മോസ്‌കോ: റഷ്യയുടെ "സ്പുട്‌നിക്-വി" കോവിഡ് -19 വാക്സിൻ ആദ്യഘട്ട പരീക്ഷണങ്ങളിൽ പങ്കെടുത്ത എല്ലാവരിലും ആന്റിബോഡി സൃഷ്ടിച്ചുവെന്ന് റിപ്പോർട്ട്. ലാൻസെറ്റ് മെഡിക്കൽ ജേണൽ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ വർഷം ജൂൺ-ജൂലൈ മാസങ്ങളിൽ നടത്തിയ 76 പരീക്ഷണങ്ങളിൽ പങ്കെടുത്ത 100 ശതമാനം ആളുകളിലും കൊറോണ വൈറസിനെതിരായ ആന്റിബോഡികൾ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും ഗുരുതരമായ പാർശ്വഫലങ്ങളൊന്നുമില്ലെന്നും ലാൻസെറ്റ് പറയുന്നു. "ആരോഗ്യമുള്ള 38 മുതിർന്നവർ ഉൾപ്പെടെ 42 ദിവസത്തെ രണ്ട് പരീക്ഷണങ്ങളിൽ പങ്കെടുത്തവരിൽ ഗുരുതരമായ പ്രതികൂല ഫലങ്ങൾ ഒന്നും കണ്ടെത്തിയില്ല, വാക്സിൻ ആന്റിബോഡി പ്രതികരണം നേടുന്നുവെന്ന് സ്ഥിരീകരിച്ചു," ലാൻസെറ്റ് പറയുന്നു.

രണ്ട് ഘട്ടങ്ങളിലായി 42 ദിവസം നീണ്ടുനിന്ന പരീക്ഷണത്തിൽ പങ്കെടുത്ത ആരിലും ഗുരുതരമായ പ്രതികൂല ഫലങ്ങൾ ഉണ്ടായില്ലെന്നും ഇവരിൽ ആന്റിബോധി പ്രതികരണം ഉണ്ടായെന്നും മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. വാക്‌സിനുകളുടെ ദീർഘകാല സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പുവരുത്തുന്നതിന് കൂടുതൽ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും ആവശ്യമാണെന്നും പഠനഫലം ചൂണ്ടിക്കാട്ടുന്നുണ്ട്. ഗമേലയ സയന്റിഫിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി റഷ്യൻ പ്രതിരോധമന്ത്രാലയവുമായി ചേർന്നാണ് 'സ്പുട്നിക്-അഞ്ച്' വാക്സിൻ വികസിപ്പിച്ചത്. 1957-ൽ സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച ആദ്യത്തെ കൃത്രിമ ഉപഗ്രഹത്തിനെ അനുസ്മരിച്ചുകൊണ്ടാണ് വാക്‌സിന് 'സ്പുട്നിക്-അഞ്ച്' എന്ന് പേര് നൽകിയത്.

'സ്പുട്നിക്-അഞ്ച്' കോവിഡ് വാക്‌സിന്റെ ആഭ്യന്തര ഉപയോഗത്തിനായി റഷ്യ ഓഗസ്റ്റ് മാസത്തിൽ അനുമതി നൽകിയിരുന്നു. വാക്‌സിൻ സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് മുമ്പോ അതിന്റെ വിപുലമായ ട്രയൽ പൂർത്തിയാകും മുമ്പോ ഇത്തരത്തിൽ അനുമതി നൽകുന്ന ആദ്യ രാജ്യമാണ് റഷ്യ. അതേ സമയം ചില വിദഗ്ദ്ധർ വാക്സിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്ക അറിയിച്ചിട്ടുണ്ട്. മതിയായ ഡാറ്റയുടെ അഭാവവും അതിവേഗ അംഗീകാരവും കാരണം റഷ്യയുടെ വാക്സിൻ കുത്തിവെയ്ക്കുന്നത് സുരക്ഷിതമായിരിക്കില്ലെന്നും അഭിപ്രായം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വാക്‌സിൻ സംബന്ധിച്ച് പഠനഫലം അന്താരാഷ്ട്ര ജേർണലിൽ പ്രസിദ്ധീകരിച്ചത്.

ലോകത്തിൽ തന്നെ ആദ്യമായാണ് ഒരുരാജ്യത്ത് കോവിഡ് വാക്‌സിന് അനുമതി നൽകിയിരിക്കുന്നത്. റഷ്യൻ വാക്‌സിനെതിരെ വിമർശനങ്ങളുമുണ്ട്. വെറും രണ്ടുമാസം മാത്രം നീണ്ടുനിന്ന് ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് ശേഷമാണ് ഈ വാക്‌സിന് അനുമതി നൽകിയത്. സ്പുട്‌നിക്-അഞ്ച് എന്നാണ് വാക്‌സിന് റഷ്യൻ അധികൃതർ നൽകിയിരിക്കുന്ന പേര്. ഈ വാക്‌സിൻ 40,000 പേരിൽ കൂടി പരീക്ഷണം നടത്താനൊരുങ്ങുകയാണ് റഷ്യ.