ന്യൂഡൽഹി: ആകാശത്ത് വിസ്മയം വിരിയിച്ച് ഡ്രോൺ ലേസർ ഷോ. റിപ്പബ്ലിക് ദിനാഘോഷത്തിന് സമാപനം കുറിച്ച് ബീറ്റിങ് റിട്രീറ്റിന്റെ ഭാഗമായാണ് ഡ്രോൺ ലേസർ ഷോ അരങ്ങേറിയത്. ഡൽഹി വിജയ്ചൗക്കിലാണ് ബീറ്റിങ് റിട്രീറ്റ് നടന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ചീഫ് ജസ്റ്റിസ് എൻവി രമണ എന്നിവർ ബീറ്റിങ് റിട്രീറ്റിന് സാക്ഷിയായി.

 'ഹേ കാഞ്ച', 'ചന്ന ബിലൗരി', 'ജയ് ജനം ഭൂമി', 'നൃത്യ സരിത', 'വിജയ് ജോഷ്', 'കേസരിയ ബന്ന', 'വീർ സിയാച്ചിൻ', 'ഹാത്രോയ്', 'വിജയഘോഷ്', 'ലഡാക്കൂ', 'സ്വദേശി', 'അമർ ചട്ടൻ', 'ഗോൾഡൻ ആരോസ്', 'സ്വർണ്ണ ജയന്തി' തുടങ്ങിയ 26 രാഗങ്ങളാണ് ഈ വർഷത്തെ ചടങ്ങിൽ മുഴങ്ങിയത്. പരിപാടിയിൽ 44 ബഗ്ലർമാരും 16 ട്രംപറ്ററുകളും 75 ഡ്രമ്മറുകളും പങ്കുചേർന്നു. രാജ്യത്തിനായി വീരമൃത്യു വരിച്ച് സൈനികർക്കും, മറ്റ് സേനാ ഉദ്യോഗസ്ഥർക്കും, രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കും ഭാരതീയ സംഗീതത്തിലൂടെ പരപാടിയിൽ ആദരവർപ്പിച്ചു.

ഇന്ത്യൻ സൈനിക ചരിത്രത്തിൽ ഏറെ പുതുമകൾ നിറഞ്ഞതായിരുന്നു ഈ വർഷത്തെ ബീറ്റിങ് റിട്രീറ്റ്. വാദ്യസംഘം പാശ്ചാത്യ ബാന്റ് രചനകൾക്ക് പകരമായി ഇന്ത്യൻ സംഗീതമാണ് ഇക്കുറി ആലപിച്ചത്. കൂടാതെ, ഈ വേളയിൽ ആയിരം തദ്ദേശീയ ഡ്രോണുകൾ ഉപയോഗിക്കുന്ന വർണവിസ്മയക്കാഴ്ചയും ഒരുക്കിയിരുന്നു. ആസാദി കാ അമൃത മഹോത്സവം എന്നതിനെ ഉയർത്തിക്കാട്ടുന്ന ചിത്രങ്ങളാണ് ആകാശത്ത് ഡ്രോണുകൾ വരച്ചുകാട്ടിയത്. ഐ.ഐ.ടി ഡൽഹിയുടെ നേതൃത്വത്തിൽ ബോട്‌ലാബ് ഡൈനാമിക്‌സ് എന്ന സ്ഥാപനമാണ് ഡ്രോൺ ഷോ ഒരുക്കിയത്. എല്ലാ വർഷവും ജനുവരി 29നാണ് ബീറ്റിങ് ദി റിട്രീറ്റ് നടത്തിവരുന്നത്. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ പരിസമാപ്തി കുറിക്കലാണ് ഈ പരിപാടിയുടെ ഉദ്ദേശ്യം.

 

'ലോകത്ത് ബീറ്റിങ് ദി റിട്രീറ്റ് പരിപാടിയിൽ ആയിരം ഡ്രോണുകൾ ദൃശ്യ വിസ്മയം ഒരുക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. യുകെ, റഷ്യ, ചൈന എന്നിവിടങ്ങളിൽ ഇതിന് മുൻപ് ഇത്തരത്തിൽ ഡ്രോൺ ഉപയോഗിച്ച് വലിയ രീതിയിലുള്ള പ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്' കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അഭിപ്രായപ്പെട്ടു.