ഇടുക്കി: മുല്ലപ്പെരിയാർ സമരസമിതി നേതാവ് ഇടുക്കി ജലാശയത്തോടു ചേർന്ന് സർക്കാർഭൂമി കയ്യേറി റിസോർട്ട് നിർമ്മിക്കുന്നതിനെതിരെ വ്യാപകപ്രതിഷേധം. സാധാരണക്കാർക്ക് കന്നുകാലിക്കൂടിനു പോലും നിർമ്മാണം നിഷേധിക്കുന്ന മേഖലയിലാണ് നാലു നിലകളിലായി വന്മരങ്ങൾപോലും വെട്ടിമാറ്റി റിസോർട്ട് നിർമ്മാണം പുരോഗമിക്കുന്നത്.

വനം വകുപ്പിന്റെയും വൈദ്യുതി ബോർഡിന്റെയും കാഞ്ചിയാർ ഗ്രാമപഞ്ചായത്തിന്റെയും ഒത്താശയോടെ നടക്കുന്ന നിർമ്മാണം പുറംലോകമറിയാതിരിക്കാനും മറ്റുള്ളവർ ഇവിടേക്ക് കടന്നുവരാതിരിക്കാനും വേട്ടനായ്ക്കളെ സംരക്ഷണ ചുമതലയേൽപിച്ചാണ് ദ്രുതഗതിയിൽ പണികൾ നടത്തുന്നത്. മുല്ലപ്പെരിയാർ സമരസമിതിയുൾപ്പെടെയുള്ള സാമൂഹ്യ സംഘടനകളുടെ നേതാവായ ഉപ്പുതറ സ്വദേശിയാണ് റിസോർട്ട് ഉടമ. ഇയാൾ തന്റെ സാമ്പത്തിക ശക്തി ഉപയോഗിച്ച് ഉദ്യോഗസ്ഥരാഷ്ട്രീയ നേതാക്കളെ വരുതിയിലാക്കി ഉപ്പുതറയ്ക്കടുത്ത് വർഷങ്ങളായി പാറമട നടത്തിവരികയാണ്. വേട്ടനായ്ക്കളെ പേടിച്ച് പ്രദേശവാസികളോ, ഇടുക്കി വനത്തോട് ചേർന്നു കഴിയുന്ന ആദിവാസി വിഭാഗക്കാരോ റിസോർട്ട് പണിയുന്ന പ്രദേശത്തേക്ക് എത്താറില്ല. ജോലിക്കാരെ വാഹനങ്ങളിൽ എത്തിക്കുന്ന സമയത്തും തിരിച്ചു കൊണ്ടുപോകുമ്പോഴും മാത്രമാണ് നായ്ക്കളെ കെട്ടിയിടുന്നത്.

കട്ടപ്പനയ്ക്കടുത്തുള്ള അഞ്ചുരുളി പ്രദേശത്താണ് അനധികൃത നിർമ്മാണം നടക്കുന്നത്. കാഞ്ചിയാർ പഞ്ചായത്തിൽപെട്ട സ്ഥലത്തേക്ക് പള്ളിക്കവലയിലുള്ള അയ്യപ്പൻകോവിൽ റേഞ്ച് ഓഫീസിനു മുമ്പിലൂടെ മാത്രമേ വാഹനങ്ങൾക്ക് കടന്നുപോകാനാവൂ. റേഞ്ച് ഓഫീസിൽനിന്ന് കഷ്ടിച്ച് ഒരു കിലോമീറ്റർ മാത്രം ദൂരമേ ഇവിടേയ്ക്കുള്ളൂ. ഗാന്ധിനഗർ എന്നറിയപ്പെടുന്ന ജനാധിവാസ മേഖലയിൽനിന്നാണ് റിസോർട്ടിലേക്കുള്ള വഴി ആരംഭിക്കുന്നത്. ഈ പ്രദേശത്ത് താമസിച്ചവരിൽനിന്നു വാങ്ങിയ 27 ഏക്കർ ഭൂമിയോട് ചേർന്ന് 13ലധികം ഏക്കർ വനഭൂമി കൂടി ഉടമ കയ്യേറിയതായി ആരോപണമുണ്ട്. ഇതിനൊപ്പമാണ് അനധികൃതമായി റിസോർട്ട് പടുത്തുയർത്തുന്നത്.

വൈദ്യുതി വകുപ്പിന്റെയും വനം വകുപ്പിന്റെയും അധീനതയിലാണ് ഈ പ്രദേശത്തെ ഭൂമി. ഇടുക്കി ജലാശയത്തിന്റെ ഭാഗമായ ഭൂമി വൈദ്യുതി വകുപ്പിന്റെ നിയന്ത്രണത്തിലാണ്. പട്ടയം നൽകുന്നതടക്കമുള്ള പ്രശ്‌നങ്ങളിൽ വൈദ്യുതി വകുപ്പ് ജനാഭിപ്രായത്തിനെതിരായ നിലപാടാണ് സ്വീകരിച്ചിരുന്നത്. ഇതിനാൽ ജലാശയത്തിന്റെ സംഭരണ മേഖലയ്ക്ക് 15 മീറ്റർ മാറി മാത്രമാണ് നിർമ്മാണങ്ങൾ അനുവദിച്ചിരിക്കുന്നത്. മാത്രമല്ല, ജലാശയത്തിന്റെ സമീപത്തെ നിശ്ചിത ദൂരപരിധിയായ പത്ത് ചെയിൻ മേഖലയിൽ പട്ടയം നൽകുന്നതിനും നിർമ്മാണത്തിനും വൈദ്യുതി ബോർഡ് എതിർപ്പ് ശക്തമാക്കി നിലകൊള്ളുകയാണ്. ഇതിനിടെയാണ് ജലാശയത്തിന്റെ ഭാഗമായ ഭൂമിയിൽ എല്ലാ നിയമങ്ങളും കാറ്റിൽപറത്തി നിർമ്മാണത്തിന് ഒത്താശ ചെയ്യുന്നത്.

ഇടുക്കി ജലാശയം സംഭരണശേഷിയുടെ പരമാവധിയിലെത്തുമ്പോൾ ജലവിതാനം തറനിരപ്പിൽ എത്തുംവിധമാണ് റിസോർട്ട് പണിയുന്നത്. ഇതിനായി നിയമം ലംഘിച്ച് 11 കെ. വി ലൈൻ വൈദ്യുതി ബോർഡ് തന്നെ നൽകിയിട്ടുമുണ്ട്. നിർമ്മാണത്തിന് കാഞ്ചിയാർ പഞ്ചായത്തിന്റെ അനുമതിയുണ്ടെന്നാണ് ഉടമ വെളിപ്പെടുത്തിയിട്ടുള്ളത്. ഈട്ടി, തേക്ക്, വെൺതേക്ക് തുടങ്ങിയ വിലപിടിപ്പുള്ള വൻ മരങ്ങൾ വെട്ടിമാറ്റിയതിന്റെ അവശിഷ്ടങ്ങളും മരക്കുറ്റികളും ഇവിടെ കാണാനാകും. സ്വന്തം ഭൂമിയിലെ ഇത്തരം മരങ്ങൾപോലും വെട്ടാൻ അനുമതി നിഷേധിച്ചിരിക്കവേയാണ് സർക്കാർ ഭൂമി കയ്യേറിയുള്ള വനംകൊള്ളയും നിർമ്മിതിയും.