കോഴിക്കോട്: ശാസ്ത്രം പ്രചരിപ്പിക്കേണ്ട റീജനൽ സയൻസ് സെന്ററും അന്ധവിശ്വാസ പ്രചാരണത്തിന്റെപേരിൽ വിവാദത്തിൽ. ശാസ്ത്രസത്യങ്ങളെയും ഗോളങ്ങളെയും പരിചയപ്പെടുത്തുന്ന റീജനൽ സയൻസ് സെന്ററിലെ കഴിഞ്ഞ ദിവസം നടന്ന സെമിനാറാണ് വൻ വിവാദമായത്.

'ഗോദാനം മഹാദാനം' എന്ന പേരിൽ കഴിഞ്ഞദിവസമാണ് കോഴിക്കോട് പ്ലാനറ്റേറിയം സ്ഥിതി ചെയ്യുന്ന സയൻസ് ആൻഡ് റിസർച് സെന്ററിൽ ചടങ്ങ് നടത്തിയത്. പ്ലാനറ്റേറിയം ഡയറക്ടർ വി എസ്. രാമചന്ദ്രന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങ് ശാന്തിനികേതൻ എന്ന സ്ഥാപനമാണ് നടത്തിയത്. വേങ്ങേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ശാന്തിനികേതൻ ധ്യാനവും യോഗയുമടക്കമുള്ളവ പരിശീലിപ്പിക്കുന്ന സ്ഥാപനമാണ്.

ചടങ്ങിൽ പ്ലാനറ്റേറിയം ഡയറക്ടറുടെ സാന്നിധ്യത്തിൽ ഗോദാനവും നടത്തിയിരുന്നു. ഗോമൂത്രത്തിന്റെ മാഹാത്മ്യവും സംഘാടകർ പ്രചരിപ്പിച്ചിരുന്നു. ചൊറി മുതൽ അർബുദം വരെ മാറ്റിയെടുക്കാൻ ഗോമൂത്രം ഔഷധമാണെന്നാണ് പ്രചാരണം. പ്രമുഖ സിനിമാ നടന്മാരുടെ സൗന്ദര്യത്തിനും ചുറുചുറുക്കിനും കാരണം ഗോമൂത്രം സേവിക്കുന്നതാണത്രെ. വിപണിയിലുള്ള ഫേസ് ക്രീമുകളിൽ ഗോമൂത്ര സാന്നിധ്യമുണ്ടെന്നും പരിപാടിയുടെ നോട്ടീസിലുണ്ടായിരുന്നു.

ഉഗ്രവിഷബാധ വരെ മാറാൻ ഇവ അത്യുത്തമമണെന്നും സംഘാടകർ അവകാശപ്പെടുന്നു. ഒരു മില്ലിഗ്രാം ചാണകത്തിൽ മൂന്നുകോടി സൂക്ഷ്മാണുക്കളുണ്ടെന്ന് ചാണകം ഉണക്കി കത്തിച്ച് ഭസ്മമാക്കി േദഹത്ത് പൂശിയാൽ ഉണർവ് ലഭിക്കുമെന്നും അവകാശപ്പെട്ടായിരുന്നു ഗോദാനം മഹാദാനം പരിപാടി. പ്രകൃതിയിലേക്ക് മടങ്ങാൻ സമയമായെന്നായിരുന്നു ചടങ്ങിൽ പ്ലാനറ്റേറിയം ഡയറക്ടർ വി എസ്. രാമചന്ദ്രൻ അഭിപ്രായപ്പെട്ടത്.

കേന്ദ്ര സർക്കാറിന്റെ നാഷനൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയത്തിന്റെ കീഴിലാണ് റീജനൽ സയൻസ് സെന്ററും പ്ലാനറ്റേറിയവും പ്രവർത്തിക്കുന്നത്. ചടങ്ങിനെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത് രംഗത്തെത്തിയിട്ടുണ്ട്. ശാസ്ത്രവുമായി ബന്ധമില്ലാത്തതും കേവല വിശ്വാസങ്ങൾ മാത്രമായതുമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള വേദിയാക്കിയത് അത്യന്തം പ്രതിഷേധാർഹമാണെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് അശോകൻ ഇളവനിയും സെക്രട്ടറി എ.പി. പ്രേമാനന്ദും പറഞ്ഞു.

കന്നുകാലി വളർത്തലിന്റെ സാമ്പത്തികവും പരിസ്ഥിതിപരവുമായ കാര്യങ്ങളിൽ ഏവരും തൽപരരാണ്. എന്നാൽ, അതിനെ വർഗീയ പ്രചാരണത്തിനും കേവല വിശ്വാസങ്ങളെ അടിച്ചേൽപിക്കുന്നതിനുമുള്ള ഉപാധിയാക്കാനുള്ള ശ്രമങ്ങൾ റീജനൽ സയൻസ് സെന്റർപോലുള്ള ശാസ്ത്ര സ്ഥാപനത്തിന്റെ വിശ്വാസ്യത തകർക്കാനേ ഇടയാക്കൂ. എല്ലാതരം ദാനധർമങ്ങളും മഹത്തരമായ കാര്യങ്ങളാണ്. അതിൽനിന്ന് വ്യത്യസ്തമായതൊന്നും ഗോദാനത്തിനില്ല.

അതുപോലെ ഗോമൂത്രത്തിന് അത്ഭുതസിദ്ധികളുണ്ട് എന്നതും ശാസ്ത്രദൃഷ്ട്യാ അംഗീകരിക്കപ്പെട്ടതല്ലെന്നും പരിഷത്ത് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.