മാലെഗാവ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ജാമ്യം ലഭിച്ച കേണൽ ശ്രീകാന്ത് പ്രസാദ് പുരോഹിതിന്റെ സസ്‌പെൻഷൻ സൈന്യം പിൻവലിച്ചേക്കുമെന്ന് സൂചന. കേസിൽ ഒമ്പതുവർഷം ജയിലിൽ കഴിഞ്ഞശേഷമാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചതോടെ പുരോഹിത് പുറത്തിറങ്ങുന്നത്. പുരോഹിതിനെ സൈന്യത്തിൽ തിരിച്ചെടുക്കാൻ കേന്ദ്രസർക്കാരിൽനിന്ന് സമ്മർദമുണ്ടെന്നാണ് സൂചനകൾ.

മഹാരാഷ്ട്രയിലെ മുസ്ലിം ഭൂരിപക്ഷപ്രദേശമായ മാലെഗാവിൽ 2008 സെപ്റ്റംബർ 29-നുണ്ടായ സ്‌ഫോടനത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതോടെയാണ് എസ്‌പി. പുരോഹിതിനെ അറസ്റ്റ് ചെയ്തത്. സ്‌ഫോടനത്തിൽ ആറുപേർ മരിച്ചിരുന്നു. ജമ്മുകാശ്മീരിൽ തീവ്രവാദ വിരുദ്ധ സേനയ്‌ക്കൊപ്പം പ്രവർത്തിച്ചിരുന്ന പുരോഹിത്, സൈന്യത്തിന്റെ രഹസ്യന്വേഷണ വിഭാഗത്തിനൊപ്പവുമുണ്ടായിരുന്ന ആളാണ്. തീവ്രവാദവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ആദ്യ സൈനിക ഓഫീസറെന്ന കുപ്രസിദ്ധിയും പുരോഹിതിനുണ്ട്.

സ്‌ഫോടനത്തിനുപയോഗിച്ച സ്‌ഫോടകവസ്തു കൈമാറിയെന്ന പേരിലാണ് പുരോഹിതിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒമ്പതുവർഷത്തോളം വിചാരണത്തടവുകാരനായി കഴിഞ്ഞ പുരോഹിതിനെ ഇന്നലെയാണ് സുപ്രീം കോടതി ഉപാധികളോടെ ജാമ്യത്തിൽവിട്ടത്. ഒരുലക്ഷം രൂപയുടെയും ഇതേതുകയ്ക്കുള്ള രണ്ടാൾജാമ്യത്തിലുമാണ് പുരോഹിത് പുറത്തിറങ്ങിയത്.

പാസ്‌പോർട്ട് കോടതിയിൽകെട്ടിവെക്കാനും ദേശീയ അന്വേഷണ ഏജൻസിയോട് സഹകരിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ അറസ്റ്റിലായതിന് തൊട്ടുപിന്നാലെ പുരോഹിതിനെ സൈന്യത്തിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. സസ്‌പെൻഷൻ കാലയളവിന്റെ തുടക്കത്തിൽ 25 ശതമാനത്തോളം ശമ്പളമാണ് പുരോഹിതിന് ലഭിച്ചിരുന്നത്. പിന്നീട് സൈനിക ട്രിബ്യൂണലിന്റെ ഉത്തരവിൽ അത് 75 ശതമാനമായി ഉയർത്തി.

മുംബൈ തീവ്രവാദ വിരുദ്ധ വിഭാഗവും എൻഐഎയും സമർപ്പിച്ച ചാർജ് ഷീറ്റുകളിൽ വൈരുദ്ധ്യമുണ്ടെന്ന് ജാമ്യഹർജിയിൽ വിധിപറയവെ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ പഴുതാണ് രാജ്യത്തെ ആദ്യ ഹിന്ദു തീവ്രവാദ കേസിൽ ഉൾപ്പെട്ടവർക്ക് പുറത്തിറങ്ങാൻ വഴിയൊരുക്കിയത്. കേസിലെ പ്രധാന ഗൂഢാലോചനക്കാരൻ പുരോഹിതാണന്നായിരുന്നു എൻഐഎയുടെ വാദം. മതിയായ തെളിവുകൾ ഇയാൾക്കെതിരെ ഉണ്ടെന്നും ബോധിപ്പിച്ചിരുന്നു.

കോടതി ജാമ്യത്തിൽവിട്ടതോടെ, സൈന്യത്തിലേക്ക് പുരോഹിതിന്റെ വഴി തെളിഞ്ഞതായി സൈനിക കേന്ദ്രങ്ങൾ സൂചിപ്പിച്ചു. അടുത്തുതന്നെ പുരോഹിതിന് യൂണിഫോം തിരിച്ചുകിട്ടിയേക്കും.