പമ്പ: ഇന്ന് രാവിലെ ആറു മണിയോടെയാണ് യുവതീ പ്രവേശനം ശബരിമലയിൽ വീണ്ടും ചർച്ചയായത്. ഹൈദരാബാദിൽ നിന്നുള്ള മാധ്യമ പ്രവർത്തക കവിതയാണ് ശബരിമലയിലേക്ക് പോകുന്നതെന്നും അറിയിച്ചു. പമ്പയിൽ ആത്മവിശ്വാസത്തോടെ ഫോൺ ചെയ്ത് നിൽക്കുന്ന യുവതിയുടെ ചിത്രവും മാധ്യമങ്ങൾ കിട്ടി. ആറരയോടെ മല ചവിട്ടാനും തുടങ്ങി. ഇതിനിടെയാണ് 200 ഓളം പൊലീസുകാർക്ക് നടുവിൽ ഇരുമുടി കെട്ടുമായി മലചവിട്ടുന്ന യുവതിയേയും മാധ്യമങ്ങൾ ശ്രദ്ധിച്ചത്. കോഴിക്കോട് നിന്ന് മാലയിട്ട് വൃതം നോറ്റെത്തിയ സൂര്യയാകും യുവതിയെന്നും സൂചനകൾ പുറത്തുവന്നു. ഇതിനിടെയാണ് മറുനാടൻ മലയാളി ആ രഹസ്യം കണ്ടെത്തിയത്. കിസ് ഓഫ് ലൗവിലൂടെ മലയാളികൾക്കിടയിൽ വിവാദ നായികയായ തണ്ണിമത്തൻ കൊണ്ട് മാറി മറച്ച രഹ്നാ ഫാത്തിമായണ് പൊലീസ് സന്നിധാനത്തുകൊണ്ടു പോകുന്നതെന്ന് ഇതോടെ പുറംലോകമറിഞ്ഞു.

രഹ്നാ ഫാത്തിമയെ മലയാളിക്കെല്ലാം അറിയാം. താൻ രഹ്നയാണെന്ന് പറഞ്ഞ് തന്നെയാണ് മല ചവിട്ടാൻ പൊലീസിന് മുമ്പിൽ അവരും എത്തിയത്. ശബരിമയിൽ ആർക്കും പോകാമെന്നും അവിടെ ജാതിമത ചിന്തകളില്ലെന്നും ഈ ഘട്ടത്തിൽ സർക്കാർ നിലപാട് എടുത്തു. ഇതോടെ ആരും അറിയാതെ രഹ്നയെ സന്നിധാനത്ത് എത്തിക്കാനും നീക്കം നടത്തി. ആരും അറിയരുതെന്നും ബാക്കിയെല്ലാം പിന്നീട് തീരുമാനിക്കാമെന്നുമായിരുന്നു പമ്പയിലെ പൊലീസിന് കിട്ടിയ നിർദ്ദേശം. സുരക്ഷയൊരുക്കാൻ ഐജിയും പോണമെന്ന് നിർദ്ദേശിച്ചു. ഇതോടെ രഹ്നാ ഫാത്തിമയേയും കൊണ്ട് ശ്രീജിത്ത് മല ചവിട്ടി. മാധ്യമ പ്രവർത്തകയുടെ വിവരങ്ങൾ പങ്കുവച്ച ഐജിയും രഹ്നയുടെ പേര് ആരോടും പറയാതിരിക്കാൻ ശ്രദ്ധിച്ചു. ഏഷ്യാനെറ്റും മാതൃഭൂമിയും മനോരമയും കൊച്ചിക്കാരിയാണ് മല ചവിട്ടുന്നതെന്നും പറഞ്ഞു. ഇതിനിടെ മറുനാടൻ വാർത്ത നൽകി. രഹ്നാ ഫാത്തിയമാണ് എത്തുന്നതെന്ന് അറിഞ്ഞതോടെ വിശ്വാസികൾ സന്നിധാനത്ത് ഒത്തുകൂടി.

ഇവരെ തടയാൻ പൊലീസിനായില്ല. ഒപ്പമുള്ളത് ആക്ടിവിസ്റ്റാണെന്നും വിശ്വാസികൾ തിരിച്ചറിഞ്ഞു. ഇതോടെ നടപന്തലിൽ വിശ്വാസികൾ കിടന്നു. അയ്യപ്പ മന്ത്രങ്ങൾ ഉയർന്നു. ആരും തെറി വിളിച്ചില്ല. ഇതോടെ പൊലീസ് വെട്ടിലായി. നടപന്തലിൽ എത്തിയതോടെ ശ്രീജിത്തിനും കാര്യങ്ങൾ മനസ്സിലായി. അയ്യപ്പഭക്തരെ അനുനയിപ്പിച്ച ശേഷം മുമ്പോട്ട് പോകാൻ ശ്രമിച്ചു. എന്നാൽ എതിർപ്പ് ശക്തമാണെന്ന് വന്നതോടെ കാര്യങ്ങൾ സർക്കാരിനെ അറിയിച്ചു. രഹ്നാ ഫാത്തിമയെ പതിനെട്ടാംപടി കയറ്റിക്കുന്നത് കേരളത്തിൽ കലാപമായി മാറുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയും തിരിച്ചറിഞ്ഞു. സംസ്ഥാനത്തുടനീളം പ്രശ്‌നങ്ങൾ രൂക്ഷമാകുമെന്നും വ്യക്തമായി. ഇതോടെ രഹ്നയെ മുമ്പോട്ട് കൊണ്ടു പോകേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു. വിവരം ഐജിക്ക് കൈമാറുകയും ചെയ്തു.

പ്രതിഷേധം അവസാനിപ്പിക്കണമെന്നും പൊലീസ് ബലപ്രയോഗത്തിനില്ലെന്നും ഐജി ശ്രീജിത്ത് ഭക്തരോട് പറഞ്ഞുവെങ്കിലും പ്രതിഷേധക്കാർ കൂട്ടാക്കിയില്ല. ഇതേത്തുടർന്ന് ഐജി ശ്രീജിത്ത് നടപ്പന്തലിൽ നിന്ന് പിന്മാറി. പൊലീസ് മേധാവിയുമായി ആശയവിനിമയം നടത്താനാണ് അദ്ദേഹം പിൻവാങ്ങിയത്. അതേസമയം യുവതികൾ പതിനെട്ടാം പടി ചവുട്ടിയാൽ ക്ഷേത്രം പൂട്ടി താക്കോൽ പന്തളം കൊട്ടാരത്തെ ഏൽപിക്കണമെന്ന് പന്തളം കൊട്ടാരം നിർവാഹകസമിതി സെക്രട്ടറി പി എൻ നാരായണ വർമ തന്ത്രിയോട് ആവശ്യപ്പെട്ടു. ഇതിനിടെ ശബരിമലയിലെത്തിയത് രണ്ട് ആക്ടിവിസ്റ്റുകളാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള കേന്ദ്രമല്ല ശബരിമല. അവരെ കൊണ്ടുപോകുന്നതിന് മുമ്പ് അവരുടെ പശ്ചാത്തലം പൊലീസ് പരിശോധിക്കേണ്ടതായിരുന്നുവെന്നം മന്ത്രി ചൂണ്ടിക്കാട്ടി.

ആന്ധ്രാപ്രദേശിൽ നിന്നെത്തിയ കവിത ജക്കാല എന്ന മാധ്യമപ്രവർത്തകയും മലയാളിയായ രഹ്ന ഫാത്തിയുമാണ് പുലർച്ചെ 6.50 ഓടെ പമ്പയിൽ നിന്ന് നീലിമല വഴി സന്നിധാനത്തേക്ക് പുറപ്പെട്ടത്. മോജോ ടിവി എന്ന തെലുങ്ക് ചാനലിന്റെ റിപ്പോർട്ടർ കവിതയാണ് മാധ്യമപ്രവർത്തക. എറണാകുളത്തുള്ള ബി.എസ്.എൻ.എൽ ജീവനക്കാരിയാണ് രഹ്ന ഫാത്തിമ. കവിത പൊലീസ് വേഷത്തിലാണ് യാത്ര ചെയ്തത്. പൊലീസ് ഉപയോഗിക്കുന്ന ഹെൽമറ്റും ജാക്കറ്റും മറ്റ് വേഷവിധാനങ്ങളും അണിഞ്ഞ് നൂറിലധികം പൊലീസുകാരുടെ വലയത്തിലാണ് സന്നിധാനത്തേക്ക് പോയത്. കറുപ്പണിഞ്ഞ് ഇരുമുടിക്കെട്ടുമേന്തിയായിരുന്നു രഹ്ന. രഹ്നയും ഹെൽമറ്റ് ഉപയോഗിച്ചിട്ടുണ്ടായിരുന്നു.

വ്യാഴാഴ്ച രാത്രിയാണ് ജോലിസംബന്ധമായ ആവശ്യത്തിന് തനിക്ക് ശബരിമലയിൽ പോകണമെന്നും സുരക്ഷ നൽകണമെന്നും ആവശ്യപ്പെട്ട് കവിത പൊലീസിനെ സമീപിച്ചത്. ഐജി ശ്രീജിത്ത് അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ഇവർ കൂടിക്കാഴ്ച നടത്തിയിരുന്നു എന്നാൽ രാത്രി സുരക്ഷ ഒരുക്കുന്നത് ബുദ്ധിമുട്ടാണെന്നും രാവിലെ യുവതി തയ്യാറാണെങ്കിൽ സുരക്ഷ നൽകാമെന്നും പൊലീസ് അറിയിച്ചു. ഇതിനിടെ രഹ്നാ ഫാത്തിമയും എത്തി. ഇരുവരേയും കൊണ്ടു പോകാൻ സർക്കാർ തലത്തിൽ അനുമതിയും നൽകി. കൊച്ചിയിൽ ഐജിയായി പ്രവർത്തിച്ചിട്ടുള്ള ശ്രീജിത്തിനും രഹ്നയെ കുറിച്ച് നന്നായി അറിയാം. അതുകൊണ്ട് തന്നെ ആക്ടിവിസ്റ്റുകളാണെന്ന് അറിയാതെയാണ് രഹ്നയെ കൊണ്ടു പോയതെന്ന് പൊലീസിനും പറയാനാകില്ല.

ഇതേത്തുടർന്ന് രാവിലെ പമ്പയിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിരുന്നു രാവിലെ ഐജി എത്തിയ ശേഷമാണ് ഇവർ യാത്ര തിരിച്ചത്. പമ്പയിൽ നിന്ന് കാനന പാതയിൽ എത്തുമ്പോഴേക്കും പ്രതിഷേധക്കാർ എത്തുമെന്നാണ് പൊലീസും പ്രതീക്ഷിച്ചു. എന്നാൽ രഹ്നയുടെ ഐഡന്റിറ്റി പുറത്താകാതിരുന്നിൽ സുപ്രീംകോടതി വിധിയുടെ കരുത്തിൽ മുമ്പോട്ട് കുതിക്കാമെന്നും പൊലീസ് കരുതി. ഇതാണ് ഭക്തർ പൊളിച്ചത്. കഴിഞ്ഞ ദിവസം സന്നിധാനത്തേക്ക് പോകാൻ ശ്രമിച്ച ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർക്കും പ്രതിഷേധത്തെത്തുടർന്ന് പിന്മാറേണ്ടി വന്നിരുന്നു. അതേസമയം ശബരിമലയിൽ എത്തുന്ന യുവതികൾക്ക് എല്ലാ സുരക്ഷയും ഒരുക്കണമെന്ന കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിട്ടുണ്ട്. രഹ്നയെ കൊണ്ടു പോകുമ്പോൾ ഈ റിപ്പോർട്ടും ചർച്ചയാക്കാൻ പിണറായി സർക്കാർ ശ്രമിച്ചു.

സന്നിധാനത്ത് ഇരുന്നും കിടന്നും ശരണം വിളി മുഴക്കിയും എതിർത്ത ഭക്തരുടെ പ്രതിഷേധത്തിൽ അവിടെ ബലപ്രയോഗം വേണ്ടെന്ന തീരുമാനത്തിൽ പൊലീസ് സംഘത്തിന് ദേവസ്വം മന്ത്രിയിൽ നിന്നും നിർദ്ദേശം കിട്ടുകയായിരുന്നു. കടുത്ത പ്രതിഷേധം അതിജീവിച്ച് ആന്ധ്രയിൽ നിന്നുള്ള മാധ്യമപ്രവർത്തകയ്ക്കും കൊച്ചിയിൽ നിന്നും കെട്ടെടുത്ത് കറുപ്പുടുത്ത മലയാളി വനിതയ്ക്കും ശബരിമലയ്ക്ക് തൊട്ടടുത്ത് വരെ എത്താനേ കഴിഞ്ഞുള്ളൂ. ഇവർ ശബരിമല സന്ദർശിക്കുന്നതിനെ എതിർത്ത് 500ലധികം ഭക്തന്മാർ സന്നിധാനത്ത് തടിച്ചു കൂടിയിരുന്നു. നടപ്പന്തലിലെ എതിർപ്പാണ് പൊലീസ് പിന്തിരിയാൻ തീരുമാനം എടുത്തത്. കനത്ത പൊലീസ് കാവലിൽ പമ്പയിൽ നിന്നും രാവിലെ ആറേമുക്കാലോടെ തുടങ്ങിയ മലകയറ്റം രണ്ടേമുക്കാൽ മണിക്കൂർ എടുത്ത് ഒമ്പതു മണിയോടെയായിരുന്നു മലകയറി നടപ്പന്തലിൽ എത്തിയത്. തുടർന്ന് പ്രതിഷേധക്കാരെ പൊലീസ് അനുനയിപ്പിക്കാൻ ശ്രമിച്ചു. തങ്ങളും അയ്യപ്പഭക്തന്മാരാണെന്നും കോടതിവിധിയെ മാനിച്ചാണ് തങ്ങൾ ഇവിടെ എത്തിയിട്ടുള്ളതെന്നും ഐജി വിശദീകരിച്ചു.

നിയത്തിന്റെ നിയോഗം കൂടി ഭക്തന്മാർ മനസ്സിലാക്കണമെന്നും പ്രതിഷേധക്കാരെ ചവുട്ടി അരച്ചു ഒന്നും ചെയ്യാൻ പോകുന്നില്ലെന്നും ഭക്തരുടെ വിശ്വാസം സംരക്ഷിക്കുന്നതിനൊപ്പം നിയമത്തിന്റെ നിയോഗം കൂടി തങ്ങൾക്ക് നടത്തേണ്ടതുണ്ടെന്നും സമാധാനമായി എല്ലാവരും പിരിഞ്ഞു പോകണമെന്നും ഐജി ആവശ്യപ്പെട്ടു. ഭക്തർക്കെതിരേ ബലം പ്രയോഗിക്കണമെന്ന സർക്കാരിനില്ലെന്നും വ്യക്തമാക്കി. ഐജി സംസാരിക്കുമ്പോൾ തന്നെ ചിലർ ശരണം വിളികൾ തുടർന്നുകൊണ്ടിരുന്നു മൂന്നൂറ് നാനൂറ് പൊലീസുകാരായിരുന്നു കാനനപ്പാതയിൽ മലകറിയ വനിതകൾക്ക് സംരക്ഷണം നൽകിയത്. പ്രതിഷേധം ശക്തമാണെന്ന് തിരിച്ചറിഞ്ഞതോടെ പൊലീസ് തീരുമാനത്തിൽ നിന്ന് പിന്മാറി. ഇന്നലെ സുഹാസിനി രാജിനെ വിശ്വാസികൾ തടഞ്ഞിരുന്നു. ഇതിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സർക്കാർ വിശദീകരിച്ചിരുന്നു. ഇതിന് ശേഷം സന്നിധാനത്തും പമ്പയിലും നിരീക്ഷണങ്ങൾ ഏർപ്പെടുത്തി.

സംഘപരിവാറുകാർ എല്ലാം സന്നിധാനത്ത് നിന്ന് പോയെന്ന വിലയിരുത്തലും ഇതോടെ എത്തി. പ്രശ്‌നത്തിൽ റിവ്യൂ ഹർജി കൊടുക്കാനുള്ള ദേവസ്വം ബോർഡ് തീരുമാനവും ചർച്ചയായി. ഇതോടെ പ്രതിഷേധങ്ങൾക്കും അയവുവന്നു. ഇതിനിടെയാണ് നാടകീയ നീക്കങ്ങളുമായി രഹ്നാ ഫാത്തിമ മലകയറാനെത്തിയത്.