കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പടം അടിച്ചുള്ള പരസ്യം വഴികിട്ടിയ പ്രചരണവും വിവാദങ്ങളുമെല്ലാം റിലയൻസ് ജിയോക്ക് ഗുണകരമായി. പുറത്തിറങ്ങി ഒരു മാസത്തിനുള്ളിൽ റെക്കോർഡ് നേട്ടമാണ് മുകേഷ് അംബാനിയുടെ റിലയൻസ് ജിയോക്ക് ലഭിച്ചത്. തങ്ങൾ 1.60 കോടി ഉപയോക്താക്കളിൽ എത്തിയതായി റിലയൻസ് ജിയോ അറിയിച്ചു. 26 ദിവസം കൊണ്ടാണ് ജിയോ ഈ നേട്ടത്തിലെത്തിയത്. ഇത് ലോകത്തെ ഒരു ടെലികോം ഓപ്പറേറ്ററോ സ്റ്റാർട്ടപ്പോ കൈവരിക്കുന്ന ഏറ്റവും വേഗത്തിലുള്ള വളർച്ചയാണെന്ന് ജിയോ അറിയിച്ചു.

ജിയോ ഇന്ത്യൻ ജനത ഇരു കൈകളും നീട്ടി സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്നുംജിയോയുടെ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാമെന്നും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു. ഉപഭോക്താവിന്റെ താൽപര്യം മുൻനിർത്തി സേവനങ്ങൾ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആധാർ നമ്പർ ഉപയോഗിച്ച് മിനിട്ടുകൾക്കകം സിം ആക്ടിവേഷൻ സാധ്യമാക്കുന്ന സംവിധാനം ഇന്ത്യയിൽ 3100 കേന്ദ്രങ്ങളിൽ ജിയോ നടപ്പാക്കിയിട്ടുണ്ട്. ഏതാനും ആഴ്‌ച്ചകൾക്കുള്ളിൽ രാജ്യത്തുടനീളം ഈ സംവിധാനം എത്തുമെന്നും ജിയോ അറിയിച്ചു.

സെപ്റ്റംബർ 5 നാണ് റിലയൻസ് ജിയോ സിം പുറത്തിറക്കിയിരുന്നത്. കുറഞ്ഞ നിരക്കിൽ 4ജി സേവനങ്ങളടക്കം വാഗ്ദാനം ചെയ്താണ് ജിയോ പുറത്തിറങ്ങിയിരുന്നത്. ഇത് ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ഇൻർനെറ്റ് ഡാറ്റാ നിരക്കാണെന്ന് കമ്പനി അവാകാശപ്പെട്ടിരുന്നു. മികച്ച ഓഫറുകളുമായി ജിയോ പുറത്തിറങ്ങിയതിന് പിന്നാലെ വോഡഫോൺ ഉൾപ്പടെയുള്ള ടെലകോം കമ്പനികളും ഓഫറുകളുമായി രംഗത്തെത്തിയിരുന്നു. അതിനിടെ ആപ്പിൾ ഉപയോക്താക്കൾക്കായി ഒരു വർഷത്തേക്ക് ഡിജിറ്റൽ സേവനങ്ങൾ സൗജന്യമാക്കുമെന്ന് ജിയോ പ്രഖ്യാപിച്ചിരുന്നു. റിലയൻസ് ഡിജിറ്റൽ സ്റ്റോറുകളിൽ നിന്നു വാങ്ങുന്ന ആപ്പിൾ ഉപയോക്താക്കൾക്ക് 12 മാസം 18,000 രൂപയിലധികം വരുന്ന ഡിജിറ്റൽ സേവനങ്ങൾ ജിയോ പ്രഖ്യാപിച്ചിരുന്നത്.

ആപ്പിളിന്റെ അംഗീകൃത സ്‌റ്റോറിൽ നിന്നോ റിലയൻസ് സ്‌റ്റോറിൽ നിന്നോ പുതിയ ഐഫോൺ 7, 7 പ്ലസ്, ഐഫോൺ 6എസ്, 6 എസ് പ്ലസ്, ഐഫോൺ 6, 6 പ്ലസ്, ഐഫോൺ എസ്ഇ എന്നീ ഫോണുകൾ വാങ്ങുന്നവർക്കാണ് ഓഫറുകൾ ലഭിക്കുക. കോർപ്പറേറ്റ് ഉപയോക്താക്കൾക്ക് 25 % ഡിസ്‌കൗണ്ടാണ് ലഭിക്കുന്നത്. എന്നാൽ ഈ പ്ലാനിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഓഫറുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ജിയോയുടെ വെബ്‌സൈറ്റിൽ അടുത്ത ദിവസങ്ങളിൽ ലഭിക്കും. ഇപ്പോൾ റിലയൻസ് ജിയോ വെൽകം ഓഫർ ലഭിക്കുന്ന ഉപയോക്താക്കൾക്കും ഈ ഓഫർ ലഭിക്കും.

ജിയോയുടെ 1499 രൂപയുടെ പ്രതിമാസ പ്ലാൻ, അൺലിമിറ്റഡ് ലോക്കൽ, എസ്.ടി.ഡി ദേശീയ റോമിങ് വോയ്‌സ് കോളുകൾ, 4ജിയുടെ 20 ജിബി, ജിയോ ഹോട്ട്‌സ്‌പോട്ടുകളിൽ 40 ജിബി വൈഫൈ ഡാറ്റ, അൺലിമിറ്റഡ് എസ്എംഎസ്, ജിയോ ആപ്പുകളിലേക്കുള്ള സബ്‌സ്‌ക്രിപ്ഷൻ എന്നിവ ഓഫറിന് കീഴിൽ ലഭിക്കും.