- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെൽബൺ സെന്റ് തോമസ് സീറോ മലബാർ സഭയുടെ നിയുക്ത മെത്രാനായി ഫാ. ജോൺ പനന്തോട്ടത്തിൽ; പ്രഖ്യാപനം നടത്തി ഫ്രാൻസിസ് മാർപാപ്പ: മെത്രാഭിഷേകവും സ്ഥാനാരോഹണവും പിന്നീട്
കൊച്ചി: ഓസ്‌ട്രേലിയയിലെ മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ രണ്ടാമത്തെ മെത്രാനായി ഫാ. ജോൺ പനന്തോട്ടത്തിൽ സിഎംഐയെ (56) ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. മെൽബൺ സെന്റ് തോമസ് രൂപതയുടെ രണ്ടാമതു ബിഷപ്പാണു ഫാ. ജോൺ പനന്തോട്ടം. ഇന്നലെ ഒരേ സമയം വത്തിക്കാനിലും സിറോ മലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലും മെൽബൺ രൂപതാ കേന്ദ്രത്തിലും പ്രഖ്യാപനം വായിച്ചു. മെത്രാഭിഷേക തീയതിയും മറ്റു വിവരങ്ങളും പിന്നീട് അറിയിക്കും.
രൂപതയുടെ ആദ്യമെത്രാൻ മാർ ബോസ്‌കോ പൂത്തൂരിന് 75 വയസ് പൂർത്തിയായതിനെത്തുടർന്നു സമർപ്പിച്ച രാജി സ്വീകരിച്ചാണ് പുതിയ നിയമനം. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നലെ ഇറ്റാലിയൻ സമയം ഉച്ചയ്ക്കു 12ന് വത്തിക്കാനിലും ഇന്ത്യൻ സമയം വൈകിട്ട് 4.30ന് സീറോ മലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലും ഓസ്‌ട്രേലിയൻ സമയം രാത്രി 10ന് മെൽബൺ രൂപതാ കേന്ദ്രത്തിലും പ്രസിദ്ധപ്പെടുത്തി.
മൗണ്ട് സെന്റ് തോമസിൽ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണു നിയമന സന്ദേശം അറിയിച്ചത്. മെൽബൺ രൂപതയുടെ സ്ഥാനമൊഴിയുന്ന ബിഷപ് മാർ ബോസ്‌കോ പുത്തൂരും കർദിനാളും ചേർന്ന് ഫാ. പനന്തോട്ടത്തിലിനെ സ്ഥാന ചിഹ്നങ്ങൾ അണിയിച്ചു.തലശ്ശേരി അതിരൂപതയിലെ പേരാവൂർ പെരുമ്പുന്ന ഇടവകയിൽ പനന്തോട്ടത്തിൽ പരേതരായ ജോസഫിന്റെയും ത്രേസ്യാമ്മയുടെയും മകനായി 1966 മെയ് 31നാണു ജനിച്ചത്. സിഎംഐ സന്യാസ സമൂഹത്തിന്റെ കോഴിക്കോട് സെന്റ് തോമസ് പ്രോവിൻസിലായിരുന്നു വൈദികപഠനം. 1996 ഡിസംബർ 26നു പൗരോഹിത്യം സ്വീകരിച്ചു.
2008-2014 കാലത്ത് കോഴിക്കോട് സെന്റ് തോമസ് പ്രോവിൻസിന്റെ സുപ്പീരിയറായി രണ്ട് തവണ സേവനം ചെയ്തു. 2015 മുതൽ 2020 വരെ ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെൻ അതിരൂപതയിൽ സിറോ മലബാർ സഭാംഗങ്ങളുടെ അജപാലന ശുശ്രൂഷ നിർവഹിച്ചു. 2021 മുതൽ മാനന്തവാടി രൂപതയിലെ നിരവിൽപുഴ സെന്റ് ഏലിയാസ് ആശ്രമത്തിൽ സുപ്പീരിയറും ഇടവക വികാരിയുമായിരുന്നു. താമരശേരി രൂപതയിലും അജപാലന ശുശ്രൂഷ നിർവഹിച്ചിട്ടുണ്ട്.
മാനന്തവാടി നിരവിൽപ്പുഴ സെന്റ് ഏലിയാസ് ആശ്രമത്തിൽ സുപ്പീരിയറായും ഇടവക വികാരിയായുമുള്ള ശുശ്രൂഷയ്ക്കിടെയാണ് പുതിയ നിയോഗം. നിയുക്തമെത്രാന്റെ അഭിഷേകവും സ്ഥാനാരോഹണവും പിന്നീട്.