- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടിയെ ആക്രമിച്ച കേസിലേത് രഹസ്യ വിചാരണ; വിചാരണ വിവരങ്ങൾ അതു പോലെ ചർച്ച ചെയ്യാൻ പാടില്ല; വിചാരണ സംബന്ധിച്ച കോടതി നടപടികളുടെ വിവരങ്ങൾ കോടതിയുടെ അനുമതിയില്ലാതെ ചാനലിൽ ചർച്ച നടത്തിയത് കുറ്റം; നികേഷ് കുമാറിനെതിരെ പൊലീസ് കേസ്; റിപ്പോർട്ടർ ടിവിയെ ആ സൈബർ കേസ് കുടുക്കുമോ?
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണവിവരങ്ങൾ പുറത്തുവിട്ടതിന് മാധ്യമപ്രവർത്തകൻ എം വി നികേഷ് കുമാറിന്റെപേരിൽ കേസെടുത്തു. കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഐ.പി.സി. 228എ(3) വകുപ്പ് പ്രകാരമാണ് കേസ്. കേസിൽ രഹസ്യ വിചാരണയാണ് നടക്കുന്നത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ ചർച്ചയാക്കിയത് റിപ്പോർട്ടർ ടിവിയാണ്. ഇത് ഏറെ ചർച്ചയാവുകയും ചെയ്തു. ഇതിനിടെയാണ് കേസ് വരുന്നത്.
നടിയെ ആക്രമിച്ച കേസിൽ രഹസ്യ വിചാരണയാണ്. അതുകൊണ്ട് തന്നെ വിചാരണ വിവരങ്ങൾ അതു പോലെ ചർച്ച ചെയ്യാൻ പാടില്ല. വിചാരണ സംബന്ധിച്ച കോടതി നടപടികളുടെ വിവരങ്ങൾ കോടതിയുടെ അനുമതിയില്ലാതെ ചാനലിൽ ചർച്ച നടത്തുകയും ഡിസംബർ 27-ന് യൂട്യൂബ് വഴി പ്രചരിപ്പിച്ചതിനുമാണ് കേസ്. രഹസ്യ വിചാരണയിൽ കോടതിയുടെ അനുമതിയില്ലാതെ വിവരങ്ങൾ പുറത്തു വിടുന്നത് കുറ്റകരമാണ്. രണ്ട് കൊല്ലം വരെ തടവ് ശിക്ഷ കിട്ടാവുന്ന കേസ്. ഇത് ജാമ്യമുള്ള വകുപ്പാണ്. അതുകൊണ്ട് തന്നെ നികേഷിന് ഉടൻ പ്രതിസന്ധിയൊന്നും ഈ കേസ് ഉണ്ടാക്കില്ല. കോടതി വിധിക്ക് അപ്പുറമുള്ള വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്നും തടയുന്നതാണ് ഈ കേസ്.
സംസ്ഥാന സർക്കാരിനും റിപ്പോർട്ടർ ടി.വി എഡിറ്റർ എം വി നികേഷ് കുമാറിനും റിപ്പോർട്ടർ ചാനലിനും വക്കീൽ നോട്ടിസയച്ച് നടിയെ ആക്രമിച്ച കേസിലെ പ്രതിയും നടനുമായ ദിലീപും നിയമ നടപടികൾ തുടങ്ങിയിരുന്നു. കേസിൽ ദിലീപിന് വേണ്ടി വാദിക്കുന്ന രാമൻപിള്ള അസോസിയേറ്റ്‌സ് മുഖേനയാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള പ്രൊപ്പഗൻഡയാണ് റിപ്പോർട്ടർ ചാനലിലൂടെ നടന്നതെന്ന് ദിലീപ് വക്കീൽ നോട്ടീസിൽ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നികേഷിനെതിരെ പൊലീസും കേസെടുക്കുന്നത്. വിചാരണ കോടതിയുടെ ഇടപെടലുകൾ മുൻകൂട്ടി കണ്ടാണ് ഈ നടപടിയെന്ന് സൂചനയുണ്ട്.
ചാനൽ ഡിസംബർ 25ന് സംപ്രേഷണം ചെയ്ത അഭിമുഖം മനപാഠം പഠിച്ച് തയ്യാറാക്കിയതാണെന്നും ദിലീപിനെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നും ദിലീപ് പരാതിയിൽ ആരോപിക്കുന്നു. നിരന്തരമായ റിഹേഴ്‌സലിന് ശേഷമാണ് അഭിമുഖം ടെലികാസ്റ്റ് ചെയ്തതെന്നും ദിലീപ് ആരോപിക്കുന്നു. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിക്കുന്ന സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ, അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസ്, ദിലീപും ഒന്നാം പ്രതി പൾസർ സുനിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയ സംവിധായകൻ പി. ബാലചന്ദ്രകുമാർ എന്നിവർക്കെതിരെയും ദിലീപ് വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്.
ഒന്നാം പ്രതി പൾസർ സുനിയുമായി തനിക്കുള്ള ബന്ധം കോടതിയെ ബോധ്യപ്പെടുത്താനാകാത്ത അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസ് തനിക്കെതിരെ വ്യാജ ആരോപണങ്ങൾ കെട്ടിച്ചമക്കുകയാണെന്ന് ദിലീപ് വക്കീൽ നോട്ടീസിൽ പറയുന്നുണ്ട്. ദിലീപിനെതിരായ വെളിപ്പെടുത്തലുകളും ഫോൺ രേഖകളും വാർത്തയാക്കാൻ മലയാളത്തിലെ മുൻനിര ചാനലുകൾ ഉൾപ്പെടെ തയ്യാറായില്ലെന്ന് ബാലചന്ദ്രകുമാർ നേരത്തെ പറഞ്ഞിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ പൾസർ സുനിയും ദിലീപും ബന്ധമുണ്ടെന്ന് കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയ ശേഷം വലുതും ചെറുതുമായ മാധ്യമങ്ങളെ സമീപിച്ചെന്നും ആരും സഹകരിച്ചില്ലെന്നുമാണ് ബാലചന്ദ്രകുമാർ പറയുന്നത്.
ഒരു മാധ്യമപ്രവർത്തകന് ഓഡിയോ ക്ലിപ് നൽകിയപ്പോൾ സ്റ്റുഡിയോയിൽ വിളിച്ച് ബൈറ്റ് എടുത്തു. പക്ഷെ വെളിയിൽ വിടരുതെന്ന് മുകളിൽ നിന്ന് പറഞ്ഞതായി ആ മാധ്യമപ്രവർത്തകൻ പറഞ്ഞു. കോഴിക്കോട് നിന്ന് വിളിച്ച് പറഞ്ഞു, ഈ വീഡിയോ പുറത്തുവിടരുത് എന്നാണ് ആ മാധ്യമപ്രവർത്തകൻ പറഞ്ഞത്. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ നടപടി വൈകിയപ്പോൾ അവസാനമാണ് എം.വി നികേഷ് കുമാറിനെ സമീപിച്ചത്. ഓഡിയോ ക്ലിപ്പുകൾ മുഴുവൻ കേട്ടശേഷം നികേഷ് കുമാറിനെ കണ്ടു. ഫോൺ രേഖകളും വോയ്സ് ക്ലിപ്പുകളും കേട്ട് ബോധ്യപ്പെട്ട ശേഷമാണ് നികേഷ് കുമാർ വാർത്ത നൽകാൻ തയ്യാറായത്. ക്രിസ്മസ് ദിവസം അത് സംപ്രേഷണം ചെയ്യാൻ തയ്യാറാവുകയായിരുന്നുവെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ