- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹരിദാസൻ വധക്കേസിൽ നിജിൽദാസിനെതിരെ ചുമത്തിയത് വധഗൂഢാലോചനാ കുറ്റം; മുൻപ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ച നിജിൽദാസ് പിണറായിയിൽ താമസിക്കുമ്പോൾ പ്രതിയല്ലെന്നും ആരോപണം; രേഷ്മയുടെ അറസ്റ്റു രേഖപ്പെടുത്തി രാത്രി 11.15ന് മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കിയതും വിവാദത്തിൽ; വീടിന് നേരേ ബോംബേറിലും നടപടിയില്ല
കണ്ണൂർ: പിണറായിയിലെ സ്‌കൂൾ അദ്ധ്യാപിക രേഷ്മ പ്രശാന്തിനെതിരേ പൊലീസ് ചുമത്തിയത് കള്ളക്കേസാണെന്ന് ആക്ഷേപവുമായി അവരുടെ അഭിഭാഷകൻ രംഗത്ത്. ഈ സംശയം ഉള്ളതു കൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചതെന്ന വാദവും ഉയരുന്നുണ്ട്. നിജിൽദാസ് താമസിച്ച വീടിന്റെ ഉടമ രേഷ്മയല്ലെന്നും പിണറായിയിലെ വീട്ടിൽ താമസിക്കുമ്പോൾ നിജിൽദാസ് കേസിലെ പ്രതിയല്ലെന്നും അഭിഭാഷകനായ പി.പ്രേമരാജൻ പറയുന്നത്. 'പിണറായിയിലെ വീട്ടിൽനിന്ന് എത്രയോ ദൂരത്താണ് അവർ താമസിക്കുന്നത്. മാത്രമല്ല, വീടിന്റെ ഉടമ രേഷ്മയല്ല, അവരുടെ ഭർത്താവാണ്. വീടിന്റെ താക്കോലും അവരുടെ കൈവശമല്ല. ആ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തുവെന്ന് കാണിച്ച് പൊലീസ് കളവായി കേസുണ്ടാക്കിയതാണെന്നാണ് വാദം.
വൈകിട്ട് അറസ്റ്റ് ചെയ്തിട്ട് രാത്രി 11.15-നാണ് മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കുന്നത്. ഇത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ്. ഒരു സ്ത്രീയെന്ന നിലയിൽ ലഭിക്കേണ്ട യാതൊരു പരിഗണനയും ന്യൂമാഹി പൊലീസ് രേഷ്മയ്ക്ക് നൽകിയില്ല. ഇത് കൃത്യമായി മജിസ്ട്രേറ്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്'-അഭിഭാഷകൻ പറഞ്ഞു. ഈ ആരോപണം ശക്തമായിട്ടുണ്ട്. പിണറായിയിലെ വീട്ടിൽ താമസിക്കുമ്പോൾ നിജിൽദാസ് കേസിൽ പ്രതിയല്ലെന്നും രേഷ്മക്കെതിരേ സൈബർ ആക്രമണം നടന്നിട്ടും പൊലീസ് കേസെടുക്കാൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞദിവസം രാത്രിയാണ് നിജിൽദാസ് കേസിൽ പ്രതിയാകുന്നതെന്നാണ് അഭിഭാഷകൻ പറയുന്ന്. അതിന് മുമ്പ് നിജിൽദാസിനെ പ്രതിയാക്കി പൊലീസ് യാതൊരു റിപ്പോർട്ടും കോടതിയിൽ കൊടുത്തിട്ടില്ല. അതിനാൽ പിണറായിയിലെ വീട്ടിൽ താമസിക്കുമ്പോൾ അയാൾ പ്രതിയല്ലെന്ന വാദവും ശക്തമാമണ്. ഇതെല്ലാം ന്യൂമാഹി പൊലീസിന്റെ ഗൂഢാലോചനയാണ്. തുടക്കംമുതൽ ഈ കേസിനെ ഒരു രാഷ്ട്രീയസംഭവമാക്കി മാറ്റാനാണ് ന്യൂമാഹി പൊലീസിന്റെ ശ്രമം. നിരപരാധികളെ പ്രതിചേർക്കാനും നഗരസഭ കൗൺസിലറെ അടക്കം കേസിലേക്ക് വലിച്ചിഴക്കാനും ശ്രമങ്ങളുണ്ടായി. രേഷ്മക്കെതിരേയുള്ള സൈബർ ആക്രമണം വ്യക്തമായ ആസൂത്രണത്തോടെ നടക്കുന്നതാണ്. ഒരുവിഭാഗം ആളുകൾ യാതൊരു ദാക്ഷിണ്യവുമില്ലാതെ അവർക്കെതിരേ സൈബർ ആക്രമണം നടത്തുകയാണ്.
ജാമ്യം ലഭിക്കാവുന്ന കുറ്റത്തിന് ഒരു വനിതയെ അർധരാത്രി അറസ്റ്റ് ചെയ്ത് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്ന പൊലീസിന് ഈ സൈബർ ആക്രമണത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ എന്താണ് മടിയെന്നും വീടിന് നേരേ ബോംബേറിഞ്ഞ കേസിൽ എന്താണ് പ്രതികളെ പിടികൂടാത്തതെന്നും അഭിഭാഷകൻ ചോദിച്ചു. തലശ്ശേരി ഹരിദാസൻ വധക്കേസിലെ പ്രതിയും ബിജെപി. പ്രവർത്തകനുമായ നിജിൽദാസിനെ കഴിഞ്ഞദിവസമാണ് പിണറായി പാണ്ട്യാലമുക്കിലെ വാടകവീട്ടിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ദിവസങ്ങളായി ഇവിടെ ഒളിവിൽ കഴിഞ്ഞുവരുന്നതിനിടെയാണ് നിജിൽദാസ് പൊലീസിന്റെ പിടിയിലായത്.
കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത ആളാണോ നിജിൽദാസ് എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. ഗൂഢാലോചനാ കുറ്റമാണ് ഇപ്പോൾ ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് നിജിൽദാസിനെ ചോദ്യം ചെയ്തിരരുന്നു. പ്രതിക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയതിന് സ്‌കൂൾ അദ്ധ്യാപികയായ അണ്ടലൂർ സ്വദേശി രേഷ്മ പ്രശാന്തിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞദിവസം വൈകിട്ടോടെ കേസിൽ രേഷ്മയ്ക്ക് ജാമ്യം ലഭിച്ചു. നിജിൽദാസ് റിമാൻഡിലാണ്.
അതേസമയം നിജിൽദാസ് ഒളിവിൽ കഴിഞ്ഞ വീടിനുനേരേ വെള്ളിയാഴ്ച രാത്രിയുണ്ടായ ബോംബേറിനെക്കുറിച്ചും അന്വേഷണമാരംഭിച്ചു. രേഷ്മയുടെ ഭർത്താവ് പ്രവാസിയായ പ്രശാന്തിന്റെ ഉടമസ്ഥതയിലുള്ളതാണ് വീട്. രണ്ട് ബോംബുകളാണെറിഞ്ഞത്. വീടിന്റെ മുൻഭാഗത്തെ ജനൽച്ചില്ലുകൾ തകരുകയും തറയിലെ ടൈലുകൾ അടരുകയും ചെയ്തു. ഈ വീടിനും രേഷ്മ പ്രശാന്തിന്റെ അണ്ടലൂരിലെ വീടിനും പൊലീസ് കാവൽ ഏർപ്പെടുത്തിയിരിക്കയാണ്. ഹരിദാസ് വധക്കേസുമായി ബന്ധപ്പെട്ട് 16 പേർ പ്രതികളായ ഹരിദാസൻ വധക്കേസിൽ 14 പേർ ഇപ്പോൾ അറസ്റ്റിലായിട്ടുണ്ട്.
ഹരിദാസനെ കൊലപ്പെടുത്താൻ നിജിൽദാസ് പന്തക്കൽ വയലിൽപീടികയിലെ ശരത്തിനെ ബന്ധപ്പെട്ടതായി അന്വേഷണസംഘം കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞു. ശരത്തിനെ ചോദ്യംചെയ്തപ്പോൾ ഈ മൊഴി നൽകിയിരുന്നു. ഗൂഢാലോചനയിൽ നേരിട്ട് ഉൾപ്പെടുകയും നടപ്പാക്കാൻ നിരന്തരം ശ്രമിച്ചെന്നുമാണ് നിജിൽദാസിനെതിരെയുള്ള കുറ്റം. ഹരിദാസനെ കാൽ വെട്ടിമാറ്റി കൊലപ്പെടുത്താൻ ഫെബ്രുവരി എട്ടിന് ചെള്ളത്ത് മടപ്പുരയിൽ വെച്ച് തീരുമാനിച്ചപ്പോൾ ഇയാളുമുണ്ടായിരുന്നതായും റിപ്പോർട്ടിലുണ്ട്.
കേസിൽ 15-ാം പ്രതിയാണ് രേഷ്മ. നിജിൽദാസിനെ ഒരുവർഷമായി അറിയാമെന്നും വീട്ടിൽ വരാറുണ്ടെന്നും രേഷ്മ പൊലീസിന് മൊഴി നൽകിയതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സിപിഎം. പ്രവർത്തകൻ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയാണെന്ന് അറിയാമായിരുന്നുവെന്നും മൊഴി നൽകിയതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം രേഷ്മ പ്രശാന്തിന്റെ രാഷ്ട്രീയബന്ധത്തെച്ചൊല്ലി വിവാദം. രേഷ്മ മുൻപ് എസ്.എഫ്.ഐ. പ്രവർത്തകയും ഭർത്താവ് പ്രശാന്ത് സിപിഎം. അനുഭാവിയുമായിരുന്നുവെന്നാണ് സിപിഎം. ലോക്കൽ സെക്രട്ടറി കക്കോത്ത് രാജൻ ശനിയാഴ്ച രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ പ്രശാന്തിനും രേഷ്മയ്ക്കും ആർ.എസ്.എസ്. ബന്ധമെന്ന വിശദീകരണവുമായി ജില്ലാ സെക്രട്ടറി എം വിജയരാജൻ മണിക്കൂറുകൾക്കുള്ളിൽ രംഗത്തെത്തി. ഇത് വീട്ടുകാർ നിഷേധിക്കുകയും ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ