കണ്ണൂർ: ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി വന്നതിന് പിന്നാലെയാണ് കണ്ണൂർ ഇരിണാവ് സ്വദേശി രേഷ്മ നിഷാന്ത് ശബരിമലയ്ക്ക് പോകാൻ മാലയിട്ട് വ്രതമെടുത്തത്. അന്നുതൊട്ടേ സോഷ്യൽ മീഡിയയിൽ പ്രതിഷേധവും തുടങ്ങി. ഒപ്പം വീടിന് മുന്നിലും. ഏതായാലും ഒടുവിൽ മനംമടുത്ത് രേഷ്മ നിഷാന്ത് ശബരിമല യാത്ര ഉപേക്ഷിച്ചു. ശബരിമല ദർശനത്തിനായി ഇന്ന് പോകാനിരിക്കെയാണ് കടുത്ത പ്രതിഷേധം ഉയർന്നതോടെ യാത്ര ഉപേക്ഷിച്ചത്. റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധക്കാരും വീടിനു സമീപം നാട്ടുകാരും കൂട്ടമായെത്തിയതോടെയാണ് ദർശനം തേടിയുള്ള യാത്ര പാതിവഴിയിൽ മുടങ്ങിയത്.

സുരക്ഷ വേണമെന്ന് രേഷ്മ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയെങ്കിലും സംഘർഷ സാധ്യത ഉള്ളതിനാൽ രേഷ്മ തീരുമാനത്തിൽ നിന്ന് പിന്മാറുകയായിരുന്നു. സിപിഎം കുടുംബാംഗം കൂടിയായ രേഷ്മ നിഷാന്തിനോട് പ്രശ്നം ഒഴിവാക്കാൻ ദർശനം മാറ്റിവെയ്ക്കണമെന്ന് സിപിഎം പ്രാദേശിക നേതൃത്വവും കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നു.

മണ്ഡലകാലത്ത് വ്രതമെടുത്ത് ശബരിമല കയറാൻ തയ്യാറെന്ന് ഫേസ്‌ബുക്കിൽ കുറിച്ചതിന് പിന്നാലെ ഭീഷണികൾ ഉയർന്നിരുന്നു. വലിയ ആൾക്കൂട്ടം മദ്യലഹരിയിൽ അയ്യപ്പ ശരണം വിളിയുമായി വീടിന്റെ മുന്നിലലെത്തി പ്രതിഷേധിച്ചിരുന്നു. ശബരിമല കയറ്റില്ലെന്ന ഭീഷണിയും അവർ മുഴക്കി.

കണ്ണൂരിലെ ഒരു കോളേജിൽ കമ്പ്യൂട്ടർ സയൻസ് അദ്ധ്യാപികയാണ് രേഷ്മ. ഭർത്താവ് നിഷാന്ത് കോപ്പറേറ്റീവ് ബാങ്ക് ഉദ്യോഗസ്ഥനുമാണ്.

രേഷ്മയുടെ പഴയ ഫേസ്‌ബുക്ക് പോസ്റ്റ്....

വർഷങ്ങളായി മാലയിടാതെ, മണ്ഡലവ്രതം അനുഷ്ഠിക്കുന്നുണ്ട്,
പോകാൻ കഴിയില്ലെന്ന ഉറപ്പോട് കൂടിത്തന്നെ.

പക്ഷേ,കോടതി വിധി അനുകൂലമായ നിലവിലെ സാഹചര്യത്തിൽ അയ്യപ്പനെ കാണാൻ പോകണമെന്ന് അതിയായ ആഗ്രഹമുണ്ട്.
വിപ്ലവമായിട്ടല്ലെങ്കിൽ കൂടിയും, ഇന്ന് ഒരു വിശ്വാസി അതിന് തയ്യാറാവുക എന്നത് നാളെ ലക്ഷക്കണക്കിന് വരുന്ന വിശ്വാസികൾക്ക് ശബരിമല കയറാനുള്ള ഊർജമാവും എന്ന് തന്നെ കരുതുന്നു.

മുഴുവൻ ആചാര വിധികളോടും കൂടി തന്നെ,
മാലയിട്ട്,41 ദിവസം വ്രതം അനുഷ്ഠിച്ച്,
മത്സ്യ മാംസാദികൾ വെടിഞ്ഞ്,
ഭർതൃ സാമീപ്യത്തിൽ നിന്നകന്ന് നിന്ന്,
അയ്യപ്പനെ ധ്യാനിച്ച്,
ഈശ്വര ചിന്തകൾ മാത്രം മനസിൽ നിറച്ച്,
ഇരുമുടികെട്ടു നിറച്ച്...

ആർത്തവത്തെക്കുറിച്ചുള്ള ചോദ്യം പ്രതീക്ഷിക്കുന്നതു കൊണ്ടു തന്നെ,
വിയർപ്പുപോലെ, മലമൂത്ര വിസർജ്യം പോലെ
ശരീരത്തിന് ആവശ്യമില്ലാത്ത പുറം തള്ളൽ മാത്രമായി അത് കാണുന്നതു കൊണ്ടു തന്നെ പൂർണ ശുദ്ധിയോടു കൂടി തന്നെ വ്രതം പൂർത്തിയാക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു..

വിശ്വാസത്തിൽ ആൺ പെൺ വേർതിരിവുകളില്ല.
തുല്യനീതിക്ക് വേണ്ടിയുള്ള ഈ യാത്രയിൽ കൂടെ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സർക്കാരിന്റെയും പൊതു സമൂഹത്തിന്റെയും എല്ലാ വിധ സഹായവും അഭ്യർത്ഥിക്കുന്നു.
#break_the_barrier