തൃശൂർ: ചലച്ചിത്ര സീരിയൽ നടി രേഖ മോഹന്റെ മരണത്തിൽ ദുരൂഹത തുടരുന്നു. നഗരത്തിലെ പ്രധാനപ്പെട്ട ഫ്‌ളാറ്റ് സമുച്ചയത്തിൽ ഒരു നടി മരിച്ചു കിടന്നിട്ടു പോലും ആരും അറിഞ്ഞില്ല എന്നത് എന്തുകൊണ്ടെന്ന് അന്വേഷിക്കുകയാണു പൊലീസ്.

ഒരു ചലച്ചിത്ര നടി തൊട്ടടുത്ത ഫ്‌ളാറ്റിൽ മരിച്ചു കിടന്നിട്ടു പോലും രണ്ടു ദിവസത്തിനു ശേഷമാണു പുറംലോകം വിവരം അറിയുന്നത്. വിവരങ്ങൾ ഒന്നും അറിയാത്തതിനെ തുടർന്നു വിദേശത്തുള്ള ഭർത്താവു വിളിച്ചു പറഞ്ഞതിനെ തുടർന്നാണു ഫ്‌ളാറ്റിൽ വീണ്ടും അന്വേഷണത്തിന് ആളെത്തിയത്.

മമ്മൂട്ടിക്കൊപ്പം ഉദ്യാനപാലകനിലും മോഹൻലാലിനൊപ്പം ഒരു യാത്രാമൊഴിയിലും അഭിനയിച്ച രേഖ ദിലീപിനൊപ്പം നീ വരുവോളം എന്ന ചിത്രത്തിലും ശ്രദ്ധേയ വേഷം ചെയ്തിരുന്നു. മരിച്ചിട്ട് രണ്ടു ദിവസമായെന്നാണ് പൊലീസ് നിഗമനം. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

കഴിഞ്ഞ രണ്ടുദിവസമായി വിദേശത്തുള്ള ഭർത്താവിനെ രേഖ ടെലിഫോണിൽ വിളിച്ചിട്ട്. ഫ്ളാറ്റിലേക്ക് വിളിച്ചിട്ടും മറുപടിയില്ലാതായതോടെയാണ് ഭർത്താവ് മോഹൻ ഡ്രൈവറോട് ഫ്ളാറ്റിൽ പോയി അന്വേഷിക്കാൻ നിർദേശിച്ചത്. തുടർന്ന് ഫ്ളാറ്റിലെത്തി നിരന്തരം കോളിങ്ങ് ബെല്ലടിച്ചിട്ടും ഡോറിൽ തട്ടിയിട്ടും വാതിൽ തുറക്കാതായതോടെയാണ് പൊലീസിൽ വിവരമറിയിച്ചത്. ഉച്ചയോടെ പൊലീസെത്തി ഫ്ളാറ്റ് തുറന്ന് പരിശോധിച്ചപ്പോഴാണ് കസേരയിൽ, ഡൈനിങ്ങ് ടേബിളിലേക്ക് തലചായ്ച്ച നിലയിൽ രേഖയുടെ മൃതദേഹം കണ്ടത്. തുടർന്ന് വിരലടയാള വിദഗ്ധരും പൊലീസും ചേർന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഏറെ നാളായി ഈ ഫ്‌ളാറ്റിൽ താമസിക്കുകയാണ്. സീരിയലുകളിലും സജീവമായിരുന്ന രേഖ ഇടക്കാലത്ത് സിനിമാ സീരിയൽ രംഗത്ത് നിന്നും അകന്ന് നിൽക്കുകയായിരുന്നു. രേഖയുടെ മരണവാർത്തയിൽ സിനിമാ-സീരിയൽ രംഗവും ദുഃഖം പങ്കുവച്ചു. ഭർത്താവ് മോഹൻ അടുത്ത ദിവസം വിദേശത്ത് നിന്നും മടങ്ങിയെത്തും.