കോഴിക്കോട്: ലോക്ഡൗൺ ലംഘനം നടത്തി ഹോട്ടലിൽ ഭക്ഷണം കഴിച്ചുവെന്ന് വിവാദത്തിൽ പ്രതികരണവുമായി എംപി രമ്യാ ഹരിദാസ്. പാഴ്സൽ വാങ്ങാനെത്തിയതായിരുന്നുവെന്നും തന്റെ കൈയിൽ കയറി പിടിച്ചതിനാലാണ് പ്രവർത്തകർ അത്തരത്തിൽ പെരുമാറിയതെന്നും എംപി പറഞ്ഞു. വിഷയത്തിൽ നേതാക്കളുമായി ആലോചിച്ച് നിയമനടപടി സ്വീകരിക്കുമെന്നും എംപി പറഞ്ഞു.

''പാഴ്സൽ വാങ്ങാനെത്തിയതായിരുന്നുവെന്നും എന്റെ കൈയിൽ കയറി പിടിച്ചതിനാലാണ് പ്രവർത്തകർ അത്തരത്തിൽ പെരുമാറിയത്. വിഷയത്തിൽ നേതാക്കളുമായി സംസാരിച്ച് പൊലീസിൽ പരാതി നൽകും'' രമ്യ ഹരിദാസ്

രമ്യ ഹരിദാസ് എംപിയും കോൺഗ്രസ് നേതാക്കളും ലോക്ഡൗൺ ലംഘിച്ചതായാണ് ആക്ഷേപം ഉയർന്നത്. ട്രിപ്പിൾ ലോക്ഡൗൺ ദിവസം എംപിയും മുൻ എംഎൽഎ വി.ടി.ബൽറാം ഉൾപ്പെടെയുള്ള നേതാക്കളും പാലക്കാട് നഗരത്തിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയെന്നാണ് വിമർശനം. എംപിയും സഹപ്രവർത്തകരും ഹോട്ടലിനുള്ളിൽ ഇരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

സംഭവം ചോദ്യ ചെയ്ത യുവാക്കളെ രമ്യ ഹരിദാസിനൊപ്പമുള്ള കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഞായറാഴ്ച പകലാണ് സംഭവം നടക്കുന്നത്.

കൽമണ്ഡപത്തെ സ്വകാര്യ ഹോട്ടലിൽ രമ്യയും സംഘവും ഭക്ഷണത്തിനായി കാത്തിരിക്കുന്നത് ശ്രദ്ധയിൽപെട്ട യുവാവ് എംപിയോട് കാര്യം തിരക്കി. താൻ ബിരിയാണി പാർസൽ ഓർഡർ ചെയ്ത് കാത്തിരിക്കുകയാണെന്ന് രമ്യ ഹരിദാസ് മറുപടി നൽകി. പാർസൽ വാങ്ങാൻ വരുന്നവർ പുറത്താണ് നിൽക്കേണ്ടത്, ഞങ്ങൾ സാധാരണക്കാർ പുറത്താണ് നിൽക്കാറുള്ളതെന്നും എംപിക്കെന്താണ് പ്രത്യേകതയെന്നും യുവാവ് തിരിച്ചു ചോദിച്ചതോടെ രമ്യ പുറത്തേക്ക് പോവുകയായിരുന്നു.

ഇതിനിടെ രമ്യക്കൊപ്പമുണ്ടായിരുന്ന പാളയം പ്രദീപ് യുവാവിനെയും സുഹൃത്തിനെയും മർദിക്കുകയായിരുന്നു. വീഡിയോ ചിത്രീകരിച്ച ഫോൺ പിടിച്ചുവാങ്ങാനും ശ്രമിച്ചു. യുവാവിന്റെ വാഹനത്തിന്റെ ഫോട്ടോയെടുത്ത ശേഷം വധഭീഷണിമുഴക്കിയ ശേഷമാണ് കോൺഗ്രസ് പ്രവർത്തകർ സ്ഥലത്ത് നിന്ന് പോയത്. പരിക്കേറ്റ യുവാവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.