- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോക്സോ കേസിലെ അതിജീവിതയെ തട്ടിക്കൊണ്ടുപോയത് മാതാപിതാക്കളും കൂടി ചേർന്ന്; പതിനൊന്നുവയസുകാരിയെ ഗുരുവായൂരിലെ ലോഡ്ജിൽ നിന്നും കണ്ടെത്തി; മാതാപിതാക്കളും കസ്റ്റഡിയിൽ; തട്ടിക്കൊണ്ടുപോയത് കുട്ടിയുടെ മൊഴി മാറ്റിക്കാൻ
പാലക്കാട്: പോക്‌സോ കേസിൽ, വിചാരണ തുടങ്ങാനിരിക്കെ, തട്ടിക്കൊണ്ടുപോയ അതിജീവിതയായ പെൺകുട്ടിയെ കണ്ടെത്തി. ഗുരുവായൂരിലെ ലോഡ്ജിൽ
ൽ നിന്ന് മാതാപിതാക്കൾക്കൊപ്പമാണ് പതിനൊന്നുകാരിയായ പെൺകുട്ടിയെ കണ്ടെത്തിയത്. മാതാപിതാക്കളും കേസിലെ പ്രതിയായ ചെറിയച്ഛനും ഉൾപ്പെടെയുള്ള സംഘമാണ് മുത്തശ്ശിയുടെ വീട്ടിൽ നിന്നു തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയുടെ സംരക്ഷണം മുത്തശ്ശിയെയാണു കോടതി ഏൽപ്പിച്ചിരുന്നത്. മൊഴിമാറ്റിക്കലിന്റെ ഭാഗമായാണ് കുട്ടിയെ മാതാപിതാക്കൾ ഉൾപ്പെടെയുള്ളവർ ചേർന്ന് തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം.
പാലക്കാടുനിന്നുള്ള പ്രത്യേക പൊലീസ് സംഘമാണ് ഗുരുവായൂർ ക്ഷേത്രത്തിനടുത്തുള്ള ലോഡ്ജിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തിയത്. മാതാപിതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ അടുത്ത ബന്ധുക്കൾ തന്നെയാണ് പോക്സോ കേസിലെ പ്രതികൾ. ഒരുവർഷം മുൻപാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കേസിന്റെ വിചാരണ 16-ാം തീയതി ആരംഭിക്കാനിരിക്കുകയാണ്.
കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി കൂടിയായ ചെറിയച്ഛൻ ഉൾപ്പെടെ 6 പേരെ പാലക്കാട് ടൗൺ സൗത്ത് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. ഇതിൽ 3 പേർ സ്ത്രീകളാണ്. ചെറിയച്ഛനെതിരെ ടൗൺ സൗത്ത് പൊലീസ് കഴിഞ്ഞ വർഷം കേസെടുത്തിരുന്നു. അറസ്റ്റിലായ ഇയാൾ ഇപ്പോൾ ജാമ്യത്തിലാണ്.
മാതാപിതാക്കൾക്കൊപ്പം പോകാൻ താൽപര്യമില്ലെന്നും ഭയമാണെന്നും നേരത്തെ കുട്ടി കോടതിയിൽ മൊഴി നൽകിയിരുന്നു. തുടർന്ന് കുട്ടിയുടെ സംരക്ഷണച്ചുമതല മുത്തശ്ശി ഉൾപ്പെടെയുള്ളവരെ ഏൽപിക്കുകയായിരുന്നു. പ്രതികൾക്ക് അനുകൂല നിലപാടാണ് മാതാപിതാക്കൾ സ്വീകരിച്ചിരുന്നത്. അതിനാൽ തന്നെ കുട്ടിയുടെ സംരക്ഷണച്ചുമതല മാതാപിതാക്കൾക്ക് ഒരു ഘട്ടത്തിലും ഉണ്ടായിരുന്നില്ല.
പ്രധാനപ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് മാതാപിതാക്കൾ സ്വീകരിച്ചിരുന്നത്. പലപ്പോഴും മാതാപിതാക്കൾ നേരിട്ടെത്തിയാണ്, കുട്ടിയെ സംരക്ഷിച്ചിരുന്നവർക്ക് പണം വാഗ്ദാനം ചെയ്തിരുന്നതെന്നും ആരോപണവുമുണ്ട്. വിചാരണ ആരംഭിക്കാനിരിക്കേ പോലും കുട്ടിയുടെ മൊഴിമാറ്റാനുള്ള ശ്രമം നടന്നിരുന്നു. മുത്തശ്ശിയുടെ വീട്ടിലെത്തിയ സംഘം കുട്ടിയെ ബലപ്രയോഗത്തിലൂടെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. എതിർക്കാൻ ശ്രമിച്ച മുത്തശ്ശിക്കും ഇവരുടെ മകൾക്കും പരുക്കേറ്റു. കാറിലും ബൈക്കിലുമാണു സംഘം എത്തിയത്. കാറിന്റെ നമ്പർ തുണി ഉപയോഗിച്ചു മറച്ചിരുന്നു. ബൈക്കിന്റെ നമ്പറും വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. കുട്ടിയെ ഞായറാഴ്ചയാണ് കാണാതായത്.
മറുനാടന് മലയാളി ബ്യൂറോ