കോട്ടയം: പ്രസിദ്ധമായ മാരാമൺ കൺവെൻഷൻ ഫെബ്രുവരി 11 മുതൽ 18 വരെ നടക്കും. 129-ാമത് മഹായോഗത്തിനാവും പതിനൊന്നാം തിയതി പമ്പാനദിയുടെ മാരാമൺ മണൽപ്പുറത്ത് തിരി തെളിയുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇതിന്റെ പന്തലിന്റെ കാൽനാട്ടുകർമം ജനുവരി അഞ്ചിന് മാർത്തോമ്മാ സഭാദ്ധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത നിർവഹിച്ചു.

ഫെബ്രുവരി 11-ന് ഉച്ചയ്ക്ക് 2.30-ന് തുടക്കമാകുന്ന കൺവെൻഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. സുവിശേഷപ്രസംഗസംഘം പ്രസിഡന്റ് ഡോ.ഐസക്ക് മാർ ഫിലക്സിനോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിക്കും. 11 മുതൽ 17 വരെ രാവിലെ 7.30-ന് ബൈബിൾ ക്ലാസുകൾ, കുട്ടികൾക്കുള്ള യോഗം, പൊതുയോഗം എന്നിവയുണ്ട്.

14-ന് രാവിലെ 9.30-ന് എക്യുമെനിക്കൽ സമ്മേളനം. 2.30-ന് ലഹരിവിമോചന കൂട്ടായ്മ. 12, 13 തീയതികളിൽ 2.30-ന് കുടുംബവേദിയോഗങ്ങൾ എന്നിവ നടക്കും. 15-ന് 2.30 മുതൽ സന്നദ്ധസുവിശേഷകസംഘത്തിന്റെയും, 16-ന് 2.30 മുതൽ സേവികാസംഘത്തിന്റെയും പ്രത്യേക യോഗങ്ങൾ നടക്കും. സായാഹ്നയോഗങ്ങൾ വൈകീട്ട് ഗാനശുശ്രൂഷയോടുകൂടി ആരംഭിച്ച് 7.30-ന് സമാപിക്കും.

കൺവെൻഷൻനഗറിൽ ശുദ്ധജലം ലഭ്യമാക്കുന്നതിനും നദിയിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനും റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനും വിവിധ സർക്കാർ വകുപ്പുകൾ ക്രമീകരണം ഏർപ്പെടുത്തി. മാർത്തോമ്മാ സഭയുടെ മിഷനറി പ്രസ്ഥാനമായ സുവിശേഷപ്രസംഗ സംഘമാണ് മാരാമൺ കൺവെൻഷൻ ക്രമീകരിക്കുന്നത്. ഡോ.തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്തയും സംഘം പ്രസിഡന്റ് ഡോ.ഐസക്ക് മാർ ഫിലക്സിനോസ് എപ്പിസ്‌കോപ്പയും പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു.

പ്രസംഗസംഘം ജനറൽ സെക്രട്ടറി റവ.എബി കെ. ജോഷ്വാ (ജനറൽ കൺവീനർ), ട്രഷറർ ഡോ.എബി തോമസ് വാരിക്കാട്, ലേഖക സെക്രട്ടറി പ്രൊഫ.എബ്രഹാം പി. മാത്യു, സഞ്ചാര സെക്രട്ടറി റവ.ജിജി വർഗീസ്, കൺവീനർമാരായ അഡ്വ.ജേക്കബ് ജോൺ, തോമസ് കോശി, മാനേജിങ് കമ്മിറ്റി അംഗമായ റ്റിജു എം.ജോർജ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.