തിരുവല്ല (കുമ്പനാട്): കേരളത്തിലെ ക്രൈസ്തവ സമൂഹത്തിൽ അങ്ങോളമിങ്ങോളമായി വലിയ സാന്നിധ്യമറിയിച്ച വിഭാഗമാണ് പെന്തക്കോസ്ത് വിഭാഗക്കാർ. ഇക്കൂട്ടത്തിൽ തന്നെ സംസ്ഥാനത്ത് ഏറ്റവും ശക്തമായി അറിയപ്പെടുന്ന വിഭാഗത്തിലാണ് ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ അറിയപ്പെടുന്നത്. പത്തനംതിട്ടയിലും കോട്ടയവും അടക്കം തെക്കൻ ജില്ലകളിലാണ് ഈ സംഘടനയ്ക്ക് ഏറെ അനുയായികൾ ഉള്ളത്. കേഡർ സ്വഭാവത്തിൽ പ്രവർത്തിക്കുന്ന സഭയാണിത്.

1935 ൽ ആന്ധ്രയിലെ ഏലൂരിലാണ് ഇന്ത്യാ പെന്തകോസ്ത് സഭ നിലവിൽ വന്നത്. എന്നാൽ, കേരളത്തിൽ മാത്രം 3200 ആരാധനാലയങ്ങൾ ഇവർക്ക് സ്വന്തമായുണ്ട്. ഇന്ത്യാ പെന്തകോസ്ത് സഭാ കേരളാ ഘടകമാണ് അവരുടെ ഇന്ത്യയിലെ ഏറ്റവും വലിയ പെന്തകോസ്ത് വിശ്വാസ സമൂഹം. തിരുവല്ലയിലെ കുമ്പനാട് ആസ്താനമായി പ്രവർത്തിക്കുന്ന സംഘടനയുടെ വനിതാ വിഭാഗത്തിന് പുതിയ ഭാരവാഹികളുമായി.

ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ സോദരി സമാജം സംസ്ഥാന പ്രസിഡന്റായി ആനി തോമസും (ആലപ്പുഴ) സെക്രട്ടറിയായി ജയമോൾ രാജുവും (പത്തനംതിട്ട) തെരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികൾ: ആലീസ് ജോൺ റിച്ചാർഡ് -കൊല്ലം, ഗീതമ്മ സ്റ്റീഫൻ- കോട്ടയം (വൈസ് പ്രസിഡന്റുമാർ), ലിസി വർഗീസ് -മലപ്പുറം, സൂസൻ ജോൺ -തിരുവനന്തപുരം (ജോയിന്റ് സെക്രട്ടറിമാർ), ജോയമ്മ ബേബി -പത്തനംതിട്ട (ട്രഷറർ).

ആലപ്പുഴ വെസ്റ്റ് സെന്ററിലെ ഐ.പി.സി. ചെട്ടിയാട് സഭയുടെ പാസ്റ്റർ തോമസ് ബാബുവിന്റെ ഭാര്യയാണ് ആനി തോമസ്. തിരുവല്ല സെന്ററിലെ ആനപ്രമ്പാൽ സഭയുടെ പാസ്റ്റർ രാജു ജോണിന്റെ ഭാര്യയാണ് ജയമോൾ രാജു. പന്തളം സെന്ററിലെ ഐ.പി.സി. കാരയ്ക്കാട് സഭാംഗമാണ് ജോയമ്മ ബേബി.അനുമോദന സമ്മേളനത്തിൽ ജെയിംസ് ജോർജ് വേങ്ങൂർ അധ്യക്ഷത വഹിച്ചു. ഐ.പി.സി. സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ കെ.സി. തോമസ് ഉദ്ഘാടനം ചെയ്തു.

കെ.സി തോമസാണ് ഇപ്പോഴത്തെ തലവൻ. പെന്തക്കോസ്ത് വിശ്വാസികൾ ക്രിസ്ത്യാനികളാണ്. അവർക്ക് വിഗ്രഹാരാധന പാടില്ല. നമ്മൾ കാണുന്നതല്ല കർത്താവിന്റെ യഥാർത്ഥ രൂപം എന്ന് ബൈബിളിനെ ഉദ്ധരിച്ച് അവർ സാക്ഷ്യപ്പെടുത്തുകയാണ് ചെയ്യുന്നത്. കന്യാമറിയത്തെ ആരാധിക്കുന്ന വിഭാഗക്കാരല്ല പെന്തക്കോസ്ത വിശ്വാസികൾ. വിക്ടോറിയൻ കാലഘട്ടത്തിലെ പ്രൊട്ടസ്റ്റന്റ് വിഭാഗത്തിന്റെ രീതികളാണ് ഇവർക്കുള്ളത്.

പൂർണ്ണമായും ബൈബിളിനെ അടിസ്ഥാനപ്പെടുത്തിയാണ് അവർ ജീവിതവും ആരാധനയും ചിട്ടപ്പെടുത്തിയിരിക്കുന്നത് എന്നാണ് പറയുന്നത്. ഇവർ ക്രിസ്തുമസും, ഈസ്റ്ററുമൊന്നും ആഘോഷിക്കാറില്ല. ബൈബിളിൽ ഈ സന്ദർഭങ്ങളെ പറ്റി കൃത്യമായി കാല സമയ കണക്കുകൾ ഇല്ല. അതു കൊണ്ട് തന്നെ എല്ലാം വെറും ഊഹങ്ങൾ ആണെന്ന് അവർ വിശ്വസിക്കുന്നു. കർത്താവ് പറഞ്ഞിട്ടുണ്ട് പുതിയ വർഷങ്ങൾ പിറക്കുന്നത് ആഘോഷിക്കേണ്ടതല്ല എന്ന് വിശ്വാസം.

ഇപ്പോൾ പെന്തകോസ്ത് സഭയുടെ സംസ്ഥാന അധ്യക്ഷൻ പാസ്റ്റർ കെ.സി.തോമസ് അര നൂറ്റാണ്ടുകാലമായി സഭാ ശുശ്രൂഷയിലും എഴുത്തുമേഖലയിലും പ്രസംഗരംഗത്തും നിറ സാന്നിധ്യമായി നിലകൊള്ളുന്ന വൈദികശ്രേഷ്ഠനാണ്. പതിനഞ്ച് മാസങ്ങൾ കൊണ്ട് 25 പുസ്തകങ്ങൾ എഴുതുക എന്ന അപൂർവ്വ നേട്ടത്തിനുടമായാണ് ഇദ്ദേഹം. ക്രിസ്തുവിന്റെ ഡൂലോസ് എന്ന അൻപതാമത്തെ പുസ്തകം പാസ്റ്ററിന്റെ ആത്മകഥയാണ്. പാസ്റ്റർ കെ.സി.തോമസ് കഴിഞ്ഞ ലോക്ഡൗൺ കാലത്താണ് 25 പുസ്തകൾ എഴുതി പ്രസിദ്ധീകരിച്ചത് .ഈ സംഭവം വാർത്താപ്രാധാന്യം നേടിയിരുന്നു.

തെന്നിക്കാറ്റ് മാസികയുടെ പത്രാധിപർ കൂടിയാണ് പാസ്റ്റർ കെസി തോമസ്. സയൻസിൽ ബിരുദം നേടിയ ശേഷം സുവിശേഷ വേലയ്ക്കായി സമർപ്പിക്കുകയും വടവാതൂർ ഷാലോം ബൈബിൾ കോളേജിൽ വേദപഠനം പൂർത്തീകരിക്കയും ചെയ്തു. കൺവൻഷൻ ,പ്രസംഗകൻ, ബൈബിൾ കോളേജ്അദ്ധ്യാപകൻ, ടി.വി .പ്രഭാഷകൻ,സഭാ നേതാവ് എന്നീ നിലകളിലും പാസ്റ്റർ കെ.സി.തോമസ്ശ്രദ്ധേയനാണ്. ഐ.പി.സി സ്റ്റേറ്റ്പ്രസിഡന്റ്, സ്റ്റേറ്റ്സെക്രട്ടറി, സ്റ്റേറ്റ്‌വൈസ്പ്രസിഡന്റ്.പി വൈ പിഎ സ്റ്റേറ്റ്പ്രസിഡന്റ് തുടങ്ങി വിവിധ മേഖലകളിലും സഭാപ്രവർത്തനങ്ങളിലും വെന്നികൊടി പാറിച്ച പാസ്റ്റർ പേരൂർക്കട ഐ.പി .സി സഭയുടെ സ്ഥാപകൻ കൂടിയാണ്. ആലപ്പുഴ തലവടി ഇടയത്ര കെ.ജി ചാക്കോ ശോശാമ്മ ദമ്പതികളുടെ മകനാണ് കെ.സി.തോമസ്.

മൂന്നാമത്തെ തവണയാണ് കെ.സി തോമസ് ഇന്ത്യാ പെന്തകോസ്ത് ദൈവസഭയുടെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. മൂന്ന് വർഷങ്ങൾക്ക് മുൻപ് സംസ്്ഥാന എക്‌സിക്യൂട്ടിവ് കമ്മറ്റിയിൽ ഇദ്ദേഹം വിവിധ സ്ഥാനങ്ങളിലായി 16 വർഷം പൂർത്തിയാക്കിയിരുന്നു.