- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പറശ്ശിനി മടപ്പുരയിൽ ഇനി ഉത്സവകാലം; അഞ്ചുനാൾ നീളുന്ന പുത്തരി തിരുവപ്പന ഉത്സവത്തിന് കൊടിയേറി ; തുടക്കം കുറിച്ച് പാരമ്പര്യ അവകാശികളുടെ സമർപ്പണ ചടങ്ങുകളും നടന്നു
പറശ്ശിനിക്കടവ്: പറശ്ശിനി മടപ്പുര മുത്തപ്പൻ സന്നിധിയിൽ പുത്തരി തിരുവപ്പനയുത്സവത്തിന് വെള്ളിയാഴ്ച കൊടിയേറി. രാവിലെ 9.50-നും 10.26-നും ഇടയിൽ പി.എം. സതീശൻ മടയന്റെ സാന്നിധ്യത്തിൽ മാടമന ഇല്ലത്ത് നാരായണൻ നമ്പൂതിരി കൊടിയേറ്റത്തിന് മുഖ്യകാർമികത്വം വഹിച്ചു.
പുത്തരി ഉത്സവത്തിന്റെ മുന്നോടിയായി കഴിഞ്ഞ ദിവസങ്ങളിൽ പാരമ്പര്യ അവകാശികളുടെ സമർപ്പണ ചടങ്ങുകളും നടന്നിരുന്നു. കൊടിയേറ്റത്തിനുശേഷം വൈകീട്ട് മൂന്നിന് മുത്തപ്പൻ വെള്ളാട്ടത്തിന്റെ മലയിറക്കൽ. തുടർന്ന് തയ്യിൽ തറവാട്ടുകാരുടെ കാഴ്ചവരവ് സംഘം മടപ്പുരയിൽ പ്രവേശിച്ചു. പിന്നീട് തെക്കരുടെ വരവ് എന്നറിയപ്പെടുന്ന കോഴിക്കോട്, വടകര, തലശ്ശേരി ദേശക്കാരുടെ കാഴ്ചവരവും മടപ്പുരയിൽ പ്രവേശിച്ചു.
സന്ധ്യയ്ക്ക് മുത്തപ്പൻ വെള്ളാട്ടം പുറപ്പാട് കാണാൻ ആയിരക്കണക്കിന് വിശ്വാസികൾ എത്തി. രാത്രി 11-ന് മുത്തപ്പന്റെ അന്തിവേലയും തുടർന്ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ കുന്നുമ്മൽ തറവാട്ടിൽനിന്ന് കലശം എഴുന്നള്ളിപ്പും നടന്നു. കരിമരുന്നുപ്രയോഗവും ഉണ്ടായി.
ശനിയാഴ്ച രാവിലെ തിരുവപ്പന രാവിലെ 5.30-ന് തുടങ്ങും. ക്ഷേത്രത്തിൽ പ്രവേശിച്ച കാഴ്ചവരവുകാരെ തിരിച്ചയക്കുന്ന ചടങ്ങുകളും പിന്നീട് നടക്കും. മൂന്ന്, നാല് തീയതികളിൽ വൈകീട്ട് വെള്ളാട്ടവും നാലിന് രാവിലെ തിരുവപ്പന വെള്ളാട്ടവും നടക്കും. ആറിന് രാവിലെ കലശാട്ടത്തോടെ ഉത്സവത്തിന് കൊടിയിറങ്ങും.ആറ്, ഏഴ് തീയതികളിൽ രാത്രി കഥകളി ഉണ്ടാകും.
മറുനാടന് മലയാളി ബ്യൂറോ