കോട്ടയം: ആക്ടിവിസ്റ്റും നടിയും മോഡലുമായ രഹ്ന ഫാത്തിമ മലകയറാൻ എത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തീരുന്നില്ല. പേരയ്ക്കയും ഓറഞ്ചും ഇരുമുടികെട്ടിൽ നിറച്ചാണ് രഹ്ന മലകയറിയതെന്ന് പൊലീസ് വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെ തിരിച്ചിറങ്ങുമ്പോൾ രഹ്നയുടെ ഇരുമുടി കെട്ട് ഐജി ശ്രീജിത്തിനെ ഏൽപ്പിച്ചെന്ന വെളിപ്പെടുത്തലും ചർച്ചയായി. ബി എസ് എൻ എൽ രഹ്നയ്ക്കെതിരെ ഉദ്യോഗസ്ഥതല അന്വേഷണം തുടങ്ങിയതും ചർച്ചയായി. അങ്ങനെ രഹ്നയുടെ മലകയറ്റത്തിലെ വിവാദം തുടരുകയാണ്.

രഹ്ന ശബരിമലയിലെത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ആരോപണം. വിശ്വാസികൾ ഏറെ പ്രതിഷേധവും ഉയർത്തി. കിസ് ഓഫ് ലൗ സമര നായികയും വത്താക്ക സമരത്തിലൂടെ സാമൂഹിക ഇടപെടലിന് പുതിയ മാനം നൽകിയ ആക്ടിവിസ്റ്റുമാണ് രഹ്ന. പുലികളിയിലെ പ്രത്യക്ഷപ്പെടലും ചർച്ചയായി. ഇതിനിടെയാണ് ശബരിമലയിൽ സ്ത്രീ പ്രവേശന വിധി നടപ്പാകുന്നുവെന്ന് ഉറപ്പിക്കാനുള്ള രഹ്നയുടെ ദൗത്യം പരാജയപ്പെടുന്നത്. അതിനിടെ രഹ്ന ശബരിമലയിൽ പ്രവേശിക്കാനെത്തിയത് കൃത്യമായ ഗൂഢാലോചനയോടെ ആണെന്ന ആരോപണമാണ് മംഗളം പത്രത്തിന്റെ ഓൺലൈൻ എഡിഷൻ ആരോപിച്ചത്. എന്നാൽ തീർത്തും അപ്രതീക്ഷിതമായി വാർത്ത പിൻവലിക്കുകയും ചെയ്തു.

വാഗമണ്ണിൽ മൂന്നു ദിവസം നീണ്ടു നിന്ന രഹസ്യ ഡേറ്റിങ് പാർട്ടിയിൽ മദ്യവും ലഹരിയും മാംസവും അടക്കം ഉപയോഗിച്ച്, പുരുഷ സുഹൃത്തുക്കൾക്കൊപ്പം നൃത്തം ചെയ്ത ശേഷമാണ് രഹന ഫാത്തിമ കഴിഞ്ഞ 19 ന് മലകയറാൻ സന്നിധാനത്ത് എത്തിയതെന്നാണ് മംഗളം ഓൺലൈൻ റിപ്പോർട്ട് ചെയ്തത്. ഈ പാർട്ടിയുടെ ചിത്രങ്ങളെന്ന അവകാശവുമായി ചില പടങ്ങളും മംഗളം പുറത്തു വിട്ടിരുന്നു. വാഗമണ്ണിൽ നടന്ന ഈ പാർട്ടിയിലാണ് രഹന മലയ്ക്ക് പോകുന്ന തീയതി സംബന്ധിച്ച് തീരുമാനമായത്. രഹനയ്‌ക്കൊപ്പം മലകയറാൻ നൂറിലേറെ ആക്ടിവിസ്റ്റുകളായ യുവതികളും ഇവിടുണ്ടായിരുന്നുവെന്നായിരുന്നു വാർത്ത. എന്നാൽ ഇത് പിന്നീട് മംഗളം പിൻവലിക്കുകയും ചെയ്തു. രഹ്നയുടെ യൂട്യൂബിൽ പ്രചരിപ്പിച്ച വീഡിയോയും വാർത്തയ്‌ക്കൊപ്പമുണ്ടായിരുന്നു,

ഗുരുതര ആരോപണങ്ങളാണ് രഹ്നയ്‌ക്കെതിരെ മംഗളം ഉന്നയിച്ചിരുന്നത്. ഈ ക്യാമ്പിലെത്തിയവരെല്ലാം ആദ്യ ദിനം തന്നെ സന്നിധാനത്തേയ്ക്ക് പോകാൻ തയ്യാറെടുത്തിരുന്നെങ്കിലും, രഹന പോയി എത്തിയ ശേഷമുണ്ടാകുന്ന പ്രത്യാഘാതം അറിഞ്ഞശേഷം മതി ബാക്കിയുള്ള നടപടികളെന്നായിരുന്നു തീരുമാനമെന്നും മംഗളം വിശദീകരിച്ചു. ആക്ടിവിസ്റ്റുകളുടെ രഹസ്യഗ്രൂപ്പായ ഡേറ്റിങ് എ കളർഫുള് ഡിലൈറ്റ് എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ 13 മുതൽ 16 വരെ വാഗമണ്ണിലെ രഹസ്യ സങ്കേതത്തിൽ ഡേറ്റിങ് കൂട്ടായ്മ സംഘടിപ്പിച്ചതെന്നായിരുന്നു മംഗളം കുറിച്ചത്.

വനിതാ ആക്ടിവിസ്റ്റുകളും യുവാക്കളും അടങ്ങുന്ന അഞ്ഞൂറിലേറെ ആളുകളാണ് രഹസ്യ ഗ്രൂപ്പിൽ ഉള്ളത്. ഈ ഗ്രൂപ്പിൽ ആക്ടിവിസ്റ്റുകൾക്കും, ഇത്തരം കൂട്ടായ്മയിൽ അംഗമായവർക്കും മാത്രമാണ് പ്രവേശനം. ഫേസ്‌ബുക്കിലെ മറ്റ് ആളുകൾക്ക് ഈ ഗ്രൂപ്പ് കാണാമെങ്കിലും, ഈ ഗ്രൂപ്പിന്റെ ചർച്ചകളിൽ പങ്കെടുക്കാനോ പോസ്റ്റ് കാണാനോ സാധിക്കില്ല. ഈ ചിത്രത്തിന്റേയും വീഡിയോയുടേയും ആധികാരികത പൊലീസ് പരിശോധിച്ചു. അതിന് ശേഷമേ ആരോപണത്തിൽ വ്യക്തതയില്ലെന്നാണ് പൊലീസ് തിരിച്ചറിഞ്ഞത്. വെറുമൊരു ആരോപണമാത്രമാണ് ഇതെന്നും തെളിഞ്ഞു. ഇതോടെയാണ് വാർത്ത മംഗളം പിൻവലിച്ചതെന്നാണ് സൂചന. മുമ്പേങ്ങോ നടന്ന പാർട്ടിയുടെ ചിത്രങ്ങളാണ് പ്രചരിക്കുന്നതെന്നാണ് സൂചന.

കോടതി വിധി നടപ്പിലാക്കി യുവതികൾക്ക് മലകയറാൻ അവസരം ഒരുക്കുമെന്ന സർക്കാർ പ്രഖ്യാപനം കണ്ടാണ് മല കയറാനായുള്ള ആഗ്രഹം അറിയിച്ചതെന്ന് രഹ്ന ഫാത്തിമ വിശദീകരിച്ചിരുന്നു. സുപ്രീം കോടതി വിധി വന്നതോടെയാണ് അദ്വൈത സിദ്ധാന്തത്തിൽ ആകൃഷ്ട ആയിരുന്ന താൻ ശബരിമലയിൽ പോകാൻ തീരുമാനിച്ചത്. യുവതികൾക്ക് മലകയറാൻ അവസരം ഒരുക്കും എന്ന സർക്കാർ പ്രഖ്യാപനം കൂടി കണ്ടപ്പോൾ ശബരിമല സുരക്ഷാ ചുമതല ഉള്ള കളക്ടറേയും പൊലീസ് ഉദ്യോഗസ്ഥനെയും വിളിച്ചും മെസേജ് ചെയ്യുകയും ചെയ്തു. പമ്പയിൽ എത്തിയാൽ മതി അവിടം മുതൽ സുരക്ഷ കിട്ടും എന്നു ഉറപ്പാണ് ലഭിച്ചത്. തുടർന്ന് കെട്ടുനിറച്ചു മാലയിട്ട് പമ്പയിൽ വെളുപ്പിന് 1.30ഓടെ എത്തുകയും പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തു.

എന്നാൽ സുരക്ഷ ഒരുക്കാൻ ഫോഴ്‌സ് കുറവായതിനാൽ രാവിലെ ആറ് മണിവരെ അവിടെ വെയിറ്റ് ചെയ്യാൻ പൊലീസ് ആവശ്യപ്പെട്ടു. പിന്നീട് പൊലീസ് സുരക്ഷയിൽ എത്തിയ തന്നെ സുരക്ഷിത ആയി സന്നിധാനത്തും തിരിച്ചു വീട്ടിലും എത്തിക്കുകയായിരുന്നെന്നും രഹ്ന ഫാത്തിമ വിശദീകരിച്ചിരുന്നു.