- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈന്ദവ മോഡൽ നിയമം പള്ളിഭരണത്തിലും വേണം; ജസ്റ്റീസ് കെടി തോമസിന്റെ വാദങ്ങളെ പിന്തുണച്ച് കത്തോലിക്കാ ഫെഡറേഷനും; ക്രൈസ്തവ സമൂഹസമ്പത്ത് രൂപതാ മെത്രാന്മാർ അടിച്ചുമാറ്റുന്നുവോ? ആരോപണങ്ങൾ സ്ഥാനമാനങ്ങൾ ലക്ഷ്യമിട്ടെന്ന് സഭാ വൃത്തങ്ങളും
കോട്ടയം: ക്രൈസ്തവ സഭകൾ സ്വന്തം ഇഷ്ടം പോലെ സ്വത്ത് കൈകാര്യം ചെയ്യുന്നു. എന്തു കൊണ്ട് ഹിന്ദു ആരാധനാലയങ്ങൾക്ക് മാത്രം ദേവസം ബോർഡ് എന്ന ചോദ്യം ഉയർത്തുന്ന സംഘപരിവാർ സംഘടനകളുടെ പ്രധാനവാദമാണ്. എന്നാൽ സ്വത്ത് കൈകാര്യം ചെയ്യുന്നതിൽ ക്രൈസ്തവ സംഘടനകൾക്കും വ്യക്തികൾക്കും ഇടയിൽ ചർച്ച കടുക്കുകയാണ്. ഹിന്ദു സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിന
കോട്ടയം: ക്രൈസ്തവ സഭകൾ സ്വന്തം ഇഷ്ടം പോലെ സ്വത്ത് കൈകാര്യം ചെയ്യുന്നു. എന്തു കൊണ്ട് ഹിന്ദു ആരാധനാലയങ്ങൾക്ക് മാത്രം ദേവസം ബോർഡ് എന്ന ചോദ്യം ഉയർത്തുന്ന സംഘപരിവാർ സംഘടനകളുടെ പ്രധാനവാദമാണ്. എന്നാൽ സ്വത്ത് കൈകാര്യം ചെയ്യുന്നതിൽ ക്രൈസ്തവ സംഘടനകൾക്കും വ്യക്തികൾക്കും ഇടയിൽ ചർച്ച കടുക്കുകയാണ്. ഹിന്ദു സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിന് സമാനമായ നിയമം ക്രൈസ്തവ സ്വത്തുക്കൾക്കും നടപ്പിലാക്കണമെന്നാണ് ആവശ്യം. നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയ സാഹചര്യത്തിൽ ഈ ആവശ്യം ശക്തമായി ഉന്നയിക്കാനാണ് ചില ക്രൈസ്തവ സംഘടനകൾ തയ്യാറെടുക്കുന്നത്.
ക്രൈസ്തവ സഭകളുടെ സമൂഹസമ്പത്ത് അപഹരിക്കാൻ രൂപതാ മെത്രാന്മാരെ അനുവദിക്കരുത്. അടിച്ചുമാറ്റിയ സമ്പത്ത് തിരിച്ചുപിടിക്കണം. അവരുടെ സ്വിസ്സ് ബാങ്കിലുള്ള നിക്ഷേപവും തിരികെ കൊണ്ടുവരണം. ഹിന്ദുക്കൾക്കും, മുസ്ലീമുകൾക്കും, സിക്കുകാർക്കും അവരുടെ മതത്തിന്റെ സമൂഹസമ്പത്ത് ഭരിക്കാൻ നിയമമുള്ളതുപോലെ ക്രൈ സ്തവർക്കും ഒരു നിയമം വേണം-കേരളാ കത്തോലിക്ക ഫെഡറേൻഷൻ ജനറൽ സെക്രട്ടറി വികെ ജോയിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റാണ്. ഇതുമായി ബന്ധപ്പെട്ട് ജസ്റ്റീസ് കെടി തോമസ് ജന്മഭൂമിയിലൂടെ ലേഖനം എഴുതിക്കഴിഞ്ഞു. ഇന്ത്യയിലെ ക്രൈസ്ത മേലധ്യക്ഷന്മാർ സമ്പത്ത് കാട്ടി ഭരണകൂടങ്ങളെ നിലയ്ക്ക് നിർത്തുന്നുവെന്നാണ് കേരളാ കത്തോലിക്കാ ഫെഡറേഷന്റെ നിലപാട്.
ക്രൈസ്തവ സമൂഹത്തെ സംബന്ധിച്ചിടത്തോളം നീതിബോധം പലപ്പോഴും വളരെ താമസിച്ചാണ് ഉദിക്കുന്നത്. ക്രൈസ്തവരുടെ പൊതുസമ്പത്ത് ഭരിക്കുന്നതിന് നിയമം നിർമ്മിക്കാൻ ഇനി താമസം ഉണ്ടാകാൻ പാടില്ല. സ്വത്തുക്കളും സമ്പാദ്യങ്ങളും മതങ്ങളുടേതായാലും പാസ്റ്ററന്മാരുടേതായാലും മതമേലദ്ധ്യക്ഷന്മാരുടേതായാലും അവ ഭരിക്കുന്നതിന് പാർലമെന്റോ നിയമസഭകളോ പാസാക്കുന്ന നിയമങ്ങൾ വേണമെന്ന് പറയുമ്പോൾ അത് നമ്മുടെ അവകാശങ്ങളെ അപകടപ്പെടുത്തുമെന്ന് പ്രചാരണം നടത്തുന്നത് അധാർമ്മികമാണ്. അത് ന്യൂനപക്ഷങ്ങളുടെ മേലുള്ള കടന്നുകയറ്റമാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. ഞാൻ വഖഫ് നിയമത്തെക്കുറിച്ചും സിഖ്ഗുരുദ്വാര നിയമത്തെക്കുറിച്ചും എടുത്തു പറഞ്ഞത് അക്കാര്യം ചൂണ്ടിക്കാണിക്കുന്നതിനാണ്-ഇങ്ങനെയാണ് ഈ വിഷയത്തെ കെടി തോമസ് സമീപിക്കുന്നത്. ഇതിനെ പിന്തുണയ്ക്കുകയാണ് കത്തോലിക്കാ ഫെഡറേഷനും.
പള്ളികളിലെ സമ്പത്ത് ഇടവക അംഗങ്ങളുടേതാണ്. എന്നാൽ ഈ സ്വത്തിൽ ഇടവക അംഗങ്ങൾക്ക് യാതൊരു അധികാരവുമില്ല. മാർപ്പപ്പയെന്നത് വത്തിക്കാൻ ഭരണകൂടത്തിന്റെ തലവനാണ്. അദ്ദേഹം നിയമക്കുന്ന പ്രതിനിധിയാണ് മെത്രാന്മാരും രൂപതാധ്യക്ഷന്മാരും. ഇവർ പള്ളി സ്വത്തുക്കൾ യഥേഷ്ടം കൈകാര്യം ചെയ്യുന്നു. അങ്ങനെ സാമ്പത്തികമായി മതമേലധ്യക്ഷന്മാർ കരുത്തരാകുന്നു. ഈ സ്ഥിതി മാറി വിശ്വാസികൾക്ക് പള്ളി സ്വത്തിൽ നിയന്ത്രണം വരുന്ന തരത്തിൽ നിയമനിർമ്മാണം അനിവാര്യമാണെന്നാണ് വാദം. ഭരണഘടനയിലെ ആർട്ടിക്കിൾ 26-ബി ബാധകമാക്കണമെന്നാണ് ആവശ്യം. ഇടത് സർക്കാരിന്റെ കാലത്ത് ഭരണ പരിഷ്‌കരണത്തിന് ജസ്റ്റീസ് വിആർ കൃഷ്ണയ്യറുടെ നേതൃത്വത്തിൽ ഏകാംഗ കമ്മീഷനെ നിയമിച്ചിരുന്നു. ക്രൈസ്ത മതസ്ഥാപനങ്ങളിലെ സ്വത്ത് വിനിയോഗത്തിന് നിയമ നിർമ്മാണത്തിനുള്ള കരട് കൃഷ്ണയ്യർ തയ്യാറാക്കുകയും ചെയ്തു. എന്നാൽ അത് നടപ്പാക്കാൻ സർക്കാർ ആർജ്ജവം കാട്ടിയില്ല.
പള്ളി സ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന മതമേലധ്യക്ഷന്മാരെ സർക്കാരുകൾക്ക് ഭയമല്ല. ഈ സമ്പത്ത് കാട്ടിയാണ് വോട്ട് ബാങ്കുകളെ അവർ നിയന്ത്രിക്കുന്നത്. ഇതിനെ രാഷ്ട്രീയക്കാർ ഭയക്കുന്നു. അതുകൊണ്ട് തന്നെ ക്രൈസ്തവ സ്വത്തുക്കളുടെ നിയന്ത്രണത്തിന് നിയമനിർമ്മാണത്തിന് ആരും തയ്യറാടെക്കുന്നില്ലെന്ന് കേരളാ കത്തോലിക്കാ ഫെഡറേഷൻ ജനറൽ സെക്രട്ടറി വികെ ജോയി മറുനാടൻ മലയാളിയോട് പറഞ്ഞു. ജസ്റ്റീസ് കെടി തോമസ് മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശങ്ങൾ സ്വാഗതാർഹമാണ്. ഇത് കണക്കിലെടുത്ത് മോദി സർക്കാർ നിയമനിർമ്മാണം നടത്തുമെന്നാണ് കാത്തോലിക്കാ ഫെഡറേഷൻ പ്രതീക്ഷ. സമ്പത്ത് കൈയടക്കുന്ന പള്ളി വികാരിമാർ മുതലുള്ളവർ വിശ്വാസികളെ തെറ്റായ വഴിക്ക് നയിക്കുന്നുവെന്നതിന്റെ തെളിവാണ് ഒല്ലൂർ പള്ളിയിൽ റാഫേലിന്റെ മകന്റെ കല്ല്യാണം മുടക്കാനുള്ള നീക്കമെന്നും ജോയി ചൂണ്ടിക്കാട്ടുന്നു.
ഒല്ലൂർ വിഷയമുയർത്തി നിയമനിർമ്മാണത്തിന്റെ പ്രസക്തി വീണ്ടും ചർച്ചയാക്കുകയാണ് ഫെഡറേഷൻ. എന്നാൽ ബിജെപി ചമഞ്ഞ് നേട്ടങ്ങളും സ്ഥാനമാനങ്ങളും സ്വന്തമാക്കാനുള്ള തന്ത്രങ്ങളാണ് ഇവർ തയ്യാറാക്കുന്നതെന്നാണ് മറുവിഭാഗത്തിന്റെ വാദം. വിശ്വാസികളിൽ ഭൂരിപക്ഷവും സഭാ നേതൃത്വത്തെ പിന്തുണയ്ക്കുന്നു. അതുകൊണ്ടാണ് അവർക്ക് സമൂഹത്തിൽ മാന്യമായ സ്ഥാനം ലഭിക്കുന്നത്. സമ്പത്ത് കാട്ടി മതമേലധ്യക്ഷന്മാർ വിലപേശൽ നടത്തുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. കത്തോലിക്കാ സഭയുടെ എതിരാളികൾ പോലും അത്തരമൊരു ആക്ഷേപം ഇതുവരെ ഉയർത്തിയിട്ടില്ലെന്നും അവർ പറയുന്നു. ബഹുഭൂരിപക്ഷത്തിന്റെ അഭിപ്രായം മാനിച്ചു മാത്രമേ വിശ്വാസ പ്രശ്‌നങ്ങളിൽ ജനാധിപത്യ സർക്കാരുകൾ ഇടപെടാറുള്ളൂ. ഈ മാതൃകയാകും കേന്ദ്ര സർക്കാരും തുടരുകയെന്നാണ് സഭാ നേതൃത്വത്തിന്റെ വിലയിരുത്തൽ.
ജന്മഭൂമിയിൽ കെടി തോമസ് എഴുതിയ ലേഖനം ചുവടെ
രാഷ്ട്രനിയമത്തിനു വിധേയമല്ലാതെ വസ്തുവകകൾ ഭരിക്കാൻ മതസമൂഹങ്ങൾക്ക് അവകാശമില്ല. ഇന്ന് ഭാരതത്തിൽ ഇതര മതവിഭാഗങ്ങളിലെ സ്വത്തുക്കളും സ്ഥാപനങ്ങളും ഭരിക്കപ്പെടുന്നത് രാഷ്ട്രത്തിലെ നിയമം അനുസരിച്ചാണ്. എന്നാൽ കഷ്ടമെന്ന് പറയട്ടെ ക്രൈസ്തവ സഭകളുടെ സമ്പത്ത് ഭരിക്കപ്പെടുന്നത് രാഷ്ട്രനിയമത്തിന് വിധേയമായിട്ടല്ല. മതത്തിന്റെ പേരിലോ, മതസ്ഥാപനങ്ങളുടെ പേരിലോ വിദേശത്തുനിന്നോ സ്വദേശത്തുനിന്നോ സമാഹരിക്കുന്ന സ്വത്തുക്കൾ നിയമവിധേയമായിരിക്കേണ്ടതാണ്.
രാഷ്ട്രനിയമത്തിനു വിധേയമല്ലാതെ വസ്തുവകകൾ ഭരിക്കാൻ മതസമൂഹങ്ങൾക്ക് അവകാശമില്ല. ഇന്ന് ഭാരതത്തിൽ ഇതര മതവിഭാഗങ്ങളിലെ സ്വത്തുക്കളും സ്ഥാപനങ്ങളും ഭരിക്കപ്പെടുന്നത് രാഷ്ട്രത്തിലെ നിയമം അനുസരിച്ചാണ്. എന്നാൽ കഷ്ടമെന്ന് പറയട്ടെ ക്രൈസ്തവ സഭകളുടെ സമ്പത്ത് ഭരിക്കപ്പെടുന്നത് രാഷ്ട്രനിയമത്തിന് വിധേയമായിട്ടല്ല. മതത്തിന്റെ പേരിലോ, മതസ്ഥാപനങ്ങളുടെ പേരിലോ വിദേശത്തുനിന്നോ സ്വദേശത്തുനിന്നോ സമാഹരിക്കുന്ന സ്വത്തുക്കൾ നിയമവിധേയമായിരിക്കേണ്ടതാണ്.
christianlawഭാരതം ഭരണഘടനാധിഷ്ഠിതമായ ഒരു റിപ്പബ്ലിക് ആയതുകൊണ്ട് നിയമത്തിന്റെ കീഴിൽ കൊണ്ടുവരാത്ത യാതൊരു പ്രവർത്തനമണ്ഡലങ്ങളും റിപ്പബ്ലിക്കിൽ ഉണ്ടാവാൻ പാടില്ലെന്നുള്ളത് പ്രജാഭരണത്തിന്റെ ഒരു അടിസ്ഥാന പ്രമാണമാണ്. അതുകൊണ്ട് ക്രൈസ്തവ സഭകളുടെ വരുമാനങ്ങളും സ്വത്തുക്കളും നിയമത്തിന് വിധേയമായിരിക്കണം എന്നുള്ളത് ആർക്കും നിഷേധിക്കാനാവില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. ജനാധിപത്യ റിപ്പബ്ലിക്കിലെ ഏറ്റവും ഉന്നതനായ വ്യക്തിയും നിയമത്തിന് താഴെയാണ്. ഇത് റിപ്പബ്ലിക്കിന്റെ പരമപ്രധാനമായ പ്രതിപാദ്യ ധർമ്മമാണ്. മതവിശ്വാസികൾക്കു പ്രവർത്തിക്കാനും പ്രചാരണം നടത്താനുമുള്ള അവകാശം ഭാരത ഭരണഘടന നൽകിയിരിക്കുന്നത് മതസമുദായങ്ങൾക്കല്ല. വ്യക്തികൾക്കാണ്. അത് 25ാം അനുഛേദത്തിൽ വ്യക്തമായി പറയുന്നുണ്ട്. എങ്കിൽ തന്നെയും പ്രസ്തുത അവകാശം നാലു വിഷയങ്ങൾക്ക് വിധേയമായിരിക്കുമെന്നും അതേ അനുഛേദത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഒന്ന്: പൊതുക്രമസമാധാനം, രണ്ട:് പൊതുസദാചാര തത്വങ്ങൾ, മൂന്ന്: പൊതുജനാരോഗ്യം, നാല്: മൗലിക അവകാശങ്ങൾ എന്നിവയാണത്. അവയ്ക്കാണ് മതവിശ്വാസത്തേക്കാൾ പ്രാധാന്യം കൊടുത്തിട്ടുള്ളത്. ഭരണഘടനയുടെ 26ാം വകുപ്പിൽ സഭയുടെ സ്വത്തുക്കൾ സംബന്ധിച്ചുള്ള അവകാശത്തെപ്പറ്റി പ്രതിപാദിക്കുന്നത് ഇങ്ങനെയാണ്: Subject to Public Order, Moraltiy and health, every religion denomination or any section thereof shall have the right to own and acquire movable and immovable propetry and to administer such propetry in accordance with law. ഇവിടെ ഹമം എന്നത് പാർലമെന്റും നിയമസഭകളും പാസാക്കുന്ന നിയമം എന്നാണ് വിവക്ഷിക്കുന്നത്. എന്നാൽ മതസ്ഥാപനങ്ങൾക്കു വേണ്ടിയുള്ള മൗലിക അവകാശമായി ഈ വകുപ്പിനെ ഭരണഘടനാശിൽപികൾ ഉദ്ദേശിച്ചിട്ടില്ല. രാഷ്ട്രനിയമത്തിനു വിധേയമല്ലാതെ വസ്തുവകകൾ ഭരിക്കാൻ മതസമൂഹങ്ങൾക്ക് അവകാശമില്ല. ഇന്ന് ഭാരതത്തിൽ ഇതര മതവിഭാഗങ്ങളിലെസ്വത്തുക്കളും സ്ഥാപനങ്ങളും ഭരിക്കപ്പെടുന്നത് രാഷ്ട്രത്തിലെ നിയമം അനുസരിച്ചാണ്. എന്നാൽ കഷ്ടമെന്ന് പറയട്ടെ, ക്രൈസ്തവ സഭകളുടെ സമ്പത്ത് ഭരിക്കപ്പെടുന്നത് രാഷ്ട്രനിയമത്തിന് വിധേയമായിട്ടല്ല. മതത്തിന്റെ പേരിലോ, മതസ്ഥാപനങ്ങളുടെ പേരിലോ വിദേശത്തുനിന്നോ സ്വദേശത്തുനിന്നോ സമാഹരിക്കുന്ന സ്വത്തുക്കൾ നിയമവിധേയമായിരിക്കേണ്ടതാണ്.
ഇംഗ്ലണ്ടിൽ കൂടുതൽ കാലം പ്രധാനമന്ത്രി ആയിരുന്ന വില്യം പിറ്റ് (ജൂനിയർ) പറഞ്ഞ ഒരു സൂക്തം ഇതാണ് 'എവിടെ നിയമം അവസാനിക്കുന്നുവോ അവിടെ അരാജകത്വം ആരംഭിക്കുന്നു. ('where law ends there the anarchy begins') വിശ്വപ്രസിദ്ധ സാഹിത്യകാരനായ ഒലിവർ ഗോൾഡ് സ്മിത്തിനെ ഞാൻ ഉദ്ധരിക്കട്ടെ. 'എവിടെ സമ്പത്തു കുമിഞ്ഞുകൂടുന്നുവോ അവിടെ മനുഷ്യർ ജീർണ്ണിക്കുന്നു' ('where wealth accumulates there men decay') ഗോൾഡ് സ്മിത്തിന്റെ പ്രസ്താവന ഒരു ധർമ്മശാസ്ത്രമാണെങ്കിൽ വില്യം പിറ്റിന്റേത് ഒരു റിപ്പബ്ലിക്കൻ പ്രമാണമാണ്. ഭാരതത്തിലുള്ള ഇതര വിവിധ മതസ്ഥാപനങ്ങളെ സംബന്ധിച്ച് നിയമവും നിയന്ത്രണങ്ങളും ഉണ്ട്. ഹിന്ദുമതധർമ്മസ്ഥാപനങ്ങളെ സംബന്ധിച്ചുള്ള നിയമങ്ങൾ അനുസരിച്ച് (Hindu Religion Institution Act, Hindu Religious and Charitable Endowment Act എന്നിവയാണ് അവ). ഹൈന്ദവക്ഷേത്രങ്ങളുടെ വരുമാനങ്ങൾക്ക് കണക്കുബോധിപ്പിക്കാനുള്ള ബാധ്യത അതിന്റെ നടത്തിപ്പുകാർക്കുണ്ട്. കേരളത്തിലെ ഏറ്റവും കൂടുതൽ വരുമാനമുള്ള ശബരിമല ക്ഷേത്രം ആ നിയമത്തിൽപ്പെടുന്നതാണ്. എന്നാൽ ഗുരുവായൂർക്ഷേത്രം അതിൽപ്പെടുകയില്ലെന്നൊരു വാദം ഉയർന്നതിനെ തുടർന്നു ഗുരുവായൂർ ദേവസ്വം ആക്ട് പാസാക്കിയിട്ടുണ്ട്. അവയുടെ അടിസ്ഥാനത്തിൽ ആ സ്ഥാപനങ്ങളുടെ സ്വത്തുക്കൾ ഓഡിറ്റ് ചെയ്യേണ്ടതും അതിന്റെ റിപ്പോർട്ടുകൾക്ക് ഹൈക്കോടതി മേൽനോട്ടം നടത്തണമെന്നും നിയമവ്യവസ്ഥയുണ്ട്. കേരള ഹൈക്കോടതിയുടെ രണ്ടു ജഡ്ജിമാർ അടങ്ങുന്ന ഒരു ഡിവിഷൻ ബഞ്ചിനാണ് ആ ചുമതലയുള്ളത്. ഈ ഡിവിഷൻ ബഞ്ച് അത് വളരെ സസൂക്ഷ്മം പരിശോധിക്കുന്നുണ്ട്. ഞാൻ ഹൈക്കോടതി ജഡ്ജി ആയിരുന്നപ്പോൾ ജസ്റ്റിസ് പരിപൂർണ്ണനും ഞാനും ഉൾപ്പെടുന്ന ഡിവിഷൻ ബഞ്ച് ഈ ചുമതല വളരെക്കാലം നിർവ്വഹിച്ചിട്ടുണ്ട്.
ഭാരതത്തിലെ ഏറ്റവും വരുമാനമുള്ള ഹൈന്ദവക്ഷേത്രം തിരുപ്പതിയിലെ തിരുമലക്ഷേത്രമാണ്. അതിന് മാത്രമായി ഒരു നിയമം പാർലമെന്റ് പാസാക്കിയതിന്റെ അടിസ്ഥാനത്തിൽ മാത്രമേ ആ ക്ഷേത്രത്തിന്റെ വമ്പിച്ച സ്വത്തുക്കളും വരുമാനങ്ങളും ഭരിക്കപ്പെടാനാവുകയുള്ളൂ. അതിന്റെ കണക്കുകൾ സുതാര്യവും പരിശോധനാ വിധേയവുമായിരിക്കേണ്ടതാണെന്നു നിയമം അനുശാസിക്കുന്നു. ഇതെല്ലാം പൊതുനിയമത്തിന്റെ ശൃംഖലയ്ക്കു കീഴിൽ കൊണ്ടുവരണമെന്ന് പറയുന്നതു പ്രജാഭരണചിന്തയുടെ ഭാഗമായിട്ടായിരുന്നു. നിയമങ്ങൾ ഹിന്ദുക്കളുടെ ക്ഷേത്രങ്ങൾക്കു മാത്രമല്ല; മതന്യൂനപക്ഷങ്ങൾ ഇപ്രകാരമൊരു നിയമത്തിന്റെ കീഴിൽ വരേണ്ട കാര്യമില്ലെന്ന് ധരിക്കുന്നുണ്ടെങ്കിൽ അത് തെറ്റിദ്ധാരണമാത്രമാണ്. ഭാരതത്തിലെ മതന്യൂനപക്ഷമായ മുസ്ലിങ്ങളുടെ പൊതുസ്വത്തുക്കളെ സംബന്ധിച്ച് ഒരു നിയമം ഇന്ന് നിലവിലുണ്ട്. അതിനെ വഖഫ് ആക്ട് എന്ന് പറയാം. വഖഫ് എന്നത് മുസ്ലിങ്ങളുടെ പൊതുസ്വത്തിനെ പറയുന്ന ഒരു അറബി വാക്കാണ്. വഖഫ് ആക്ട് പ്രകാരം മുസ്ലിങ്ങളുടെ പൊതുസ്വത്തുക്കൾ സംബന്ധിച്ച് തർക്കം തീരുമാനിക്കാൻ ഒരു ട്രിബ്യൂണൽ തന്നെയുണ്ട്.
ഭാരതത്തിലെ മതന്യൂനപക്ഷമായ സിഖുകാർക്കും അവരുടെ മതസ്ഥാപനങ്ങൾ സംബന്ധിച്ച് ഒരു നിയമം ഉണ്ട്. സിഖ് ഗുരുദ്വാര ആക്ട്. അവരുടെ സ്വത്തുക്കളും വരുമാനവും ഭരിക്കുന്നത് ഈ ആക്ടിന്റെ വ്യവസ്ഥകൾ അനുസരിച്ചാണ്. ഇവയെല്ലാം ഭാരത ഭരണഘടനപ്രകാരം പാസാക്കിയ നിയമങ്ങൾ ആണ്. നിയമവിധേയമാക്കപ്പെടുന്നതുകൊണ്ട് പ്രസ്തുത മതങ്ങളുടെ അവകാശങ്ങളോ, ആചാരാനുഷ്ഠാനങ്ങളോ ഏതെങ്കിലും തരത്തിൽ വ്രണപ്പെട്ടതായി ഇന്നുവരെ ആരും പരാതി പറഞ്ഞിട്ടില്ലെന്നുകൂടി ഓർക്കുക. നിർഭാഗ്യമെന്ന് പറയട്ടെ യാതൊരു രാഷ്ട്രനിയമത്തിനും വിധേയമല്ലാതെ സമ്പത്തു വിപുലപ്പെടുത്തുന്നവർ ക്രിസ്ത്യൻ മതനേതാക്കൾ മാത്രമാണ്. സ്വദേശത്തുനിന്നും വിദേശത്തുനിന്നും ഇവരുടെ പ്രവർത്തനങ്ങൾക്ക് ഗണ്യമായ വരുമാനം ഉണ്ടെന്ന് വിശ്വസിക്കാൻ എല്ലാ ന്യായങ്ങളും ഉണ്ട്. ഈ സ്ഥാപനങ്ങളുടെ സമ്പത്തു സമാഹരണത്തിനും വിനിയോഗത്തിനും നിയമപരമായ നിയന്ത്രണങ്ങൾ ഉണ്ടായേ തീരൂ. ഈ സ്ഥാപനങ്ങളുടെ മേൽവിചാരകന്മാരായ മതമേലദ്ധ്യക്ഷന്മാർ ആദായനികുതിക്കും വിധേയരല്ലെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
ചില ന്യൂജനറേഷൻ സഭകളുടെ തലവന്മാർക്ക് വന്നുകൂടുന്ന ധനശേഖരത്തിന്റെ സ്രോതസ്സുകളും നിക്ഷേപങ്ങളും സംബന്ധിച്ച് കേട്ടുകൊണ്ടിരിക്കുന്ന വാർത്തകൾ ശരിയാണെങ്കിൽ അവ ആരെയും അമ്പരപ്പിക്കുവാൻ മതിയായതാണ്. നോൺ എപ്പിസ്‌കോപ്പൽ സഭകളുടെ ഉന്നതശ്രേണിയിലുള്ള പാസ്റ്ററന്മാർ ദശാംശം എന്ന കണക്കിൽ തങ്ങളുടെ വിശ്വാസികളായ അനുയായികളിൽ നിന്നും സമ്പാദിച്ചെടുക്കുന്ന ധനത്തിന്റെ കണക്കു ബോധിപ്പിക്കുവാൻ ഇപ്പോൾ അവർക്കു യാതൊരു ബാദ്ധ്യതയുമില്ല. (ദശാംശം എന്നത് ബൈബിളിലെ പഴയനിയമത്തിൽ മോശെ തന്റെ അനുയായികളായ യഹൂദന്മാരോട് പിരിച്ചെടുത്തുകൊണ്ടിരുന്നത് ദൈവമായ യഹോവ അപ്രകാരം കൽപിക്കുന്നു എന്നത് അവരെ ധരിപ്പിച്ചുകൊണ്ടായിരുന്നു. യേശുക്രിസ്തു ഇപ്രകാരമുള്ള ദശാംശത്തെ അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ലെങ്കിലും സമ്പാദ്യത്തിനുള്ള സ്രോതസ്സായി ന്യൂജനറേഷൻ പാസ്റ്ററന്മാർ ദശാംശം എന്ന പ്രമാണം ഇപ്പോഴും ഉപയോഗിച്ച് ധനസമ്പാദനം നടത്തുന്നു.)
വിവിധ ക്രിസ്തീയ സമുദായങ്ങളുടെ മേലദ്ധ്യക്ഷന്മാർക്കും മേൽപറഞ്ഞ പാസ്റ്ററന്മാർക്കും ലഭിച്ചുകൊണ്ടിരിക്കുന്ന സ്വത്തുക്കൾക്ക് അദായനികുതി കൊടുക്കാതെ അവരിൽ പലരും സ്വന്തമായും ചിലർ അവരുടെ കുടുംബാംഗങ്ങൾക്കായും സമ്പത്തുകൾ മാറ്റുന്നുണ്ടെന്ന് വിശ്വസിക്കുന്ന അനവധിപേരെ ഈ ലേഖകന് അറിയാം. സ്വന്തമായി വലിയവീടുകൾ വച്ചും വലിയ ആഡംബരകാറുകൾ വാങ്ങിയും അവരിൽ പലരും (അപൂർവ്വം ചിലർ ഒഴികെ) സൗഭാഗ്യ ജീവിതം നയിച്ചുവരുന്നു. ഭാരതത്തിൽ ആദായനികുതിക്ക് വിധേയരല്ലാത്ത ആദായമുള്ളവർ ആരും ഉണ്ടാകാൻ പാടില്ലെന്ന് പറയുന്നതിൽ എന്തെങ്കിലും അപാകതയുണ്ടോ?
എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമങ്ങൾക്ക് ഡൊണേഷൻ എന്ന പേരിൽ ഗണ്യമായ സംഖ്യവാങ്ങുന്നത് നിയമവിരുദ്ധമാണെന്നറിയാമെങ്കിലും തങ്ങൾ ആരും അത് വാങ്ങുന്നില്ലെന്ന് രഹസ്യമായിപ്പോലും പറയാൻ ഒരു സഭയുടെയും നേതൃത്വം തയ്യാറല്ലെന്ന് ഓർക്കണം.
എയ്ഡഡ് സ്‌കൂളുകളിലും കോളേജുകളിലും നടത്തുന്ന നിയമനങ്ങൾക്ക് കോഴവാങ്ങാത്ത അപൂർവ്വം സ്ഥാപനങ്ങളെ എനിക്കറിയാം. വാങ്ങുന്ന കോഴയുടെ സംഖ്യയ്ക്ക് രസീതോ മറ്റ് രേഖകളോ നൽകുകയില്ലെന്ന് മാത്രമല്ല സ്ഥാപനങ്ങളുടെ കണക്കുകളിൽ പോലും അത് കാണിക്കാത്ത ഭൂരിപക്ഷം സഭകളും കള്ളക്കണക്ക് എഴുതുന്നുണ്ടെന്നുള്ളത് ഒരു പരമാർത്ഥമാണ്. അതായത് ഭൂരിപക്ഷം സഭാവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഈ കള്ളപ്പണം കുമിഞ്ഞുകൂടിക്കൊണ്ടിരിക്കുന്നു. ഇത് നിയമംമൂലം തടയുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നില്ലെങ്കിൽ ഭാവിയിൽ പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള ഒരു സാമൂഹിക വിപത്തായി അത് വളർന്നുകൊണ്ടിരിക്കും. (ഒരു സാമൂഹിക തിന്മയായി വളർന്ന സ്ത്രീധന സമ്പ്രദായം നിയമംമൂലം നിരോധിക്കുകയും പിന്നീട് കർക്കശമായ വകുപ്പുകൾ ചേർത്ത് സ്ത്രീധന കുറ്റങ്ങളിൽ ഏർപ്പെടുന്നവർക്ക് രക്ഷപെടാൻ സാധിക്കാത്തതരത്തിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്ത വസ്തുത ഇത്തരുണത്തിൽ ചൂണ്ടിക്കാണിക്കട്ടെ). എല്ലാ സ്രോതസ്സുകളിലുമായി കുമിഞ്ഞുകൂടുന്ന സഭാസ്വത്തുക്കളുടെ ഭരണം നിയന്ത്രിക്കുന്നതിനുള്ള നിയമം വന്നതുകൊണ്ടുമാത്രം ആ സ്വത്തുക്കൾ ഗവൺമെന്റ് ഏറ്റെടുക്കുമെന്ന് പ്രചരിപ്പിക്കുന്നതിൽ അർത്ഥമില്ല. നിയമം ഉള്ളതുകൊണ്ട് ഹിന്ദുസമുദായങ്ങളുടേയോ, മുസ്ലിങ്ങളുടേയോ സിഖുകാരുടെയോ സമൂഹസമ്പത്ത് ഗവൺമെന്റ് ഏറ്റെടുത്തിട്ടില്ല. ഏറ്റെടുക്കാനാവുകയുമില്ല. സഭകളുടെ സാമ്പത്തിക കാര്യങ്ങളിൽ പൊതുസുതാര്യത ഉണ്ടാവുന്നത് നവോത്ഥാനത്തിനും ശുചീകരണത്തിനും ഉപകാരമായി തീരുകയേ ഉള്ളൂ.
സമൂഹത്തിൽ നിലനിന്നിരുന്ന മറ്റു ചില ദുഷ്പ്രവണതകളെ ശുദ്ധീകരിക്കാനോ മാറ്റംവരുത്താനോ വിമുഖത പ്രദർശിപ്പിച്ചിരിക്കുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നുവെന്ന് ഓർമ്മിപ്പിക്കട്ടെ. ക്രിസ്ത്യൻ കുടുംബത്തിലെ സ്ത്രീകൾക്ക് പിതാവിന്റെ സ്വത്തിൽ നിന്ന് നിയമപ്രകാരം കിട്ടേണ്ട അവകാശം പിതാവ് വിൽപത്രം എഴുതി വയ്ക്കുന്നില്ലെങ്കിൽ ലഭിക്കുമായിരുന്നില്ല. 5000 രൂപയോ മകന്റെ സ്വത്തിന്റെ കാൽഭാഗമോ ഇതിലേതാണോ കൂടുതൽ അതു കിട്ടുന്നതിനു മാത്രമേ പെൺമക്കൾക്ക് 1985 വരെ അവകാശം ഉണ്ടായിരുന്നുള്ളൂ. വളരെ പ്രാകൃതമായ ഒരു നിയമമായിരുന്നു അത്. നിയമത്തിന്റെ മാറ്റത്തിന് വേണ്ടി ഒരു ക്രിസ്തീയ വിഭാഗവും ആഹ്വാനം നടത്താതിരുന്ന കാലത്താണ് കോട്ടയം സ്വദേശിനി മേരി റോയി സുപ്രീംകോടതിയിൽ നേരിട്ട് റിട്ട് ഹർജി കൊടുത്തത്. (ഞാൻ അഭിഭാഷകനായിരുന്നപ്പോൾ മേരിറോയിയുടെ നിയമ ഉപദേശകനായിരുന്നു) അതനുസരിച്ച് സ്ത്രീക്കും പുരുഷനും പിതൃസ്വത്തിന്മേൽ 1951 മുതൽ തുല്യഅവകാശമുണ്ടെന്ന് സുപ്രീംകോടതി 1985 വിധിച്ചു. സ്ത്രീക്കും പുരുഷനും തമ്മിൽ വിവേചനം പാടില്ലെന്ന് പറയുന്ന ഒരു റിപ്പബ്ലിക്കിൽ ആ വിവേചനം ഭരണഘടന നടപ്പാക്കിയതിന് ശേഷം ഏകദേശം 35 വർഷക്കാലം കൂടി ഇവിടെ നിലനിന്നിരുന്നു!
ക്രൈസ്തവ സമൂഹത്തെ സംബന്ധിച്ചിടത്തോളം നീതിബോധം പലപ്പോഴും വളരെ താമസിച്ചാണ് ഉദിക്കുന്നത്. ക്രൈസ്തവരുടെ പൊതുസമ്പത്ത് ഭരിക്കുന്നതിന് നിയമം നിർമ്മിക്കാൻ ഇനി താമസം ഉണ്ടാകാൻ പാടില്ല. സ്വത്തുക്കളും സമ്പാദ്യങ്ങളും മതങ്ങളുടേതായാലും പാസ്റ്ററന്മാരുടേതായാലും മതമേലദ്ധ്യക്ഷന്മാരുടേതായാലും അവ ഭരിക്കുന്നതിന് പാർലമെന്റോ നിയമസഭകളോ പാസാക്കുന്ന നിയമങ്ങൾ വേണമെന്ന് പറയുമ്പോൾ അത് നമ്മുടെ അവകാശങ്ങളെ അപകടപ്പെടുത്തുമെന്ന് പ്രചാരണം നടത്തുന്നത് അധാർമ്മികമാണ്. അത് ന്യൂനപക്ഷങ്ങളുടെ മേലുള്ള കടന്നുകയറ്റമാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. ഞാൻ വഖഫ് നിയമത്തെക്കുറിച്ചും സിഖ്ഗുരുദ്വാര നിയമത്തെക്കുറിച്ചും എടുത്തു പറഞ്ഞത് അക്കാര്യം ചൂണ്ടിക്കാണിക്കുന്നതിനാണ്.