കൊച്ചി: ബലാത്സംഗ കേസിൽ പ്രതിയായ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് ആശ്വാസം. അടുത്ത ചൊവ്വാഴ്‌ച്ച വരെ വിജയ് ബാബുവിനെ അറസ്റ്റു ചെയ്യരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച നിർദേശവും നൽകിയിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കണമെന്നും കേസന്വേഷണത്തെ തടസ്സപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ഉണ്ടാകാൻ പാടില്ലെന്നും വിജയ് ബാബുവിനോട് കോടതി നിർദേശിച്ചു. കേസിൽ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.

'' വിജയ് ബാബു അന്വേഷണവുമായി സഹകരിക്കണം. സാക്ഷികളെ സ്വാധീനിക്കാനോ, ബന്ധപ്പെടാനോ, പരാതിക്കാരിയുമായി സംസാരിക്കാനോ പാടില്ല. സോഷ്യൽ മീഡിയയിലൂടെ പ്രതികരിക്കാനും പാടില്ല,'' കോടതി പറഞ്ഞു. കേസിൽ വിജയ് ബാബുവിന്റെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് കോടതി പുറപ്പെടുവിച്ചിരുന്നു. ഇതിന് ശേഷമാണ് വിജയ് ബാബു നാട്ടിലെത്തിയത്. കേസിൽ അന്വേഷണ സംഘം വിജയ് ബാബുവിനെ ഇന്നും ചോദ്യം ചെയ്ത് വരികയാണ്. രാവിലെ ഒമ്പത് മണിയോടെയാണ് വിജയ് ബാബു പൊലീസ് സ്റ്റേഷനിൽ ഹാജരായത്.

നടിയുടെ പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് വിജയ് ബാബു ദുബായിലേക്ക് കടന്നത്. തുടർന്ന് ജോർജിയയിലേക്ക് പോയിരുന്നു. പൊലീസ് വിജയ് ബാബുവിനെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പിന്നീട് ദുബായിലേക്ക് തിരിച്ചെത്തിയ വിജയ് ബാബു 30ന് നാട്ടിലെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ബുധനാഴ്ച നാട്ടിലേക്കെത്തുമെന്ന് പിന്നീട് അറിയിക്കുകയായിരുന്നു.

ഇന്നലെ ഒമ്പത് മണിക്കൂറോളം വിജയ് ബാബുവിനെ ചോദ്യം ചെയ്തിരുന്നു. അതിന് ശേഷം ഇന്നും അദ്ദേഹത്തെ ചോദ്യം ചെയ്യുന്നുണ്ട്. പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണുണ്ടായതെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ചോദ്യം ചെയ്യലിൽ വിജയ് ബാബു പൊലീസിനെ അറിയിച്ചിരിക്കുന്നത്. സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമാണ് കേസിനു പിന്നിലെന്നും ഒളിവിൽ പോകാൻ ആരും സഹായിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതു തെളിയിക്കുന്നതെന്ന് അവകാശപ്പെടുന്ന വാട്‌സാപ്, ഫേസ്‌ബുക് ചാറ്റുകൾ പൊലീസിന് കൈമാറി.

എന്നാൽ, ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണെന്ന വാദം ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ സ്ഥിരീകരിക്കാനാകൂവെന്ന നിലപാടിലാണ് പൊലീസ്. വിജയ് ബാബു നൽകിയ തെളിവുകളിൽ കൂടുതൽ പരിശോധന നടക്കും. ആവശ്യമെങ്കിൽ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെടും. ദുബായിൽ നിന്നു നാട്ടിലെത്തിയതിനു പിന്നാലെ വിജയ് ബാബു ക്ഷേത്ര ദർശനം നടത്തിയിരുന്നു. നെടുമ്പാശേരിയിൽനിന്നു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ആലുവയിലെ ക്ഷേത്രത്തിലാണ് വിജയ് ബാബുവും ഭാര്യ സ്മിതയും ദർശനം നടത്തിയത്. അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും വിജയ് ബാബു മാധ്യമങ്ങളോട് പറഞ്ഞു.