കൊച്ചി: ശബരിമല ദർശനത്തിന് താൽപ്പര്യമുണ്ടെന്ന് അറിയിച്ച് മൂന്ന് യുവതികൾ കൊച്ചിയിൽ വാർത്താസമ്മേളനം നടത്തി. ദർശനത്തിനായി മാലയിട്ട് കാത്തിരുന്ന കൊച്ചി സ്വദേശിനി രേഷ്മ നിശാന്ത് അടക്കമുള്ള മൂന്ന് യുവതികളാണ് എറണാകുളം പ്രസ്‌ക്ലബ്ബിൽ വാർത്താസമ്മേളനം നടത്തിയത്. തങ്ങൾക്ക് ശബരിമല ദർശനത്തിന് അവസരം ഒരുക്കണമെന്ന് കാണിച്ച് സർക്കാറിന്റെ സഹായം തേടുകയാണ് യുവതികൾ ചെയ്തത്. സർക്കാരിന്റെ ഭാഗത്ത് നിന്ന് സംരക്ഷണം ഉണ്ടെങ്കിൽ ഞങ്ങൾ മല കയറുമെന്ന് യുവതികൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. അതേസമയം രക്തം ചീന്തി ശബരിമലയിലേക്ക് പോകാൻ താൽപര്യമില്ലെന്നും അതിന് അവസരം ഒരുങ്ങുന്നത് വരെ വ്രതം തുടരുമെന്നും യുവതികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കൊല്ലം സ്വദേശി ധന്യ, കണ്ണൂർ സ്വദേശിനകളായ സനില, രേഷ്മ നിശാന്ത് തുടങ്ങിയവരാണ് ശബരിമലക്ക് പോകുന്നതിനായി കൊച്ചിയിലെത്തി ചേർന്നത്. ഇവർ കൊച്ചിയിലെത്തുമെന്ന് വിവരം അറിഞ്ഞ് പ്രതിഷേധക്കാരും നിലയുറപ്പിച്ചിരുന്നു. ഇവർ രഹസ്യ കേന്ദ്രത്തിൽ നിന്നും കൊച്ചി പ്രസ്‌ക്ലബിലേക്ക് എത്തുകയായിരുന്നു. പ്രക്ഷോഭകാരികളോട് ഏറ്റുമുട്ടി തങ്ങൾ മലയ്ക്ക് പോകാനില്ലെന്നും തങ്ങളുടെ അവസ്ഥ ആളുകൾ മനസിലാക്കണമെന്നും അതിനാലാണ് പറഞ്ഞു. ഞങ്ങൾ എല്ലാവരും ശബരിമലയ്ക്ക് പോകുവാനായി വ്രതം നോക്കിയവരാണ്. തുടക്കം മുതൽതന്നെ അധികാരികളോട് തങ്ങളുടെ ആവശ്യം അറിയിച്ചിരുന്നു. സർക്കാരും പൊലീസും വിശ്വാസികളും ഞങ്ങളുടെ വിശ്വാസം എന്താണെന്നു മനസ്സിലാക്കി കൂടെ നിൽക്കുമെന്നാണ് കരുതുന്നതെന്ന് യുവതികൾ പറഞ്ഞു. അതേസമയം, യുവതികൾ ആവശ്യപ്പെട്ടാൽ ആവശ്യമായ സംരക്ഷണം നൽകുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

ശബരിമലയിൽ മാലയിട്ടതു മുതൽ തങ്ങൾ കടുത്ത സമ്മർദ്ദത്തിലായിരുന്നു എന്നാണ് യുവതികൾ പറഞ്ഞു. കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നു പോകുന്നതെന്നും രേഷ്മ നിശാന്ത് പറഞ്ഞു. മാലയിട്ട വാർത്തകൾ പുറത്ത് വന്നത് മുതൽ തനിക്ക് നേരെ ഉയർന്നത് വൻ സൈബർ ആക്രമണങ്ങളാണെന്നും രേഷ്മ പറഞ്ഞു. വീട്ടിൽനിന്നു പുറത്തിറങ്ങാൻപോലും കഴിയുന്നില്ല. എങ്ങോട്ട് ഇറങ്ങിയാലും 'രേഷ്മ നിശാന്ത് ശബരിമലയിലേക്കു പോയി' എന്ന വാർത്തയാണ് വരുന്നത്. തനിക്കൊരു മകളുണ്ട്. അവൾക്കുൾപ്പെടെ ശബരിമലയിൽ പോകാനാകുന്ന സാഹചര്യം ഉണ്ടാകണമെന്നും അവർ കൂട്ടിച്ചേർത്തു.

ശബരിമലയിൽ ഇപ്പോൾ നടക്കുന്ന കലാപസമാന അന്തരീക്ഷത്തിൽ സങ്കടമുണ്ടെന്നു കൊല്ലത്തുനിന്നുള്ള ധന്യ പ്രതികരിച്ചു. ഞങ്ങളുടെ വിശ്വാസത്തെ മുതലെടുത്ത് കലാപമുണ്ടാക്കാനുള്ള ശ്രമത്തിന് അവസരം ഉണ്ടാക്കുന്നില്ല. അതിനാൽ ഇപ്പോൾ പോകുന്നില്ല. എന്നാൽ ശബരിമലയിൽ പോകുന്നതുവരെ മാല അഴിക്കില്ല. ഞങ്ങൾ മൂന്നുപേർ മാത്രമാണ് ഇപ്പോൾ പൊതുസമൂഹത്തിനു മുന്നിൽവന്ന് കാര്യങ്ങൾ പറയുന്നത്. ബാക്കിയുള്ളവർ തൽക്കാലം മുന്നിലേക്കു വരുന്നില്ലെന്നേയുള്ളൂ. അവർ ഞങ്ങളുടെ കൂടെയുണ്ടെന്നും ധന്യ വ്യക്തമാക്കി.

മാലയിട്ടതിനുശേഷം ഒരുപാടു ശത്രുക്കൾ ഉണ്ടായതായി ഷനില വ്യക്തമാക്കി. ഞാൻ കഴിഞ്ഞുവരുന്ന തലമുറ ഈ നിയമം ഉപയോഗിച്ച് ശബരിമലയിൽ കയറുമെന്നത് ഉറപ്പാണെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, യുവതികൾ വാർത്താസമ്മേളനം നടത്തുന്നത് അറിഞ്ഞ് എത്തിയ ഒരുകൂട്ടം ആളുകൾ പ്രസ്‌ക്ലബ്ബിന് മുമ്പിലേക്കെത്തി. അവർ ശരണം വിളിച്ചുകൊണ്ടും കൈകൊട്ടിക്കൊണ്ടും പ്രതിഷേധിക്കുകയാണ് ഉണ്ടായത്. ഇതോടെ പൊലീസും സ്ഥലത്തെത്തി. വാർത്താസമ്മേളനം കഴിഞ്ഞു പുറത്തിറങ്ങിയ യുവതികളെ പൊലീസ് സംരക്ഷണയിലാണ് പുറത്തേക്ക് കൊണ്ടുപോയത്.