കോഴഞ്ചേരി: 128-ാമത് മാരാമൺ കൺവെൻഷന് ഇന്ന് തുടക്കമാകും. 2.30-ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത കൺവെൻഷൻ ഉദ്ഘാടനംചെയ്ത് സംസാരിക്കും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത അധ്യക്ഷതവഹിക്കും. കൺവെൻഷൻ വെബ്‌സൈറ്റിലൂടെ തത്സമയ സംപ്രേഷണം ഉണ്ട്.

പൂർണമായും ഹരിത ചട്ടം പാലിച്ചാണ് കൺവെൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്. മാർത്തോമ്മാ സഭയിലെ ബിഷപ്പുമാരെക്കൂടാതെ ബിഷപ്പ് ദിലോരാജ് ആർ. കനകസാബെ- ശ്രീലങ്ക, കാനൻ മാർക്ക് ഡി ചാപ്പ്മാൻ (ഇംഗ്ലണ്ട്), ബിഷപ്പ് റാഫേൽ തട്ടിൽ, ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത, സഖറിയാസ് മാർ സെവേറിയോസ് മെത്രാപ്പൊലീത്ത, ബിഷപ്പ് മാർ തോമസ് തറയിൽ എന്നിവരും പ്രസംഗിക്കും.

കെ.എസ്.ആർ.ടി.സി.യുടെ അഞ്ചു ബസുകൾ വീതം പത്തനംതിട്ട, തിരുവല്ല ഡിപ്പോകളിൽനിന്ന് സർവീസ് നടത്തും. തിരുവല്ല ഡിപ്പോയിൽനിന്ന് തിരുവല്ല -കോഴഞ്ചേരി-മാരാമൺ അധിക സർവീസുകളും ഉണ്ട്.

ഒരുലക്ഷത്തോളം പേർക്ക് ഇരിക്കാവുന്ന പന്തലാണ് തയ്യാറാക്കിയിട്ടുള്ളത്. വിശാലമായ മാരാമൺ മണൽപ്പുറത്ത് പരമ്പരാഗതരീതിയിൽ ഓലമേഞ്ഞ പന്തലാണ്. ഹരിത നിയമാവലി പാലിച്ചാണ് എല്ലാ ക്രമീകരണങ്ങളുമെന്ന് റവ. ജിജി മാത്യൂസ് പറഞ്ഞു. പമ്പാനദിയും മണൽതിട്ടയും പരിസരപ്രദേശങ്ങളും മാലിന്യമുക്തമായി സൂക്ഷിക്കുന്നതിനും നടപടികളെടുത്തിട്ടുണ്ട്.

നടുംപ്രയാറിൽനിന്നും കൺവെൻഷൻ നഗറിലേക്കുള്ള താത്കാലിക പാത തുറന്നു. തിങ്കൾ മുതൽ ശനിവരെ രാവിലെ 7.30-ന് ബൈബിൾ ക്ലാസുകൾ നടക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും സംയുക്തമായാണ് ക്ലാസുകൾ.