തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് നിയന്ത്രണങ്ങൾ കർക്കശമാക്കുന്നതിന്റെ ഭാഗമായായുള്ള നയങ്ങൾ സർക്കാർ ആവിഷ്‌ക്കരിച്ചു. സ്ഥാപനങ്ങളിൽ ജീവനക്കാർ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ക്ലസ്റ്റർ മാനേജ്‌മെന്റ് നയം അടക്കം രൂപം കൊണ്ടിട്ടുണ്ട്. ഒരുമിച്ചുള്ള ഭക്ഷണ വേളയിൽ മാസ്‌ക് നീക്കം ചെയ്യുമ്പോഴാണു സ്ഥാപനങ്ങളിൽ കോവിഡ് വ്യാപനം ഉണ്ടാകുന്നത്. എല്ലാ സ്ഥാപനങ്ങളിലും അണുബാധ നിയന്ത്രണ സംഘം (ഐസിടി) രൂപീകരിക്കണമെന്നാണ് സർക്കാറിന്റെ നിർദ്ദേശം.

ഐസിടി അംഗങ്ങൾക്കു പരിശീലനം നൽകണം. ചെക് ലിസ്റ്റ് ഉപയോഗിച്ചു ദിവസവും രോഗലക്ഷണ പരിശോധന നടത്തുകയാണു പ്രധാന ഉത്തരവാദിത്തം. പ്രശ്നമുണ്ടെങ്കിൽ പ്രാദേശിക ആരോഗ്യപ്രവർത്തകരുടെ സഹായം തേടാം. സാധ്യമാകുന്നിടത്തെല്ലാം സ്ഥാപനങ്ങളും ഓഫിസുകളും തുറന്നു പ്രവർത്തിക്കണം. അടച്ചുപൂട്ടൽ അവസാന വഴിയായി മാത്രമേ പരിഗണിക്കാവൂ. 5 വയസ്സിനു മുകളിലുള്ള എല്ലാ കുട്ടികളും എൻ95 മാസ്‌ക്കോ ട്രിപ്പിൾ ലെയർ മാസ്‌ക്കോ ധരിക്കാൻ പ്രോത്സാഹിപ്പിക്കണം.

ഇതിനകം 5 കോടിയിലധികം ഡോസ് വാക്‌സീൻ നൽകി. കുറെപ്പേർക്കു കോവിഡ് വന്നു പോയിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ ഭൂരിപക്ഷം പേർക്കും ഹൈബ്രിഡ് പ്രതിരോധശേഷി ലഭിച്ചു. സ്ഥാപനങ്ങളിലും സ്‌കൂളുകളിലും ജോലി ചെയ്യുന്നവർ പൂർണമായി വാക്‌സീൻ സ്വീകരിച്ചു കഴിഞ്ഞു. അതിനാൽ വൈറസ് ബാധ ഉണ്ടായാലും ഗുരുതരമാകാനുള്ള സാധ്യത കുറവാണ്. അതേസമയം, ഇതര രോഗങ്ങൾ ഉള്ളവർക്കു കോവിഡ് ബാധിച്ചാൽ ഗുരുതരമാവും. ഇതു കണക്കിലെടുത്താണു ക്ലസ്റ്റർ മാനേജ്‌മെന്റ് നയം നടപ്പാക്കുന്നത്.

ഒരേ ക്ലാസിലോ ഓഫിസ് മുറിയിലോ സ്ഥാപനത്തിലോ ഒരേ പ്രദേശത്തു പ്രവർത്തിക്കുന്നതോ ആയ 2 വ്യക്തികൾക്ക് 7 ദിവസത്തിനകം കോവിഡ് വരുമ്പോഴാണ് ക്ലസ്റ്റർ രൂപപ്പെടുന്നത്. ഈ ക്ലസ്റ്ററുമായി സമ്പർക്കത്തിലുള്ളവരിൽ രോഗസാധ്യതയുള്ളവരെ ഐസിടി കണ്ടെത്തി ക്വാറന്റീൻ ചെയ്യണം. പത്തിലധികം പേർക്കു കോവിഡ് ബാധിച്ചാൽ ആ പ്രദേശം ലാർജ് ക്ലസ്റ്ററാകും. ഇത്തരം അഞ്ചിലേറെ ലാർജ് ക്ലസ്റ്റർ ഉണ്ടെങ്കിൽ മാത്രം പ്രാദേശിക ആരോഗ്യ അധികൃതരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപനം അല്ലെങ്കിൽ ഓഫിസ് 5 ദിവസത്തേക്ക് അടച്ചിടാൻ തീരുമാനിക്കാം.

നാളെയും 30നും ലോക്ഡൗൺ സമാന നിയന്ത്രണങ്ങൾ

ലോക്ഡൗണിനു സമാനമായ ഞായർ നിയന്ത്രണങ്ങളുള്ള നാളെയും 30നും വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും 20 പേർ മാത്രമേ പങ്കെടുക്കാവൂ എന്ന് ഉത്തരവ്. പഴം, പച്ചക്കറി, പലവ്യഞ്ജനം, പാൽ, മീൻ, ഇറച്ചി തുടങ്ങിയ കടകൾ രാവിലെ 7 മുതൽ രാത്രി 9 വരെ പ്രവർത്തിക്കും. മാധ്യമ സ്ഥാപനങ്ങൾ, മെഡിക്കൽ സ്റ്റോറുകൾ, ആംബുലൻസുകൾ എന്നീ സേവനങ്ങൾക്കും തടസ്സമില്ല.

അത്യാവശ്യ യാത്രകൾ അനുവദിച്ചിട്ടുണ്ടെങ്കിലും അതു വ്യക്തമാക്കുന്ന രേഖകൾ ഹാജരാക്കണം. ആശുപത്രി, വാക്‌സിനേഷൻ എന്നിവയ്ക്കും യാത്രയാകാം. ഹോട്ടലുകളിലും ബേക്കറികളിലും ഇരുന്നു ഭക്ഷണം കഴിക്കാനാവില്ല. രാവിലെ 7 മുതൽ രാത്രി 9 വരെ പാഴ്‌സൽ മാത്രം. നേരത്തേ നിശ്ചയിച്ച പരീക്ഷകൾക്കു മാറ്റമില്ല.

ദീർഘദൂര ബസ്, ട്രെയിൻ സർവീസുകൾ ഉണ്ടാകും. ട്രെയിൻ, വിമാന യാത്രക്കാർക്കു സ്വകാര്യ വാഹനം ഉപയോഗിക്കാം. അടിയന്തര സാഹചര്യത്തിൽ വർക്ഷോപ്പുകൾ തുറക്കാം. മൂൻകൂട്ടി ബുക്ക് ചെയ്തതനുസരിച്ചു വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും റിസോർട്ടുകളിലേക്കും ഹോട്ടലുകളിലേക്കും പോകുന്നതിനും തടസ്സമില്ല.

കള്ള് അവശ്യവസ്തുയായി കണക്കാക്കിയിട്ടുണ്ട്. അവശ്യ വസ്തുക്കളും സേവനങ്ങളും മാത്രം അനുവദിക്കുന്ന നാളെയും 30നും കള്ളുഷാപ്പുകൾ പ്രവർത്തിക്കാമെന്ന് സർക്കാർ. ദുരന്തനിവാരണ വകുപ്പ് ഉത്തരവിലാണ് അവശ്യ വസ്തുക്കളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയത്. രാവിലെ 9- രാത്രി 7 വരെയാണു സമയം. ബവ്‌റിജസ് കോർപറേഷൻ, കൺസ്യൂമർഫെഡ് മദ്യവിൽപനശാലകൾക്കു തുറക്കാമോ എന്നു വ്യക്തത വന്നിട്ടില്ല.

പി.എസ്.സി. പരീക്ഷകളിൽ മാറ്റം, തീവണ്ടികൾ റദ്ദാക്കി

ഞായറാഴ്ചകളിൽ നിയന്ത്രണം കടുപ്പിച്ചതിനാൽ ജനുവരി 23, 30 തീയതികളിൽ നടത്താനിരുന്ന പി.എസ്.സി. പരീക്ഷകൾ മാറ്റി. 23-ന് നിശ്ചയിച്ചിരുന്ന മെഡിക്കൽ എജ്യുക്കേഷനിലെ റിസപ്ഷനിസ്റ്റ് പരീക്ഷ ജനുവരി 27-ന് നടത്തും. 23-നുള്ള ലബോറട്ടറി ടെക്‌നീഷ്യൻ ഗ്രേഡ്-2 പരീക്ഷകൾ ജനുവരി 28-നായിരിക്കും. 30-ന് നിശ്ചയിച്ച വാട്ടർ അഥോറിറ്റി ഓപ്പറേറ്റർ പരീക്ഷ ഫെബ്രുവരി നാലിലേക്ക് മാറ്റി. പരിഷ്‌കരിച്ച ദിവസക്രമം പി.എസ്.സി.യുടെ വെബ്‌സൈറ്റിലുണ്ട്.

അതേസമയം കോവിഡ് വ്യാപനതീവ്രത കൂടിയതോടെ എട്ടു തീവണ്ടികൾ റദ്ദാക്കിയതായി ദക്ഷിണറെയിൽവേ അധികൃതർ അറിയിച്ചു. റദ്ദാക്കിയ വണ്ടികൾ ഇവയാണ്: നാഗർകോവിൽ-കോട്ടയം എക്സ്പ്രസ് (16366), കൊല്ലം-തിരുവനന്തപുരം അൺറിസർവ്ഡ് എക്സ്പ്രസ് (06425), കോട്ടയം-കൊല്ലം അൺറിസർവ്ഡ് (06431), തിരുവനന്തപുരം-നാഗർകോവിൽ അൺറിസർവ്ഡ് എക്സ്പ്രസ് (06435), മംഗളൂരു സെൻട്രൽ കോഴിക്കോട് എക്സ്പ്രസ് (16610), കോഴിക്കോട് -കണ്ണൂർ എക്സ്പ്രസ് സെപ്ഷ്യൽ (06481), കണ്ണൂർ-ചെറുവട്ടൂർ എക്സ്പ്രസ് സ്‌പെഷ്യൽ (06469), ചെറുവട്ടൂർ-മംഗളൂരു സെൻട്രൽ എക്സ്പ്രസ് സ്‌പെഷ്യൽ (06491).