കിളിമാനൂർ: ഒമ്പതു വയസുള്ള പട്ടികജാതി വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കോൺഗ്രസ് പ്രാദേശിക നേതാവ് റിമാന്റിൽ. കോൺഗ്രസ് കരവാരം ആണ്ടികോണം ബൂത്ത് പ്രസിഡന്റും, ആണ്ടികോണം കശുവണ്ടി ഫാക്ടറിക്ക് സമീപം ചരുവിള വീട്ടിൽ മാർത്താണ്ഡൻ എന്നു വിളിക്കുന്ന രമേശൻ (52) ആണ് പോക്‌സോ നിയമപ്രകാരം ജയിലിൽ ആയത് .

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: സ്‌കൂൾ വിട്ടു വരുന്ന വഴിയിൽ വീടിന് സമീപത്തെ വീട്ടിൽ നിന്നും പാലും വാങ്ങി വന്ന പെൺകുട്ടിയെ ഇടവഴിയിൽ വെച്ച് പ്രതി പരിചയം നടിച്ച് വശത്താക്കി പ്രതിയുടെ കൃഷിസ്ഥലത്തിൽ വെച്ച് ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു . മറ്റാരോടെങ്കിലും സംഭവം പറഞ്ഞാൽ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്താനും പ്രതി മടിച്ചില്ല.

എന്നാൽ നിലവിളിയുമായി വീട്ടിലെത്തിയ പെൺകുട്ടി പീഡനവിവരം പിതാവിനെ അറിയിക്കുകയും, പിതാവിനൊപ്പം പ്രതിയുടെ കൃഷിസ്ഥലത്തിലെത്തി പ്രതിയെ ചൂണ്ടിക്കാണിക്കുകയുമായിരുന്നു. വിവരം അറിഞ്ഞ് നാട്ടുകാർ തടിച്ച് കൂടുമ്പോഴേക്കും പ്രതി സൂത്രത്തിൽ രക്ഷപ്പെട്ടിരുന്നു.

തുടർന്ന് ഒളിവിൽ പോയ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. അതെ സമയം പെൺകുട്ടിയുടെ വീട്ടുകാരെ സ്വാധീനിക്കാനും കേസ് ഒതുക്കി തീർക്കാനും മുൻ കോൺഗ്രസ് എം എൽ എ അടക്കമുള്ള ഉന്നത കോൺഗ്രസ് നേതാക്കൾ ബന്ധപ്പെട്ടതായി ആക്ഷേപമുണ്ട്' .

പൊലീസിനെ സ്വാധീനിച്ച് കേസ് ഒതുക്കാനും ശ്രമമുണ്ടായി. എന്നാൽ സംഭവത്തിൽ നീതിപൂർവ്വമായി അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. ആറ്റിങ്ങൽ എ എസ് പി ആദിത്യ , എസ് ഐ നിസാം, മധുസൂദനൻ , ഗോപി ദാസ് , ബൈജു , അനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ആറ്റിങ്ങൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു