ശബരിമല: ഇക്കൊല്ലത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടനം അവസാനിച്ചു. പതിനെട്ടാംപടി കയറിയെത്തിയ അവസാനത്തെ ഭക്തനും ദർശനം നടത്തിക്കഴിഞ്ഞപ്പോൾ വ്യാഴാഴ്ച രാത്രി ഹരിവരാസനം പാടി ശബരിമല ക്ഷേത്രനട അടച്ചതോടെ തീർത്ഥാടനത്തിന് അവസാനമായി. ഇതോടെ മണ്ഡല, മകരവിളക്ക് കാലത്തെ ഭക്തരുടെ അയ്യപ്പദർശനം അവസാനിച്ചു. തീർത്ഥാടനം പൂർത്തിയാക്കി വെള്ളിയാഴ്ച നട അടയ്ക്കും. എന്നാൽ, വെള്ളിയാഴ്ച ഭക്തർക്ക് ദർശനസൗകര്യമില്ല.

വ്യാഴാഴ്ച പുലർച്ചേ അഞ്ചിന് നട തുറന്നപ്പോൾ നിരവധിപേർ ദർശനം കാത്ത് വലിയനടപ്പന്തലിൽ ഉണ്ടായിരുന്നു. പത്തുമണിയോടെ ഭക്തരുടെ തിരക്ക് കുറഞ്ഞു. പിന്നീട് എത്തിയവർ സാവധാനം പടി കയറി അയ്യപ്പനെ കൺനിറയെ കണ്ടുതൊഴുതു. വ്യാഴ്യാഴ്ച നെയ്യഭിഷേകം ഇല്ലായിരുന്നു. വ്യാഴ്യാഴ്ച 22,736 പേരാണ് ദർശനത്തിന് ബുക്ക് ചെയ്തിരുന്നത്.

വെള്ളിയാഴ്ച പുലർച്ചേ അഞ്ചിന് നട തുറക്കും. തുടർന്ന് ഗണപതി ഹോമം. 5.30ന് തിരുവാഭരണങ്ങൾ പന്തളത്തേക്ക് തിരിച്ചെഴുന്നള്ളിക്കും. രാവിലെ ആറുമണിക്ക് നട അടച്ച് താക്കോൽ, ദേവസ്വം ബോർഡ് അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർക്ക് കൈമാറും. അശൂലം കാരണം പന്തളം രാജപ്രതിനിധി എത്താത്തതിനാലാണ് അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർക്ക് താക്കോൽ കൈമാറുന്നത്.

അശുദ്ധികൾക്ക് പരിഹാരമായി കുരുതി
ദോഷങ്ങൾക്കും അശുദ്ധിക്കും പരിഹാരമായി മാളികപ്പുറത്ത് ചുണ്ണാമ്പും മഞ്ഞളുംചേർത്ത നിണംകൊണ്ട് കുരുതി നടത്തി. കാരായ്മ അവകാശികളായ റാന്നി കുന്നയ്ക്കാട്ട് കുടുംബത്തിലെ രതീഷ് അയ്യപ്പക്കുറുപ്പ്, അജിത് ജനാർദ്ദനക്കുറുപ്പ്, ജയകുമാർ ജനാർദ്ദനക്കുറുപ്പ് എന്നിവർ നേതൃത്വംനൽകി. പട്ടുടുത്ത് തലയിൽ പട്ടുകെട്ടി കണ്ണിൽ കരിമഷിയെഴുതിയായിരുന്നു കുരുതി. മാളികപ്പുറത്ത് മണിമണ്ഡപത്തിന് മുന്നിലാണ് ഇതിനുള്ള കളം ഒരുക്കിയത്.

വ്യാഴ്യാഴ്ച അത്താഴപൂജയ്ക്കുശേഷം പത്തുമണിയോടെയായിരുന്നു കുരുതി. കളമൊരുക്കി ദേവിയെ കളത്തിലേക്ക് ആവാഹിച്ചു. തീപ്പന്തങ്ങളുടെ പ്രഭയിൽ, മഞ്ഞപ്പൊടിയും ചുണ്ണാമ്പും ചേർത്ത നിണം തയ്യാറാക്കി കുമ്പളങ്ങ മുറിച്ച് കുരുതി അവസാനിപ്പിച്ചു.