പത്തനംതിട്ട: മതനിന്ദ കുറ്റം ആരോപിച്ച് അറസ്റ്റു ചെയ്ത രഹ്ന ഫാത്തിമയെ പത്തനംതിട്ട പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചപ്പോൾ കൂക്കിവിളിച്ച് നാട്ടുകാർ. മാളികപ്പുരത്തമ്മയെന്ന് വിളിച്ചാണ് നാട്ടുകാർ കൂക്കി വിളിച്ചത്. കന്നി മാളികപ്പുറമേ, ശരണമയ്യാപ്പാ. എന്നുള്ള വിളികളാണ് ഉണ്ടായത്. നാണമുണ്ടോടീ.. എന്ന് ആക്രോശിച്ചു കൊണ്ടും ആൾക്കൂട്ടം രംഗത്തെത്തി. കൊച്ചിയിൽ നിന്നും അറസ്റ്റു ചെയ്ത രഹ്നയെ വൈകുന്നേരത്തോടെയാണ് പത്തനംതിട്ട പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചത്. ഇതോടെയാണ് വിമർശനം ഉയർന്നത്. കൂക്കിവിളിച്ചവരെ വിമർശിച്ചു കൊണ്ടും യുവതി രംഗത്തെത്തി. മാധ്യമങ്ങളോട് സംസാരിച്ച രഹ്ന ഫാത്തിമ എന്താണ് അവർ ചെയ്യുന്നതെന്ന് അവർക്ക് അറിയില്ലെന്നും അവർ കുറയ്ക്കുകയാണെന്നും അത് അവരുടെ സംസ്‌ക്കാരമാണെന്നും പറഞ്ഞു.

ഒരു സ്ത്രീയുടെ കാലു കണ്ടാൽ തീരാവുന്ന മതവികാരം മാത്രമേ അവർക്കൂള്ളൂ. ആ ബ്രഹ്മചര്യമേ അവർക്കുള്ളൂവെന്ന് അവർതന്നെ തെളിയിച്ചിരിക്കയാണെന്നും രഹ്ന പ്രതികരിച്ചു. തനിക്കെതിരായ കേസുമായി ബന്ധപ്പെട്ട കോടതി നടപടികൾ തുടരുകയായിരുന്നു. അതിനിടെയാണ് അറസ്റ്റു ചെയ്തത്. ഒരു അറിയിപ്പും ഇല്ലാതെയാണ് പൊലീസ് നടപടിയെന്നും രഹ്ന കുറ്റപ്പെടുത്തി.

താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കോടതിയിൽ ഇക്കാര്യം തെളിയിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും രഹ്ന പറഞ്ഞു. ഇതിന് വേണ്ടിയുള്ള കോടതി നടപടികളുമായി മുന്നോട്ടു പോകുന്നു. എവിടെയും ഓടിപ്പോകാതെ എറണാകുളത്തു കഴിയുകയാണ് താൻ. എറണാകുളത്ത് തന്നെയാണ് ജനിച്ചു വളർന്നത് എവിടെയും ഓടിപ്പോകാതെ കുടുംബമായി താമസിക്കാകയാണ് താൻ. പൊലീസ് വിളിച്ചാൽ പോലും സ്‌റ്റേഷനിൽ വരുന്ന ആളാണ് താൻ. എന്നിട്ടും ഒരു അറിയിപ്പു പോലും ഇല്ലാതെയാണ് ഓഫീസ് ടൈമിലെത്തി പൊലീസ് നടപടിയെന്നും രഹ്ന കുറ്റപ്പെടുത്തി.

അത്രവലിയ ഭീകര കുറ്റമൊന്നും താൻ ചെയ്തിട്ടില്ലെന്നും മറ്റുള്ളവരുടെ കണ്ണിലാണ് താൻ കുറ്റവാളിയെന്നും തനിക്ക് തെറ്റ് ചെയ്തതായി തോന്നുന്നില്ലെന്നും അവർ വ്യക്തമാക്കി. മറ്റുള്ളവരുടെ കണ്ണിൽ കാമം തോന്നിയത് എന്റെ പ്രശ്‌നമല്ല. ഞാനൊരു ഫോട്ടോ ഇട്ടതിൽ എന്റെ കാല് കണ്ടു എന്നത് മാത്രമാണ് എനിക്കെതിരായ കുറ്റം എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. ആവിഷ്‌ക്കാര സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്. എന്റെ ശരീരമാണ് എന്റെ ടൂൾ. നിയമത്തിന്റെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുമെന്ന് തന്നെയാണ് എനിക്ക് വിശ്വാസമുള്ളത്.

നിലവിലുള്ള കേസിൽ ഹൈക്കോടതിയിൽ തെറ്റിദ്ധരിക്കപ്പെട്ടോ എന്ന് സംശയമുണ്ട്. കാര്യങ്ങൾ കൃത്യമായി അവതരിപ്പിക്കാത്തതു കൊണ്ടാണ് ആ ജാമ്യാപേക്ഷ തള്ളിയതെന്നാണ് വിശ്വാസമെന്നും രഹ്ന ഫാത്തിമ അഭിപ്രായപ്പെട്ടു. ഫോട്ടോസിൽ മാത്രമേ ചെയ്തിട്ടുള്ളൂ എന്നാണ് കരുതുന്നത്. ഒരു പോസ്റ്റ് കണ്ടില്ല എന്നൊക്കെയാണ് ഹൈക്കോടതിയുടെ വാദം. വിശദമായി പരിശോധിച്ചിട്ടില്ല എന്നു മാത്രമേ എനിക്ക് പറയാൻ സാധിക്കൂവെന്നും അവർ പ്രതികരിച്ചു. എപ്പോളും പ്രതികരിക്കുന്ന സ്ത്രീകളെ നിശബ്ദരാക്കാൻ ശ്രമങ്ങൾ നടക്കാറുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ബിഎസ്എൻഎൽ ജോലിയിൽ നിന്നും സസ്‌പെന്റ് ചെയ്തതിനെ കുറിച്ച് രഹ്ന പ്രതികരിച്ചു.

കഴിഞ്ഞ പതിനാറാം തിയതി ഹൈക്കോടതി വ്യക്തമായ നിലപാടോടെ രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളുകയും അവർക്കെതിരേ അന്വേഷണമടക്കം നടത്തണമെന്നും നിർദ്ദേശിച്ചിരുന്നു. രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളുമ്പോൾ അവരുടെ കമ്പ്യൂട്ടറടക്കം റിക്കവർ ചെയ്യണമെന്നും മതസ്പർദ്ധ വളർത്തും വിധം ഫേസ്‌ബുക്കിലിട്ട പോസ്റ്റിൽ അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് പൊലീസ് അറസ്റ്റു നടപടികളിലേക്ക് കടന്നത്.