കൊല്ലം: മാതാ അമൃതാനന്ദമയിയുടെ വള്ളിക്കാവിലെ ആശ്രമത്തിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട ജപ്പാൻ സ്വദേശിയുടെ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ ഇതുവരെ എത്തിയില്ല. പൊലീസും ആശ്രമം അധികൃതരും ജപ്പാൻ എംബസിയെ മരണ വിവരം അറിയിച്ചിട്ടുണ്ട്. എന്നാൽ, ഇദ്ദേഹത്തിന്റെ ബന്ധുകളുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നാണ് ആശ്രമം അധികൃതരും പൊലീസും പറയുന്നത്. ഔചിക്ക് ബന്ധുക്കൾ ഉണ്ടോ എന്നകാര്യം തന്നെ വ്യക്തമല്ല. ആശ്രമത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ട ഔചി വിജിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം എംബാം ചെയ്ത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. വർഷങ്ങളായി അധ്യാത്മിക ജീവിതത്തിന്റെ പേരിൽ ഇന്ത്യയിലെത്തിയ ഔചിക്ക് ബന്ധുക്കളുമായി കാര്യമായ ബന്ധമുണ്ടായിരുന്നില്ല. വിവരമറിയാക്കാൻ സാധിച്ചാൽ തന്നെ അവർ കേരളത്തിൽ എത്താനുള്ള സാധ്യത നന്നേ കുറവാണ് എന്നാണ് കരുനാഗപ്പള്ളി എസ്.ഐ ഷാഫി പറഞ്ഞു.

മരണത്തിന് ശേഷം ദിവസങ്ങൾ കഴിഞ്ഞതോടെ ജപ്പാൻ എംബസിയിൽ നിന്നും ക്ലിയറൻസ് വാങ്ങി മൃതദേഹം സംസ്‌ക്കരിക്കാനാണ് അമൃതാനന്ദമയി മഠത്തിന്റെ നീക്കം. മഠവുമായി നേരിട്ട് യാതൊരു ബന്ധമില്ലെന്ന് ഔചി വിജിയുടെ മൃതദേഹത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത് അവരാണ്. അതേസമയം മരണത്തിൽ യാതൊരു ദുരൂഹതയില്ലെന്ന നിഗമനത്തിലാണ് പൊലീസ്. ആ അടിസ്ഥാനത്തിൽ തന്നെ ആത്മഹത്യ എന്ന നിലയിൽ അന്വേഷണം അവസാനിപ്പിക്കാനും നീക്കം നടക്കുന്നുണ്ട്.

ഔചി വിജിക്ക് മാനസിക വിഭ്രാന്തിയുണ്ടായിരുന്നു എന്ന് മഠത്തിലെ അന്തേവാസികൾ നൽകിയ മൊഴി അപ്പാടെ വിഴുങ്ങിയ പൊലീസ് മരണത്തിലെ ദുരൂഹത അന്വേഷിക്കാനും ഇതുവരെ തയ്യാറായിട്ടുമില്ല. പുലർച്ചെ പ്രാർത്ഥനയ്ക്ക് ശേഷം സ്വന്തം മുറിയിൽ ഇയാൾ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് മഠത്തിന്റെ വിശദീകരണം. 15 വർഷമായി ഔചി വിജി അമൃതാനന്ദമയി ആശ്രമത്തിലെ നിത്യ സന്ദർശകനാണ്. അമൃതാനന്ദമയി ആശ്രമത്തിലുള്ളപ്പോൾ മാത്രമാണ് ഇയാൾ സ്ഥിരമായി വള്ളിക്കാവിലെത്താറുള്ളത്.

മനസമാധാനം തേടി അമൃതാനന്ദമയി മഠത്തിലെത്തി ഔചി ആത്മഹത്യയിലേക്ക് നയിക്കുന്ന വിധത്തിൽ മഠത്തിൽ എന്തെങ്കിലും നടന്നോ എന്നകാര്യത്തിൽ അന്വേഷണത്തിന് പൊലീസ് തയ്യാറല്ല. അമൃതാന്ദമയി ആശ്രമം കൂടാതെ സത്യസായി ബാവ മഠത്തിലും, മെഡിറ്റേഷൻ കേന്ദ്രങ്ങളിലും ഇയാൾ സ്ഥിരം സന്ദർശകനാണ്. യോഗയും, ഭജനയും, പ്രാർത്ഥനയുമാണ് ഔചി വിജിയുടെയും പ്രധാന പരിപാടി. അമൃതാനന്ദമയി ആശ്രമത്തിൽ ഉണ്ടായ ദുരൂഹ മരണങ്ങളുടെ കൂട്ടത്തിലേക്കാണ് ഔചിയുടെ മരണവും പെട്ടിരിക്കുന്നത്.

12ാം തീയതി രാവിലെയാണ് ഔചിയെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. മഠത്തിലെ ആത്മഹത്യ മുഖ്യധാര മാദ്ധ്യമങ്ങൾ അവഗണിച്ചപ്പോൾ മറുനാടൻ മലയാളി അടക്കമുള്ള ഓൺലൈൻ മാദ്ധ്യമങ്ങലാണ് ഈ വിഷയം ഏറ്റെടുത്തത്. നിരവധി പേർ താമസിക്കുന്ന ആശ്രമത്തിൽ നേരത്തെയും നിരവധി ദൂരൂഹ മരണങ്ങൾ ഉണ്ടായിട്ടുണ്ട്. തേവന്നൂർ സ്വദേശിയായ രാധാകൃഷ്ണൻ എന്നയാളുടെ ആത്മഹത്യയും ദുരൂഹതയുടെ പട്ടികയിലാണ് പെടുത്തിയത്. ഇങ്ങനെയുണ്ടായ ദൂരൂഹ മരണങ്ങൾ മഠത്തിന്റെ സ്വാധീനത്താൽ കാര്യമായ അന്വേഷണം നടക്കാതെ പോകുകയാണ് ഉണ്ടായതെന്ന ആരോപണവും ശക്തമാണ്. ഇതിനിടെയാണ് ആത്മഹത്യ ചെയ്ത ഔചി വിജിയുടെ മൃതദേഹം ഇവിടെ തന്നെ സംസ്‌ക്കരിക്കാൻ ഒരുങ്ങുന്നതും. എന്തായാലും മരണത്തിലെ ദുരൂഹതകളും ഔചി വിജിക്കൊപ്പം മണ്ണടിയുമെന്ന കാര്യം ഉറപ്പാണ്.