തിരുവനന്തപുരം: ആദ്യഭാര്യ രശ്മിയെ കൊലപ്പെടുത്താൻ സരിത എസ്. നായരും കൂട്ടുചേർന്നെന്ന് സോളാർ കമീഷന് മുന്നിൽ ബിജു രാധാകൃഷ്ണൻ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സരിതക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുന്ന കാര്യം പൊലീസ് പരിഗണനയിൽ. പലവട്ടം സരിതയ്ക്ക് എതിരെ ബിജു രാധാകൃഷ്ണൻ ഈ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ അന്നൊന്നും പൊലീസ് അത് കേട്ട ഭാവം നടച്ചില്ല. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയേയും സരിത പ്രതിക്കൂട്ടിൽ നിർത്തുമ്പോൾ സരിതയുടെ പേരിൽ കൊലക്കുറ്റമെത്തുന്നു. രശ്മി കൊലപാതകത്തിൽ തുടരന്വേഷണം നടത്തി സരിതയെ അറസ്റ്റ് ചെയ്ത് സ്ഥിരമായി അകത്തിടാനാണ് ഉദേശം.

ഇതിന് പിന്നിൽ വേറെയും പൊരുത്തകേടുകളുണ്ട്. കഴിഞ്ഞ ദിവസം സോളാർ കമീഷനിലെ ക്രോസ് വിസ്താരത്തിലാണ് ബിജു നിർണായക വിവരങ്ങൾ വെളിപ്പെടുത്തിയത്.സരിതയുടെ പങ്ക് തെളിയിക്കുന്ന രേഖകൾ കൈമാറാൻ തയാറാണെന്നും ബിജു അറിയിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ സോളാർ കമ്മീഷനിൽ ഇതുവരെ വന്ന എല്ലാ വെളിപ്പെടുത്തലുകളിലും പൊലീസ് കേസ് എടുക്കേണ്ടതില്ലേ എന്നതാണ് ഉയരുന്ന ചോദ്യം. മുഖ്യമന്ത്രിക്ക് എതിരേയും കോൺഗ്രസ് എംഎൽഎമാർക്കെതിരെയും കമ്മീഷനിൽ മൊഴികളെത്തി. ഇതൊന്നും ആരും കാണുന്നും കേൾക്കുന്നുമില്ല. തന്റെ മൊഴിയെ സ്വാധീനിക്കാൻ ശ്രമിച്ചതായി തമ്പാനൂർ രവിക്ക് എതിരെ സരിതയും കമ്മീഷനിൽ മൊഴി നൽകി. ലൈംഗിക പീഡനവും രഹസ്യമായി എഴുതി നൽകിയിട്ടുണ്ട്.

സരിതയ്ക്ക് എതിരെ ബിജു രാധാകൃഷ്ണന്റെ മൊഴി മാത്രം പൊലീസിന് വിഷയമാകുന്നു. നേരത്തേയും ബിജുവിനൊപ്പം സരിതക്കും കൊലയിൽ പങ്കുണ്ടെന്ന് രശ്മിയുടെ കുടുംബാംഗങ്ങൾ നേരത്തേ ആരോപിച്ചിരുന്നു. എന്നാൽ, രശ്മിയെ കൊലപ്പെടുത്തിയത് ബിജു രാധാകൃഷ്ണനാണെന്ന സരിതയുടെ ആരോപണം കണക്കിലെടുത്ത് രശ്മിയുടെ ബന്ധുക്കളുടെ പരാതി പൊലീസ് മുഖവിലയ്ക്കെടുത്തിരുന്നില്ല. പുതിയ വെളിപ്പെടുത്തലുകളുടെയും സർക്കാറിനും മുഖ്യമന്ത്രിക്കും എതിരെ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സരിതക്കെതിരെ കേസ് എടുക്കാൻ പൊലീസ് പദ്ധതി തയാറാക്കുന്നതെന്നതാണ് ശ്രദ്ധേയം. സർക്കാരിനെതിരെ ബിജു രാധാകൃഷ്ണൻ തിരിഞ്ഞപ്പോഴാണ് അയാൾക്കെതിരേയും കൊലക്കുറ്റത്തിൽ കേസ് വന്നത്.

ബിജു രാധാകൃഷ്ണനും സരിതയ്ക്കും എതിരെ സോളാർ വിഷയത്തിൽ 37ഓളം കേസുണ്ട്. എന്നാൽ ഇവയൊക്കെ സാമ്പത്തിക തട്ടിപ്പു കേസുകളാണ്. അതുകൊണ്ട് തന്നെ ജാമ്യം കിട്ടും. ഏറെ നാൾ ജയിലിൽ അടയ്ക്കാൻ കഴയില്ല. ഒരു കേസിൽ സരിതയെ ശിക്ഷിച്ചു. എന്നാൽ ഇതിൽ പോലും നിമിഷ നേരം കൊണ്ട് സരിതയ്ക്ക് ജാമ്യം കിട്ടി. എന്നാൽ കൊലപാതക കേസായാൽ ജാമ്യം നിഷേധിക്കാം. ബിജു രാധാകൃഷ്ണനെതിരെ നടത്തിയതു പോലെ അതിവേഗ വിചാരണ സരിതയ്ക്കും നടത്താം. അതിന് ശേഷം ശിക്ഷാ പ്രഖ്യാപനവും സരിതയെ ജയിലിലടയ്ക്കലുമാണ് സർക്കാരിന്റെ ലക്ഷ്യം. അതിനുള്ള കരുനീക്കമാണ് നടക്കുന്നത്.

മുൻ ഇടത് സർക്കാറിന്റെ കാലത്താണ് രശ്മിയുടെ കൊല നടന്നത്. അന്ന് സർക്കാറിൽ സ്വാധീനം ചെലുത്തി കൊലപാതകം ആത്മഹത്യയാക്കി മാറ്റിയത് സരിതയാണെന്ന് ആരോപണം ഉയർന്നിരുന്നു. പിന്നീട് ബിജുവുമായി തെറ്റിയതോടെ ബിജുവിനെതിരെ മൊഴി നൽകാൻ സരിത തയാറാകുകയായിരുന്നു. രശ്മി വധക്കേസിൽ പൊലീസ് ആദ്യം ബിജുവിനെതിരെ കേസെടുത്തത് ഐ.പി.സി 302 വകുപ്പ് ഇല്ലാതെയായിരുന്നുവെന്ന് സരിത തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പിന്നീട് 2012ലാണ് ഐ.പി.സി 302 ചേർത്തതത്രേ. എന്നിട്ടും ഒന്നും സംഭവിച്ചില്ല. എന്നാൽ സോളാറിൽ ബിജു രാധാകൃഷ്ണൻ അകത്തായി. സരിതയ്ക്ക് എതിരെ പ്രതികരിക്കുകയും ചെയ്തു. ഇതോടെ സർക്കാർ രശ്മി വധക്കേസ് സജീവമാക്കി. ഇതേ തന്ത്രമാണ് സരിതയ്ക്ക് എതിരേയും ഉയർത്തുന്നത്. ഇതിലൂടെ സരിതയെ നിശബ്ദമാക്കാനാണ് ശ്രമം.

ആദ്യ ഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസിൽ സോളാർ തട്ടിപ്പുകേസിലെ പ്രതി ബിജു രാധാകൃഷ്ണന് ജീവപര്യന്തം തടവാമ് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി അശോക് മേനോൻ വിധിച്ചത്. ബിജുവിന് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദമെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. ക്രൂരവും പൈശാചികവുമായ കൊലപാതകമാണെന്ന് വിലയിരുത്തിയ കോടതി അപൂർവ്വങ്ങളിൽ അപൂർവമായ കേസല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വധശിക്ഷ ഒഴിവാക്കിയത്. കേസിൽ പ്രതിയായ ബിജുവിന്റെ അമ്മ രാജമ്മാൾക്ക് മൂന്നു വർഷത്തെ തടവും വിധിച്ചിട്ടുണ്ട്. 2006 ഫെബ്രുവരി നാലിനാണ് കൊട്ടാരക്കരയ്ക്കടുത്ത് കുളക്കടയിൽ ബിജുവിന്റെ കുടുംബവീടായ രാജംവില്ലയിൽ രശ്മി കൊല്ലപ്പെട്ടത്. കേസിന്റെ വിചാരണ നടപടികൾ 15ന് പൂർത്തിയായിരുന്നു. രശ്മിയെ ബിജു അമിതമായി മദ്യം നൽകി ബോധരഹിതയാക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷൻ കേസ്.

കൊലപാതകം നടക്കുമ്പോൾ മൂന്നു വയസുണ്ടായിരുന്ന ബിജുവിന്റെയും രശ്മിയുടെയും മകന്റെ മൊഴിയാണ് കേസിൽ നിർണായകമായത്. കൊലപാതകം, സ്ത്രീധനപീഡനം, തെളിവുനശിപ്പിക്കൽ, കുഞ്ഞിനെ ഉപദ്രവിക്കൽ തുടങ്ങിയ വകുപ്പുകളാണ് ബിജുവിനെതിരെ ചുമത്തിയിയിരുന്നത്. 43 പ്രോസിക്യൂഷൻ സാക്ഷികളെയും മൂന്നു പ്രതിഭാഗം സാക്ഷികളെയും കോടതി വിസ്തരിച്ചു. 60 രേഖകളും ഒമ്പതു തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. സരിതയ്ക്ക് എതിരെ കേസ് എടുത്താൽ കൊലപാതക ഗൂഢാലോചനയാകും ചുമത്തുക. എഫ് ഐ ആർ രജിസ്റ്റർ ചെയ്താൽ ഉടൻ അറസ്റ്റും നടക്കും. ജാമ്യമില്ലാ വകുപ്പുകളാകും ചുമത്തുക, അങ്ങനെ സരിതയെ സ്ഥിരമായി ജയിൽ ഇടാനാണ് നീക്കം.

ഈ കേസിൽ സരിതയേയും ശാലു മേനോനേയും സാക്ഷികളായി പ്രോസിക്യൂഷൻ വിസ്തരിച്ചിരുന്നു. കേസിൽ പ്രോസിക്യൂഷൻ സാക്ഷിയായ സരിത എസ്.നായരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ക്രൈം വാരിക പത്രാധിപർ നന്ദകുമാറിന്റെ ഹർജി കോടതി തള്ളുകയും ചെയ്തിരുന്നു. അന്ന് സരിതയ്ക്ക് അനുകൂലമായ നിലപാടാണ് പ്രോസിക്യൂഷൻ എടുത്തത്. എന്നാൽ സോളാറിൽ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിൽ നിർത്തുമ്പോൾ സാക്ഷി പ്രതിയാകുന്നുവെന്നതാണ് ശ്രദ്ധേയം. അതിനിടെ സരിതയെ സമ്മർദ്ദത്തിലാക്കാനുള്ള നീക്കമായും ഇതിനെ വിലയിരുത്തുന്നുണ്ട്. ജയിലിലാക്കുമെന്ന ഭീഷണിയിൽ കൂടുതൽ തെളിവുകൾ കമ്മീഷന് മുന്നിൽ എത്തുന്നതിന് തടയിടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും വാദമുണ്ട്.