തിരുവനന്തപുരം: ശബരിമലയിലെ പ്രശ്‌ന പരിഹാരത്തിന് കേന്ദ്രം ഓർഡിനൻസ് ഇറക്കാൻ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്ത്രിമാരെയും രാജകുടുംബത്തെയും അപമാനിക്കുന്ന മന്ത്രിമാരുടെ നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ശബരിമലയിലെ പ്രശ്‌നങ്ങൾക്ക് ഉത്തരവാദി സംസ്ഥാന സർക്കാരാണെന്നും ചെന്നിത്തല ആരോപിച്ചു. സർക്കാർ പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുന്നില്ല. പോലസീസ് വിവേകപൂർവം ഇടപെടുന്നില്ല. ബിജെപി സംസ്ഥാന പ്രസിഡന്റ് അഭിഭാഷകനായിട്ടും ഭരണഘടന മറന്നുപോയിരിക്കുന്നു. സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയാലേ കേന്ദ്രത്തിന് ഓർഡിൻസ് ഇറക്കാൻ കഴിയു എന്ന വാദം ശരിയല്ല. കേന്ദ്ര സർക്കാരിന് നിയമ നിർമ്മാണം നടത്തി വിഷയം പരിഹരിക്കാം.

പ്രത്യേക നിയമസഭ വിളിച്ചു ചേർക്കേണ്ട ആവശ്യമില്ല. ബിജെപി സംസ്ഥാന പ്രസിഡന്റ് ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. ബിജെപി കേന്ദ്ര സർക്കാരിനെ കൊണ്ട് ഓർഡിനൻസ് ഇറക്കാൻ തയ്യാറാവുമോ. സിപിഎമ്മും ബിജെപിയും ശബരിമല വിഷയത്തെ രഷ്ട്രീയവത്കരിക്കുകയാണ്. കോൺഗ്രസിനെ പഠിപ്പിക്കാൻ ബിജെപി ശ്രമിക്കേണ്ട. മന്ത്രിമാരുടെ പ്രസ്താവനകൾ പ്രതിസന്ധികൾ വർധിപ്പിക്കുയാണ്.

നിയമപരമായ വിഷയങ്ങൾ പഠിച്ച് സുപ്രീം കോടതി വിധിയെ മറികടക്കണം. ശ്രീധരൻപിള്ള കോൺഗ്രസിനെ കുറിച്ച് പറഞ്ഞ പരാമർശങ്ങൾ ദൗർഭാഗ്യകരമാണ്. കോൺഗ്രസ് എന്നും വിശ്വാസികളുടെ കൂടെ തന്നെയാണ് നിൽക്കുന്നത്. ശബരിമല വിഷയത്തിൽ തന്നെ ആരും സമീപിച്ചിട്ടില്ലെന്ന് മനു അഭിഷേക് സിങ്വി ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്. ദേവസ്വം ബോർഡ് ഈ വിഷയത്തിൽ കള്ളക്കളി തുടരുകയാണ്. യു.ഡി.എഫ് ശക്തമായ പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല വ്യക്തമാക്കി

ശബരിമല നട അടച്ചിടാൻ അവകാശമുണ്ടെന്ന പന്തളം കൊട്ടാരത്തിന്റെ പ്രസ്താവനക്കെതിരെ മന്ത്രി എം.എം.മണി നടത്തിയ പ്രസ്താവനകൾക്ക് എതിരായാണ് ചെന്നിത്തല രംഗത്ത് വന്നത്. രാജഭരണകാലം പണ്ടേ കഴിഞ്ഞു. ഇപ്പോൾ നട അടച്ചിടുമെന്നു പറയുന്നവർ ശമ്പളക്കാരാണെന്നു മന്ത്രി പറഞ്ഞു. നേരത്തേ, നട അടക്കാൻ അവകാശമുള്ളതുകൊണ്ടാണു തന്ത്രിക്കു കത്ത് നൽകിയതെന്നു കൊട്ടാരം പ്രതിനിധി ശശികുമാരവർമ പറഞ്ഞിരുന്നു. സംശയമുള്ളവർക്കു പഴയ ഉടമ്പടി പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തിൽ രാഷട്രീയം കളിക്കുന്നത് സിപിഎം ബിജെപി കക്ഷികൾ അവസാനിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പ്രത്യക്ഷ സമരത്തിന് ഇല്ലെന്ന് ആദ്യം മുതൽ തന്നെ പറഞ്ഞിരുന്നു. വിശ്വാസികൾക്ക് ഒപ്പം തന്നയൊണ് കോൺഗ്രസും യുഡിഎഫും എല്ലായിപ്പോഴും നിലനിൽക്കുകയെന്നും ചെന്നിത്തല കൂട്ടച്ചേർത്തു.