മലപ്പുറം: നിലമ്പൂർ പോത്തുകല്ലിൽ അമ്മയും മൂന്ന് മക്കളും മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് മരണപ്പെട്ട രഹ്നയുടെ കുടുംബം രംഗത്ത്.രഹ്നയുടെ പിതാവ് രാജനാണ് മകളുടെയും പേരക്കുട്ടികളുടെയും മരണത്തിൽ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മക്കളെ കെട്ടിത്തൂക്കാൻ രഹ്നക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മകളെ ഒഴിവാക്കി വേറെ വിവാഹം കഴിക്കാൻ മരുമകൻ കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണ്. തന്റെ നാല് ജീവനുകളാണ് നഷ്ടപ്പെട്ടത് ഇനിയൊരച്ഛനും ഈ അവസ്ഥ ഉണ്ടാകരുതെന്നും രാജൻ പറയുന്നു. മരണപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജിൽ എത്തിയതായിരുന്നു അദ്ദേഹം.

പോത്തുകല്ല് കുട്ടംകുളത്തെ നാട്ടുകാരും ഇവരുടെ മരണത്തിൽ ദുരൂഹത ആരോപിക്കുന്നുണ്ട്. കണ്ണൂർ ഇരിക്കൂറിൽ ടാപ്പിങ് തൊഴിലാളിയായ രഹ്നയുടെ ഭർത്താവ് ഇടക്കിടക്ക് വരുമ്പോഴെല്ലാം വഴക്കുണ്ടാകാറുണ്ടെന്ന് അയൽവാസികളും പറയുന്നു. മാത്രവുമല്ല മൂന്ന് മക്കളെ കെട്ടിത്തൂക്കി മരിക്കാൻ രഹ്നക്ക് കഴിയില്ലെന്നാണ് നാട്ടുകാരും വിശ്വസിക്കുന്നത് അങ്ങനെ വിശ്വസിക്കാനുള്ള പ്രധാന കാരണം മൂത്തമകന്റെ ഭാരമാണ്.

45 കിലോ ഭാരമുണ്ട് മരണപ്പെട്ട രഹ്നയുടെ മൂത്ത മകന്. രഹ്നക്ക് തനിച്ച് ഇത്രയും ഭാരമുള്ള മകനെ കെട്ടിത്തൂക്കാൻ കഴിയില്ല. കഴിഞ്ഞ മൂന്ന് വർഷത്തോളം രഹ്നയുമായി ഭർത്താവ് ബിനീഷ് നല്ല ബന്ധത്തിലല്ല. രഹ്നയെ ഒഴിവാക്കാനായി ബിനീഷ് പല തവണ ശ്രമിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ ഈ ദുരന്തമുണ്ടായത്. രഹ്നയെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കുന്നതിനെ കുറിച്ച് ബിനീഷ് ആലോചിച്ചിരുന്നതായി അയൽവാസികളടക്കമുള്ള നാട്ടുകാർ പറയുന്നു.

ഇന്നലെ രാവിലെയാണ് നിലമ്പൂർ പോത്തുകല്ല് പഞ്ചായത്തിലെ ഞെട്ടിക്കുളം ഭൂദാനം തുടിമുട്ടി മുതുപുരേടത്ത് ബിനേഷ് ശ്രീധരന്റെ ഭാര്യ രഹ്ന (35), മക്കളായ ആദിത്യൻ (12), അനന്തു (11), അർജുൻ (8) എന്നിവരെ ഇവർ താമസിക്കുന്ന താമസിക്കുന്ന വാടകവീടിന്റെ വരാന്തയിൽ കെട്ടിത്തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. മാസങ്ങൾക്ക് മുമ്പാണ് ഇവർ ഇവിടേക്ക് താമസം മാറി വന്നത്. കണ്ണൂർ ജില്ലയിലെ ഇരിക്കൂറിൽ ടാപ്പിങ് ജോലി ചെയ്യുന്ന ബിനീഷ് നവംബർ മൂന്നിനാണ് അവസാനമായി വീട്ടിൽ വന്നുപോയത്.

രാവിലെ ബിനീഷ് രഹ്നയെ വിളിച്ചിരുന്നതായും ഫോണിൽ കിട്ടാത്തതിനെ തുടർന്ന് അയൽവാസിയോട് വിളിച്ച് പോയി നോക്കാൻ പറയുകയുമായിരുന്നു. അന്വേഷിച്ചെത്തിയ അയൽവാസിയാണ് നാല് പേരെയും മരിച്ച നലയിൽ കണ്ടത്. കുടുംബ വഴക്കു കാരണമുള്ള ആത്മഹ്യയാണെന്ന പ്രാഥമിക നിഗമനത്തിലായിരുന്നു ഇതുവരെ പൊലീസ് ഉണ്ടായിരുന്നത്. എന്നാൽ കുടുംബം പരാതിയുമായി രംഗത്തെത്തിയ സാഹചര്യത്തിൽ സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും രഹ്നയുടെ ഭർത്തവ് ബിനീഷിനെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുമുണ്ടെന്നാണ് പൊലീസ് പറയുന്നത്.