തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക സംവരണം കൊണ്ടുവരാൻ കേരള സർക്കാർ നീക്കം ശക്തമാക്കുന്നോ? ദേവസ്വം ബോർഡിൽ പത്തുശതമാനം മുന്നോക്ക വിഭാഗക്കാർക്ക് സംവരണം നൽകാനുള്ള നീക്കത്തിന് ഇങ്ങനെയൊരു വ്യാഖ്യാനം നൽകി സർക്കാർ ഉദ്യോഗസ്ഥരിൽ തന്നെ ഒരു വിഭാഗം. മുന്നോക്കക്കാർക്ക് സംവരണം കൊണ്ടുവരുന്നത് ഫലത്തിൽ സാമ്പത്തിക സംവരണത്തിലേക്ക് കാര്യങ്ങൾ എത്തിക്കാനുള്ള ശ്രമമാണെന്ന വിലയിരുത്തലിലാണ് മുസ്‌ളീം സംഘടനകളും. എസ്എൻഡിപി യോഗം ഉൾപ്പെടെയുള്ള സംഘടനകളും ഇക്കാര്യം ചർച്ചചെയ്യുന്നുണ്ട്.

ഇത്തരത്തിൽ ഒരു മുന്നോക്ക സംവരണം ദേവസ്വം ബോർഡിൽ കൊണ്ടുവരുന്നത് ഭരണഘടനാവിരുദ്ധം ആണെന്നും ബോർഡുകളുടെ സ്‌പെഷ്യൽ റൂളിൽ ഇത്തരത്തിൽ ഭേദഗതി കൊണ്ടുവരാൻ കഴിയില്ലെന്നും നിയമസെക്രട്ടറി ഫയലിൽ കുറിപ്പെഴുതിയതോടെ ഇതിനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടിയായി. സംസ്ഥാനത്തെ ദേവസ്വം ബോർഡുകളിൽ മുന്നാക്ക വിഭാഗക്കാർക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കുന്നതിന് ബോർഡുകളുടെ സ്‌പെഷ്യൽ റൂളിൽ ഭേദഗതി വരുത്താനാണ് സർക്കാർ ആലോചിച്ചത്.

തിരുവിതാംകൂർ ദേവസ്വംബോർഡിൽ 10ശതമാനം മുന്നാക്ക സംവരണത്തിന് റിക്രൂട്ട്‌മെന്റ് റൂൾ ഭേദഗതി ചെയ്യാനുള്ള തീരുമാനം ഭരണഘടനാവിരുദ്ധവും അസാധുവുമാണെന്ന് നിയമസെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ് ഫയലിൽ എഴുതി. എന്നാൽ ഈ എതിർപ്പ് മറി കടന്ന് മന്ത്രിസഭ ഈ തീരുമാനം നടപ്പാക്കുമോ എന്നാണ് ചോദ്യം. വേണമെങ്കിൽ മന്ത്രിസഭയ്ക്ക് തീരുമാനമെടുക്കാം. പക്ഷേ, സുപ്രീംകോടതി തള്ളിക്കളഞ്ഞ സാമ്പത്തിക സംവരണ വാദം പിന്നീട് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടാൽ വെട്ടിലാവും. ദേവസ്വം ബോർഡ് സ്‌പെഷ്യൽറൂൾ ഭേദഗതിക്ക് സർക്കാർ അംഗീകാരം നൽകാതെ നിയമ പ്രാബല്യം ലഭിക്കില്ലെന്ന സൂചനകളും നേരത്തേ പുറത്തുവന്നിരുന്നു.

വരുമാനം മാനദണ്ഡമാക്കിയുള്ള സംവരണം ഭരണഘടനാപരമായി അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതിയുടെ 9 അംഗ ബഞ്ചിന്റെ വിധിയുണ്ട്. ദേവസ്വം ബോർഡുകളിൽ 10 ശതമാനം സാമ്പത്തിക സംവരണത്തിന് കഴിഞ്ഞ വർഷം നവംബർ 15ന് മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നെങ്കിലും നിയമ സെക്രട്ടറിയുടെയും അഡ്വക്കേറ്റ് ജനറലിന്റെയും നിയമോപദേശം എതിരായതിനാൽ ഇതുവരെ ഉത്തരവിറക്കാനായില്ല. ഈ സാഹചര്യത്തിലാണ് ,ദേവസ്വം ബോർഡ് സർക്കാർ സ്ഥാപനമല്ലെന്ന വ്യാഖ്യാനത്തോടെ, ബോർഡുകളിൽ സ്‌പെഷ്യൽ റൂളിന് കുറുക്കുവഴി തേടിയത്.

ദേവസ്വംബോർഡ് ഭരണഘടനയിൽ പറയുന്ന സ്റ്റേറ്റിന്റെ പരിധിയിൽപ്പെടുമോ എന്നതാണ് ആദ്യ ചോദ്യമെന്ന് നിയമ സെക്രട്ടറിയുടെ കുറിപ്പിൽ പറയുന്നു. സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങളും ഇതിൽപ്പെടുമെന്ന് 1963ലെ ഉജ്വംഭായി കേസിൽ സുപ്രീംകോടതി ഉത്തരവുണ്ട്. സർക്കാർ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനങ്ങളും സർക്കാരിന്റെ പ്രതിനിധികളോ ഏജന്റുമാരോ മാത്രമാണെന്ന രാമനാഥൻ കേസിലെ വിധിയും കൊച്ചിൻ ദേവസ്വം ബോർഡ് സ്റ്റേറ്റ് ആണെന്ന് ഹൈക്കോടതി നേരത്തേ വ്യക്തമാക്കിയതും നിയമജ്ഞർ ചൂണ്ടിക്കാട്ടുന്നു.

ദേവസ്വം ബോർഡ് നിയമനങ്ങളുടെ മറവിൽ സംസ്ഥാനത്ത് സാമ്പത്തിക സംവരണം കൊണ്ടുവരാനാണ് സർക്കാരിന്റെ നീക്കമെന്ന് മുസ്‌ളീം സംഘടനകളും ആരോപിച്ചുകഴിഞ്ഞു. ഇതോടെ സർക്കാർ നീക്കത്തിനെതിരെ മുസ്ലിം എംപ്ലോയീസ് കൾച്ചറൽ അസോസിയേഷൻ രംഗത്തെത്തി. ഭരണഘടനാവിരുദ്ധമായ തീരുമാനത്തിനെതിരെ സർക്കാരിലും ന്യൂനപക്ഷ കമ്മിഷനിലും അസോസിയേഷൻ ഹർജി നൽകി. ഹർജിയിൽ കമ്മിഷൻ രണ്ടുവട്ടം സർക്കാരിന്റെ വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്.