തിരുവനന്തപുരം: നടരാജഗുരു സ്ഥാപിച്ച നാരായണ ഗുരുകുലം ശതാബ്ദി ആഘോഷത്തിനൊരുങ്ങുന്നു. ഒരു വർഷം നീളുന്ന ആഘോഷ പരിപാടികൾക്ക് 20-ന് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം നിർവ്വഹിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അനുസ്മരണ പ്രഭാഷണങ്ങൾ ആരംഭിച്ചു. നാരായണ ഗുരുവിന്റെ ദർശനങ്ങളുടെ ആഗോളവ്യാപ്തിയും പ്രയോഗികതലങ്ങളും പുതുതലമുറയെ ബോധ്യപ്പെടുത്തുകയാണ് പ്രഭാഷണപരമ്പരയുടെ ലക്ഷ്യമെന്നും ഗുരുകുലം ഭാരവാഹികൾ പറഞ്ഞു.

ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായ നടരാജഗുരുവാണ് ഗുരുകുലം സ്ഥാപിച്ചത്. 1923 ജൂൺ 8-ന് നീലഗിരി കൂനൂരിലാണ് ആദ്യ ഗുരുകുലം ആരംഭിച്ചത്. പിന്നീട് ഊട്ടിയിലെ ഫേൺഹില്ലിലേക്കു മാറ്റുകയായിരുന്നു. കേരളത്തിലെ 15 പ്രാദേശിക കേന്ദ്രങ്ങൾ കൂടാതെ ഊട്ടിയിലും ബെംഗളൂരുവിലും നാരായണ ഗുരുകുലത്തിന് ഇപ്പോൾ ആശ്രമമുണ്ട്.

ആഘോഷങ്ങളുടെ ഭാഗമായി കൂടുതൽ സ്റ്റഡി സർക്കിളുകൾ രൂപവത്കരിക്കുമെന്ന് ഗുരു മുനി നാരായണപ്രസാദ്, ഡോ. പി.കെ.സാബു, സ്വാമി ത്യാഗീശ്വരൻ എന്നിവർ പറഞ്ഞു. നാരായണ ഗുരുകുലത്തിന്റെ ശിഷ്യരും ശതാബ്ദിയാഘോഷങ്ങൾ നടത്തുന്നുണ്ട്. കാനഡയിലെ ടൊറന്റോ ആസ്ഥാനമായ ശ്രീനാരായണ അസോസിയേഷനും കുവൈത്തിലെ സാരഥി എന്ന സംഘടനയും ശതാബ്ദിയാഘോഷം നടത്തിയിരുന്നു. സിങ്കപ്പൂർ, അമേരിക്ക, ബ്രിട്ടൻ, കാനഡ തുടങ്ങിയ രാജ്യങ്ങളിലും കേന്ദ്രങ്ങളും പഠന കൂട്ടായ്മകളുമുണ്ട്. നടരാജഗുരുവിനെ തുടർന്ന് നിത്യചൈതന്യ യതി ഗുരുവായി. ഇപ്പോൾ മുനി നാരായണ പ്രസാദാണ് മേധാവി.

20-ന് രാവിലെ 11-ന് ശിവഗിരി ഗുരുകുലം റോഡിലെ ബ്രഹ്‌മവിദ്യാമന്ദിരം ഹാളിലാണ് ഉദ്ഘാടനച്ചടങ്ങ്. ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ മുഖ്യാതിഥിയാകും. അടൂർ പ്രകാശ് എംപി., വി.ജോയി എംഎ‍ൽഎ., ശതാബ്ദിയാഘോഷ കമ്മിറ്റി ചെയർമാൻ ഡോ. പി.കെ.സാബു, ഗുരുകുലം മേധാവി ഗുരു മുനി നാരായണ പ്രസാദ്, ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ തുടങ്ങിയവർ പങ്കെടുക്കും. 12.15 മുതൽ ദാർശനിക സമ്മേളനം നടക്കും.