വാഷിങ്ങ്ടൺ: നവോത്ഥാനകാലത്തെ അസാമാന്യപ്രതിഭാശാലി ലിയോനാർഡോ ഡാവിഞ്ചിക്ക് പിൻതലമുറക്കാരായി ഈ കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്നത് പതിനാലുപേർ. പതിറ്റാണ്ടുകൾ നീണ്ട ശാസ്ത്രീയ പഠനങ്ങൾക്കൊടുവിലാണ് ഗവേഷകർ ഇവരെ കണ്ടെത്തിയിരിക്കുന്നത്.എന്നാൽ പഠനറിപ്പോർട്ടിൽ ഡാവിഞ്ചിയുടെ പിൻഗാമികളെ കുറിച്ചുള്ള സൂചനകൾ ലഭ്യമാക്കിയിട്ടില്ല. ആ വ്യക്തികളുടെ സ്വകാര്യത കാത്തു സൂക്ഷിക്കുന്നതിന് വേണ്ടിയാണിത്.

ജൂലായിൽ പ്രസിദ്ധീകരിച്ച ഹ്യൂമൻ ഇവല്യൂഷൻ എന്ന ജേണലിലാണ് ഗവേഷണറിപ്പോർട്ട് ഉൾപ്പെടുത്തിയിരിക്കുന്നത്.ലിയാനാർഡോ ഡാവിഞ്ചി ഡിഎൻഎ പ്രോജക്ടിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ പിൻതലമുറക്കാരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചത്. ഡാവിഞ്ചിയുടേതാണെന്ന് കരുതപ്പെടുന്ന വസ്തുക്കൾ അദ്ദേഹത്തിന്റേതാണെന്ന് ഉറപ്പിക്കുന്നതിനും ഡാവിഞ്ചിയുടെ അസാമാന്യ ബുദ്ധി വൈഭവത്തേയും പ്രതിഭാസമ്പന്നതയേയും സൂക്ഷ്മദൃഷ്ടിയേയും കുറിച്ച് കൂടുതൽ മനസിലാക്കുന്നതിനും വേണ്ടിയുള്ള ജനിതപഠനപദ്ധതിയാണ് ലിയാനാർഡോ ഡാവിഞ്ചി ഡിഎൻഎ പ്രോജക്ട്.

ഡാവിഞ്ചിയുമായി ബന്ധപ്പെട്ട് പൊതുവിടങ്ങളിലും സ്വകാര്യശേഖരങ്ങളിലും സൂക്ഷിച്ച വിവിധ വസ്തുക്കളും രേഖകളും ഗവേഷകർ പഠനവിധേയമാക്കി. ഡാവിഞ്ചിയുടെ പ്രത്യേകതകൾ, പ്രായത്തിൽ കവിഞ്ഞ അസാമാന്യസാമർഥ്യം, ഇടംകയ്യനെന്ന നിലയിൽ ബുദ്ധിവൈഭവത്തിലുണ്ടായ ഉയർച്ച, അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി, ഉണ്ടായിരിക്കാനിടയുള്ള പാരമ്പര്യരോഗങ്ങൾ, ഇന്ദ്രിയാതീതമായ ഗുണഗണങ്ങൾ, കാഴ്ച വൈഭവം, സിനസ്തീഷ്യ എന്നിവയെ കുറിച്ചുള്ള പഠനങ്ങളാണ് നടത്തിയത്. പഠനത്തിന്റെ ഭാഗമായി തലമുറകളും നാല് ശാഖകളുമടങ്ങുന്ന ഒരു ജീനിയോളജിക്കൽ ട്രീയും ഗവേഷകർ സൃഷ്ടിച്ചിരുന്നു.

1452 ൽ ജനിച്ച ഡാവിഞ്ചി ശാസ്ത്രം, ഗണിതം, ശിൽപനിർമ്മാണം, എൻജീനിയിറിങ്, രൂപകൽപന, ഭൂഗർഭശാസ്ത്രം, ഭൂപടനിർമ്മാണം എന്നീ മേഖലകളിലും തന്റെ സമയം ചെലവഴിച്ചു. അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് ഇന്നും ഏറെ ആരാധകരുണ്ട്. മൊണാലിസയും അവസാനത്തെ അത്താഴവുമൊക്കെ ഇന്നും ലോകത്തിലെ ഏറ്റവും മികച്ച കലാസൃഷ്ടികളിൽ ഉൾപ്പെടുന്നവയാണ്. കൂടാതെ ഡാവിഞ്ചി ചിത്രങ്ങൾ വൻ വില നൽകിയാണ് ആരാധകർ സ്വന്തമാക്കുന്നത്. അദ്ദേഹത്തിന്റെ ചിത്രങ്ങളിലുപയോഗപ്പെടുത്തിയിരിക്കുന്ന സാങ്കേതികതയും വൈദഗ്ധ്യവും നിരവധി പഠനങ്ങൾക്ക് ഇപ്പോഴും വിധേയമാക്കപ്പെട്ടു കൊണ്ടിരിക്കുന്നു.