തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ കണ്ണടയ്ക്കും ചികിത്സയ്ക്കുവേണ്ടിയും വൻതുക ചെലവാക്കിയെന്നും സ്പീക്കർ ശ്രീരാമകൃഷ്ണനും ചികിത്സാചെലവിനും കണ്ണടയ്ക്കും വലിയ തുക എഴുതിയെടുത്തെന്നുമുള്ള വിവരങ്ങൾ ചർച്ചയായതിന് പിന്നാലെ ധനമന്ത്രി തോമസ് ഐസക്ക് കോട്ടയ്ക്കലിൽ സുഖചികിത്സയ്ക്കായി 1.2 ലക്ഷം രൂപ ചെലവാക്കിയതിന്റെ വിവരങ്ങളും പുറത്തുവരുന്നു.

ഇക്കഴിഞ്ഞ ഡിസംബറിൽ മന്ത്രി കോട്ടയ്ക്കലിൽ ചികിത്സ നടത്തിയിരുന്നു. ഡിസംബർ 12 മുതൽ 27 വരെ ആയിരുന്നു ചികിത്സ. സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് മന്ത്രി ഐസക്ക് സർക്കാർ ആയുർവേദ ആശുപത്രികൾ ഒഴിവാക്കി കോട്ടയ്ക്കലിൽ ചികിത്സ തേടിയത് ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് വിവരാവകാശ പ്രകാരം ഇപ്പോൾ മന്ത്രിയുടെ ചികിത്സയ്ക്കായി ഒരുലക്ഷത്തിൽപരം രൂപ കോട്ടയ്ക്കലിൽ ചികിത്സയ്ക്ക് ചെലവിട്ടെന്ന വിവരവും പുറത്തുവരുന്നത്.

ചികിത്സാവശ്യത്തിനായി മന്ത്രി ഐസക് 14 തോർത്തുകൾ വാങ്ങിച്ചതിന്റെ തുകയുൾപ്പെടെ റീ ഇംബേഴ്‌സ് ചെയ്തുവെന്ന വിവരം ചർച്ചയാവുകയാണ് ഇപ്പോൾ. ചികിത്സയ്ക്കായി 21,990 രൂപ ചെലവായപ്പോൾ മുറിവാടകയായി 79,200 രൂപയാണ് മുറിവാടകയായത്. ഭക്ഷണത്തിന് ചെലവായ തുകയും 14 തോർത്തുകൾ വാങ്ങിയ ഇനത്തിൽ 195 രൂപയുമെല്ലാം റീ ഇമ്പേഴ്‌സ് ചെയ്തിട്ടുണ്ട് സർക്കാർ ഖജനാവിൽ നിന്ന്. തലയിണ വാങ്ങിച്ച വകയിൽ 250 രൂപയുൾപ്പെടെ മന്ത്രി റീ ഇമ്പേഴ്‌സ് ചെയ്തുവെന്ന കാര്യം ഇതോടെ സോഷ്യൽ മീഡിയയിലും ചർച്ചയായി.

സർക്കാർ സംവിധാനത്തിൽ ആയുർവേദ ചികിത്സയ്ക്ക് സൗകര്യം ഉണ്ട്. ഗവ. ആയുർവേദ കോളേജിലും പൂജപ്പുരയിലെ പഞ്ചകർമ്മ കേന്ദ്രത്തിലും ഉൾപ്പെടെ മികച്ച ചികിത്സയും സർക്കാർ തന്നെ ലഭ്യമാക്കുന്നുണ്ട്. എന്നിട്ടും സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ആവർത്തിച്ച് പറയുന്ന ധനമന്ത്രിതന്നെ സ്വകാര്യ ആയുർവേദ സ്ഥാപനത്തിൽ ഒരുലക്ഷത്തിൽ പരം രൂപ മുടക്കി ചികിത്സ തേടിയതെന്തിനെന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിലും ഉയരുന്നത്. അതേസമയം ഇതിൽ ചട്ടലംഘനം ഇല്ലെന്ന വാദവും ഉയരുന്നുണ്ട്. എന്നാൽ നിയമസഭാ സാമാജികരുടെ ചികിത്സാ ചെലവുകൾക്ക് പരിധി നിശ്ചയിക്കണമെന്നും സർക്കാർ ഖജനാവിൽ നിന്ന് ഇത്തരത്തിൽ പണം ചെലവഴിക്കുന്നതിന് നിയന്ത്രണം ഉണ്ടാവണമെന്നും ഉള്ള ആവശ്യമാണ് പൊതുവേ ഉയരുന്നത്.

ഇത്തരത്തിൽ നിയന്ത്രണം നിശ്ചയിക്കണമെന്നും ഇൻഷ്വറൻസ് ഏർപ്പെടുത്തി സർക്കാരിന്റേ ബാധ്യത കുറയ്ക്കണമെന്നും ജസ്റ്റിസ് ജെയിംസ് കമ്മിറ്റി ഇടതുസർക്കാരിന് ശുപാർശ ചെയ്തിരുന്നു. ഇത് നടപ്പാക്കാൻ ഒരു നീക്കവും ഉണ്ടായതുമില്ല. അതിനിടെയാണ് മന്ത്രിമാരുടേയും ജനപ്രിതിനിധികളുടേയും ചികിത്സയ്ക്കായി ലക്ഷങ്ങൾ പൊതുഖജനാവിൽ നിന്ന് ചെലവിടുന്നതും ചർച്ചയാവുന്നത്.

കോടീശ്വരനായ വ്യവസായി കൂടിയായ കുട്ടനാട് എംഎൽഎയും മുന്മന്ത്രിയുമായ തോമസ് ചാണ്ടി വിദേശത്ത് ചികിത്സയ്ക്ക് വേണ്ടി കോടികൾ എഴുതിയെടുത്തത് ചർച്ചയായിരുന്നു. സമാന രീതിയിലാണ് ഇപ്പോൾ മന്ത്രിമാരുടേയും എംഎൽഎമാരുടേയും സ്പീക്കറുടേയുമുൾപ്പെടെ ചികിത്സാ സഹായത്തിനും കണ്ണടവാങ്ങാനും മറ്റുമായി വലിയ തുകകൾ ചെലവഴിച്ച കണക്കുകളും പുറത്തുവരുന്നത്. ആരോഗ്യ മന്ത്രിയുടെ കണ്ണട വിവാദത്തന് പിന്നാലെ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ കണ്ണടയ്ക്കായി 49,900 രൂപ കൈപ്പറ്റിയതും ചർച്ചയായിരുന്നു.

 

ഇതിൽ ലെൻസിന് 45000 രൂപയും, ഫ്രെയിമിന് 4900 രൂപയുമാണ് കൈപ്പറ്റിയത്. ലെൻസിന് 5000 ത്തിൽ കൂടുതൽ തുക കൈപ്പറ്റാൻ പാടില്ലെന്ന നിയമസഭാസമിതിയുടെ ശുപാർശയുള്ളപ്പോഴാണ് സ്പീക്കർ ഈ തുക വാങ്ങിയതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ചികിൽസാ ചെലവിനത്തിൽ സ്പീക്കർ ആകെ 4,25,594 രൂപ കൈപ്പറ്റിയെന്നും വിവരാവകാശ രേഖകളിലൂടെ വ്യക്തമായിരുന്നു. .സർക്കാർ ചെലവുകൾ ചുരുക്കണം എന്ന് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റിൽ നിഷ്‌കർഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീരാമകൃഷ്ണന്റേയും ഇപ്പോൾ ഐസക്കിന്റേയും ചികിത്സാ ചെലവുകൾ ചർച്ചയാവുന്നത്.

നേരത്തെ ഭർത്താവിന്റെയും അമ്മയുടേയും പേരിൽ വ്യാജ ചികിത്സാ ബിൽ നൽകി പണം തട്ടിയെന്നാണ് ആരോഗ്യമന്ത്രി കെ.കെ. ശൈലജക്കെതിരെ ഉയർന്ന ആരോപണം. മട്ടന്നൂർ നഗരസഭാ ചെയർമാനായിരുന്ന മന്ത്രിയുടെ ഭർത്താവ് കെ. ഭാസ്‌കരൻ സർക്കാരിൽ നിന്ന് പെൻഷൻ വാങ്ങുന്നയാളാണ്. ഇത്തരത്തിൽ പെൻഷൻ വാങ്ങുന്നയാൾ ആശ്രിതനാണെന്ന് കാണിച്ച് പണം കൈപ്പറ്റിയത് അഴിമതിയാണെന്നാണ് ആക്ഷേപം. മന്ത്രി ശൈലജ 28000 രൂപയ്ക്ക് കണ്ണട വാങ്ങിയതും വിമർശന വിധേയമായി.