- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രശാന്തും കുടുംബവും സിപിഎമ്മുകാരെന്ന് ലോക്കൽ സെക്രട്ടറി; ആണ്ടല്ലൂരിലെ നാമജപത്തോടെ പ്രവാസി ആർ എസ് എസുകാരനായതെന്ന് ഏര്യാ സെക്രട്ടറി; പാർട്ടി ഗ്രാമത്തിനുള്ളിൽ ബോംബ് എറിഞ്ഞ് സഖാക്കളുടെ പ്രതികാരം; പിജെ ആർമി കട്ടക്കലിപ്പിൽ; മുഖ്യമന്ത്രിയുടെ അയൽവാസി ഇനി പാർട്ടി ശത്രു; രേഷ്മ ടീച്ചറുടെ അറസ്റ്റ് സിപിഎമ്മിൽ വിവാദമാകുമ്പോൾ
പിണറായി: സിപിഎം. പ്രവർത്തകൻ പുന്നോൽ താഴെവയലിൽ ഹരിദാസനെ വെട്ടിക്കൊന്ന കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ ബിജെപി പ്രവർത്തകൻ ഒളിവിൽ കഴിഞ്ഞത് സിപിഎം പ്രവർത്തകന്റെ വീട്ടിൽ. ബിജെപി പ്രവർത്തകനായ പുന്നോലിലെ പാറക്കണ്ടി നിജിൽദാസ് (38) വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെ അറസ്റ്റിലായിരുന്നു. ഇയാൾക്ക് ഒളിവിൽ കഴിയാൻ വീട് നൽകിയ പുന്നോൽ അമൃത വിദ്യാലയത്തിലെ അദ്ധ്യാപിക അണ്ടലൂർ ശ്രീനന്ദനത്തിൽ പി.എം. രേഷ്മ (42)യേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സിപിഎം പ്രവർത്തകനായ പ്രശാന്തിന്റെ ഭാര്യയാണ് രേഷ്മ. പ്രശാന്ത് കുറച്ചുകാലമായി വിദേശത്താണ്. പിണറായിയിൽ മുഖ്യമന്ത്രിയുടെ വീടിന് സമീപത്താണ് ഈ വീടുള്ളത്. അതിനിടെ പ്രശാന്ത് സിപിഎമ്മുകാരനല്ലെന്ന് പാർട്ടിയും പ്രതികരിച്ചു. മുമ്പ് പ്രശാന്ത് സിപിഎം അനുഭാവിയായിരുന്നു. എന്നാൽ ആണ്ടല്ലൂരിലെ ക്ഷേത്രോൽസവവുമായി ബന്ധപ്പെട്ട നാമജപ ഘോഷയാത്രയിൽ പ്രശാന്ത് പങ്കെടുത്തിരുന്നു. ഇതിന് ശേഷം ആർ എസ് എസിനൊപ്പമാണ് പ്രശാന്ത് നിലയുറപ്പിക്കുന്നതെന്ന് സിപിഎം ഏര്യാ കമ്മറ്റി അംഗം കെ ശശിധരൻ പ്രതികരിച്ചു.
അതിനിടെ മുഖ്യമന്ത്രിയുടെ വീട്ടിന് മുന്നൂറ് മീറ്റർ അകലെ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്ന പ്രതി താമസിച്ചത് സിപിഎം അണികളെ ഞെട്ടിച്ചിട്ടുണ്ട്. അത് സിപിഎം പ്രവർത്തകനായിരുന്ന പ്രശാന്തിന്റെ വീട്ടിലാണെന്നതും അണികളെ ഞെട്ടിച്ചു. ഇത് വലിയ തോതിൽ ആയുധമാക്കാൻ പിജെ ആർമി ശ്രമിക്കുന്നുണ്ട്. ഇത് മനസ്സിലാക്കിയാണ് പ്രശാന്തിന് പാർട്ടിയുമായി ബന്ധമില്ലെന്ന് ഏര്യാ സെക്രട്ടറി പരസ്യമായി പ്രഖ്യാപിച്ചത്. പ്രശാന്തിന്റെ വീട്ടിൽ ബോംബ് സ്‌ഫോടനത്തിൽ പാർട്ടിക്ക് പങ്കില്ലെന്നും ഏര്യാ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.
ഈ മാസം 17 മുതലാണ് പിണറായി പാണ്ട്യാലമുക്കിലെ വീട്ടിൽ നിജിൽദാസ് താമസം തുടങ്ങിയത്. നേരത്തെ കലാകാരന്മാരും മറ്റും വാടകയ്ക്ക് താമസിച്ചിരുന്ന വീടായിരുന്നു ഇത്. ഒളിച്ചുതാമസിക്കാൻ ഒരിടം വേണമെന്ന് പറഞ്ഞ് വിഷുവിനുശേഷമാണ് പ്രതി സുഹൃത്തായ രേഷ്മയെ ഫോണിൽ വിളിച്ചത്. എന്നാൽ നിജിൽദാസിന്റെ താമസം പ്രശാന്തിന്റെ അറിവോടെയല്ല എന്നും സൂചനയുണ്ട്. ഇതിനിടെയാണ് പ്രശാന്ത് ആർ എസ് എസ് അടുപ്പക്കാരനാണെന്ന് സിപിഎം ഏര്യാസെക്രട്ടറി പറയുന്നത്.
നേരത്തെ പ്രശാന്തും കുടുംബവും സിപിഎം അനുഭാവികളാണെന്ന് പിണറായി ലോക്കൽ സെക്രട്ടറി കക്കോത്ത് രാജൻ പ്രതികരിച്ചിരുന്നു. ഇത് ഏറെ വിവാദമാണ്. ഏതായാലും സിപിഎമ്മിന്റെ പാർട്ടി ഗ്രാമത്തിലാണ് ആർ എസ് എസ് പ്രതി ഒളിവിൽ താമസിച്ചതെന്ന വാർത്ത സിപിഎം അണികളെ ഞെട്ടിച്ചിട്ടുണ്ട്. അറസ്റ്റിലായതിന് പിന്നാലെ നിജിൽദാസ് ഒളിവിൽകഴിഞ്ഞ വീടിനുനേരേ ബോംബേറുണ്ടായിരുന്നു. അക്രമിസംഘം ജനൽച്ചില്ലുകൾ അടിച്ചുതകർക്കുകയും ചെയ്തു.
രണ്ട് ബോംബ് പൊട്ടുന്ന ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. രാത്രി വൈകി സ്ഥലത്ത് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. സ്റ്റീൽബോംബാണ് എറിഞ്ഞതെന്നാണ് നിഗമനം. പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഈ സ്ഥലത്തേക്ക് സിപിഎമ്മുകാരല്ലാത്ത ആർക്കും കടക്കാനാകില്ല. അതിനിടെ ബോംബാക്രമണം സ്വാഭാവിക പ്രതികരണം ആകാമെന്ന് ചില സിപിഎം നേതാക്കൾ അറിയിച്ചു. ഇതിനിടെ മുഖ്യമന്ത്രിയുടെ വീടിനും കനത്ത സുരക്ഷ ഏർപ്പെടുത്തി. മുഖ്യമന്ത്രിയുടെ പാണ്ട്യാലമുക്കിലെ വീട്ടിലേക്കുള്ള വഴി പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. കനത്ത പൊലീസ് സുരക്ഷ മുഖ്യമന്ത്രിയുടെ വീടിനും സമീപത്തും ഒരുക്കിയിട്ടുണ്ട്.
സിപിഎം പ്രവർത്തകനും ന്യൂമാഹി പുന്നോലിലെ മത്സ്യ തൊഴിലാളിയുമായ കെ ഹരിദാസനെ ബന്ധുക്കളുടെ മുന്നിലിട്ട് വെട്ടിക്കൊന്ന കേസിൽ ആർഎസ്എസ് തലശേരി ഖണ്ഡ് കാര്യവാഹക് പുന്നോൽ ചെള്ളത്ത് മടപ്പുരക്കടുത്ത പാറക്കണ്ടി വീട്ടിൽ നിജിൽ ദാസാണ് (38) വെള്ളിയാഴ്‌ച്ച പുലർച്ചെ ഒരുമണിയോടെ പിടിയിലാകുന്നത്. രഹസ്യവിവരമനുസരിച്ചു ഇയാളെ വീടുവളഞ്ഞാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടുന്നത്. കൊലപാതകത്തിന് ശേഷം പിണറായി പാണ്ഡ്യാലമുക്കിലെ വാടക വീട്ടിൽ ഇയാൾ ഒളിവിൽ കഴിയുന്നവിവരം മൊബൈൽ ടവർ ലൊക്കെഷൻ നോക്കിയാണ് പൊലിസ് തിരിച്ചറിഞ്ഞത്. ഗൾഫിലുള്ള പ്രശാന്തിന്റെ അണ്ടലൂർ കാവിനടുത്ത വീടാണിത്. ആൾതാമസമില്ലാത്ത ഈ വീട്
പുന്നോൽ അമൃത വിദ്യാലയത്തിലെ അദ്ധ്യാപികയായ പ്രശാന്തിന്റെ ഭാര്യയാണ് നൽകിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. തലശേരി ചാക്യത്ത് മുക്ക് സ്വദേശിനിയായ ഇവർ അവിടെയുള്ള അമൃത വിദ്യാലയത്തിലെ അദ്ധ്യാപിക കൂടിയാണ്. ഒളിവിൽ കഴിയുന്ന നിജിൻദാസിന് പുറമേ നിന്നും രഹസ്യമായി ചിലർ ഭക്ഷണവും മറ്റുമെത്തിച്ചിരുന്നതായി നേരത്തെ പൊലിസിന് സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൊബൈൽ ടവർ കേന്ദ്രീകരിച്ചു അന്വേഷണമാരംഭിച്ചത്.
ആകെ 16 പേർ പ്രതികളായ കേസിൽ ഇതോടെ 14 പേർ അറസ്റ്റിലായി. കേസിൽ ബിജെപി. തലശ്ശേരി മണ്ഡലം പ്രസിഡന്റ് ലിജേഷ് ഉൾപ്പെടെ എട്ടുപേരുടെ ജാമ്യാപേക്ഷ നേരത്തേ കോടതി തള്ളിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ