- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു വനിതാ എംപി ആയിരുന്നിട്ടും പുരുഷ പൊലീസുകാരെ ഉപയോഗിച്ചാണ് തടഞ്ഞു നിർത്തിയത്; ഒരു സ്ത്രീയെന്ന പരിഗണന എനിക്കില്ലേ? പാർലമെന്റ് മാർച്ച് തടഞ്ഞ ഡൽഹി പൊലീസ് വൻആക്രമണം ആണ് അഴിച്ചുവിട്ടതെന്ന് രമ്യ ഹരിദാസ് എംപി
ന്യൂഡൽഹി: സിൽവർ ലൈൻ വിഷയത്തിൽ പാർലമെന്റിന് സമീപം പ്രതിഷേധിച്ച കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാർക്ക് നേരെ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് വലിയ ആക്രമണമെന്ന് രമ്യ ഹരിദാസ് എംപി.
'ഒരു വനിതാ എംപി ആയിരുന്നിട്ടും പുരുഷ പൊലീസുകാരെ ഉപയോഗിച്ചാണ് തടഞ്ഞു നിർത്തിയത്. ഒരു സ്ത്രീയെന്ന പരിഗണന എനിക്കില്ലേ? ഒരു പാർലമെന്റ് അംഗമെന്ന നിലയിൽ പാർലമെന്റിലേക്ക് പ്രവേശിക്കാൻ എത്തിയപ്പോൾ എന്തിനു തടഞ്ഞുനിർത്തി?'- രമ്യ മാധ്യമങ്ങളോട് പറഞ്ഞു. 'കെ-റെയിലുമായി ബന്ധപ്പെട്ട് പ്രതിഷേധിക്കുന്നതിന് വേണ്ടി എത്തിയ ഞങ്ങളെ വഴിയിൽ തടഞ്ഞു നിർത്തി. ഇതിന് ആരാണ് ആരാണ് ആഹ്വാനം ചെയ്തത്?'- രമ്യ ചോദിച്ചു.
ഒരു ജനാധിപത്യ രാജ്യത്താണല്ലോ നമ്മളെല്ലാം ജീവിക്കുന്നത്. ജനപക്ഷത്ത് നിന്ന ശബ്ദമുയർത്തിയതിന്റെ പേരിലാണ് ഇന്ന് റോഡിലൂടെ വലിച്ചിഴയ്ക്കപ്പെട്ടതെന്നും രമ്യ ഹരിദാസ് പറഞ്ഞു.
സിൽവർ ലൈൻ വിഷയത്തിൽ വിജയ് ചൗക്കിൽ പ്രതിഷേധിക്കുകയായിരുന്ന യുഡിഎഫ് എംപിമാർ പിന്നീട് മാർച്ചായി പാർലമെന്റിലേക്ക് ചെല്ലുന്നതിനിടെ ആയിരുന്നു സംഘർഷം. ഉന്തിനും തള്ളിനുമിടെ എംപിമാരെ ഡൽഹി പൊലീസ് കയ്യേറ്റം ചെയ്യുന്ന നിലയുണ്ടായി.ഹൈബി ഈഡൻ എംപിയുടെ മുഖത്ത് അടിയേൽക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കാണാം.
മുഖം പൊത്തി നിൽക്കുന്ന ഹൈബി ഈഡന്റെ ദൃശ്യങ്ങളായിരുന്നു പുറത്ത് വന്നത്. ടി എൻ പ്രതാപനെയും, കെ മുരളീധരനെയും പിടിച്ചു തള്ളിയെന്നും എംപിമാർ ആരോപിച്ചു. വനിത എംപിയെ തടഞ്ഞത് പുരുഷ പൊലീസ് ഉദ്യോഗസ്ഥരായിരുന്നു എന്നും എപിമാർ ആരോപിച്ചു.എംപിമാരാണ് എന്ന് അറിയിച്ചിട്ട് പോലും പിടിച്ച് വലിച്ച് ജീപ്പിൽ കയറ്റാൻ ശ്രമിച്ചതായി കാസർഗോഡ് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു. പാർലമെന്റിന്റെ മെയിൻ ഗേറ്റിൽ വച്ചായിരുന്നു സംഭവം. പൊലീസ് നടപടി പാർലമെന്റ് അംഗങ്ങളുടെ പ്രിവിലേജിന് വിരുദ്ധമാണെന്നും എംപിമാർ ആരോപിച്ചു.
മറുനാടന് മലയാളി ബ്യൂറോ