ടിരുന്നത്. റെൻസി അധികാരത്തിൽ നിന്നും പോകുമെന്നുറപ്പായതോടെ യൂറോപ്യൻ യൂണിയനിൽ ആകമാനം ഇന്നലെ കനത്ത അനിശ്ചിതത്വമാണുയർന്നിരിക്കുന്നത്. ഇതിനെ സമാധാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുമായി വിവിധ യൂറോപ്യൻ രാജ്യങ്ങൾ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇറ്റാലിയൻ റഫറണ്ടത്തിൽ ഗവൺമെന്റിന് തിരിച്ചടിയുണ്ടായെങ്കിലും ഇതിനെ യൂറോപ്യൻ യൂണിയൻ പ്രതിസന്ധിക്കുള്ള കാരണമായി കരുതേണ്ടെന്നാണ് ജർമനി ഇന്നലെ പ്രഖ്യാപിച്ചിരിക്കുന്നത്.

റഫറണ്ടത്തിൽ റെൻസിക്കുണ്ടായ തിരിച്ചടി ഇറ്റലിയിലെ യൂറോപ്യൻ യൂണിയൻ വിരുദ്ധ നീക്കങ്ങൾക്ക് ശക്തിപകരുമെന്നുറപ്പാണ്. ബ്രെക്സിറ്റിനെ തുടർന്നും ട്രംപ് അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നും യൂണിയനിൽ നിന്നും ഇറ്റലിയെ പുറത്തെത്തിക്കുന്നതിനുള്ള നീക്കങ്ങൾ അണിയറയിൽ ശക്തമായിരുന്നു. റഫറണ്ടത്തിൽ റെൻസി പരാജയപ്പെട്ടതോടെ ഇത്തരം നീക്കങ്ങൾ കൂടുതൽ ശക്തമാകുമെന്നുറപ്പാണ്. ഇതിനെ തുടർന്ന് ഇറ്റലി യൂറോ സോണിൽ നിന്നും പുറത്ത് പോകാനും സിംഗിൾ കറൻസിയിലേക്ക് നീങ്ങാനുമുള്ള നീക്കങ്ങൾ ശക്തിപ്പെടുമെന്നുറപ്പാണ്. റെൻസിയുടെ എതിരാളിയും യൂണിയൻ വിരുദ്ധനുമായ ബെപ്പെ ഗ്രില്ലോ ഇതിനായി ജനങ്ങളോട് ആഹ്വാനം ചെയ്ത് രംഗത്തെത്തിയയും ബ്രസൽസ് നേതൃത്വത്തിൽ ആശങ്ക ജനിപ്പിക്കുന്നുണ്ട്. ഇതോടെ ഇറ്റലി യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ട് പോകുന്നതിനുള്ള സാധ്യതയും മുമ്പില്ലാത്ത വിധം ശക്തിപ്പെട്ടിരിക്കുകയാണ്.

ഇറ്റലിയിലെ റഫറണ്ട ഫലം പുറത്ത് വന്നതിനെ തുടർന്ന് ഇന്നലെ ഡോളറിനെതിരെ യൂറോ വില കുത്തനെ ഇടിഞ്ഞ് താണിരുന്നു. യൂറോപ്യൻ യൂണിയൻ വിപണികളിലെങ്ങും കനത്ത ആശങ്ക വ്യാപിക്കുകയും ചെയ്തിരുന്നു.ഓഹരി വിപണികളും ഇടിഞ്ഞ് താണിരുന്നു. ഇതിനെ തുടർന്ന് യൂറോ 20 മാസങ്ങൾക്കിടെയുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലാണെത്തിയിരുന്നത്. ഫലമറിഞ്ഞയുടൻ യൂറോ വില ഇന്നലെ രാവിലെ ഇടിഞ്ഞ് താണുവെങ്കിലും ലഞ്ചിന് ശേഷം ഇത് മെച്ചപ്പെട്ടിരുന്നു. ഇതനുസരിച്ച് യൂറോ ഡോളറിനെതിരെ 0.5 ശതമാനം വിലവർധിച്ച് 1.0719 ഡോളറായും പൗണ്ടിനെതിരെ 0.47 ശതമാനം ഉയർന്ന് 1.1899 പൗണ്ടായും വർധിച്ചിരുന്നു. ബ്രെകിസ്റ്റിന് ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോൺ രാജിവച്ചതിന് ശേഷം വിപണിക്കുണ്ടായ ഇടിവിനെയും പ്രതിസന്ധിയെയും അനുസ്മരിപ്പിക്കുന്ന വിധത്തിലായിരുന്നു ഇന്നലെ യൂറോപ്യൻ യൂണിയൻ വിപണിയിൽ പ്രതിസന്ധി ഉടലെടുത്തിരുന്നത്.