- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചന്ദനക്കുടം ഘോഷയാത്ര ഇന്ന്; എരുമേലി പേട്ടതുള്ളൽ നാളെ
എരുമേലി: എരുമേലി മഹല്ല് മുസ്ലിം ജമാ അത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചന്ദനക്കുടം ഘോഷയാത്ര വ്യാഴാഴ്ച നടക്കും. മന്ത്രി വി.എൻ.വാസവൻ ചന്ദനക്കുടം ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. വ്യാഴാഴ്ച ചന്ദനക്കുടം ഘോഷയാത്രയ്ക്ക് മുന്നോടിയായി നാലിന് നൈനാർ മസ്ജിദ് ഓഡിറ്റോറിയത്തിൽ അമ്പലപ്പുഴ പേട്ടതുള്ളൽ സംഘവും ജമാ അത്ത് പ്രതിനിധികളും മത-സാമുദായിക നേതാക്കളും സൗഹൃദ സമ്മേളനവും നടത്തും. വൈകീട്ട് 6.15-ന്, ഘോഷയാത്രയുടെ ഭാഗമായുള്ള സമ്മേളനം മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജമാ അത്ത് കമ്മിറ്റി പ്രസിഡന്റ് പി.എ.ഇർഷാദ് അധ്യക്ഷത വഹിക്കും.
വഖഫ് ബോർഡ് ചെയർമാൻ എം.കെ.സക്കീർ സുവനീർ പ്രകാശനം ചെയ്യും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് ഏറ്റുവാങ്ങും. രാത്രി ഏഴരയോടെ മസ്ജിദ് അങ്കണത്തിൽനിന്ന് ഘോഷയാത്ര ഇറങ്ങും. നെറ്റിപ്പട്ടം കെട്ടിയ മൂന്ന് ആനകൾ അകമ്പടിയാകും. ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടാൻ വിവിധ വാദ്യമേളങ്ങൾ, കലാരൂപങ്ങൾ തുടങ്ങിയവ ഉണ്ട്.
എരുമേലി പേട്ടതുള്ളൽ നാളെ
വെള്ളിയാഴ്ചയാണ് ചരിത്ര പ്രസിദ്ധമായ അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ എരുമേലി പേട്ടതുള്ളൽ. അമ്പലപ്പുഴ സംഘമാണ് ആദ്യം പേട്ടതുള്ളുന്നത്. ഉച്ചയ്ക്ക് മുമ്പായി പേട്ട ശാസ്താക്ഷേത്രത്തിൽനിന്ന് തുടങ്ങും. പേട്ടതുള്ളി മസ്ജിദിലെത്തുന്ന അമ്പലപ്പുഴ സംഘത്തെ ജമാ അത്ത് കമ്മിറ്റി പ്രതിനിധികൾ സ്വീകരിക്കും. വാവരുസ്വാമിയുടെ പ്രതിനിധിയെ ഒപ്പംകൂട്ടിയാണ് അമ്പലപ്പുഴ പേട്ടതുള്ളൽ ധർമശാസ്താക്ഷേത്രത്തിലെത്തുന്നത്.
ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളൽ പേട്ട ശാസ്താക്ഷേത്രത്തിൽ തുടങ്ങും. അമ്പലപ്പുഴക്കാർക്കൊപ്പം വാവരുസ്വാമി ശബരിമലയിലേക്ക് പോയി എന്ന വിശ്വാസമുള്ളതിനാൽ, മസ്ജിദിൽ കയറാതെ വണങ്ങിയാണ് ആലങ്ങാട് സംഘം ധർമശാസ്താക്ഷേത്രത്തിലേക്ക് നീങ്ങുന്നത്. സമൂഹപ്പെരിയോൻ എൻ.ഗോപാലകൃഷ്ണപിള്ള അമ്പലപ്പുഴ പേട്ട സംഘത്തെയും യോഗം പെരിയോൻ അമ്പാടത്ത് എ.കെ.വിജയകുമാർ ആലങ്ങാട് സംഘത്തെയും നയിക്കും.