തിരുവനന്തപുരം: സംസ്ഥാനം നേരിട്ട രൂക്ഷമായ പ്രളയത്തിന് കാരണം വീഴ്ചയും അലംഭാവവുമാണെന്ന് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെന്റ് സ്്റ്റഡീസ് ( ആർ.ജി.ഐ.ഡി.എസ്) നിയോഗിച്ച വിദഗ്ധ സമിതിയുടെ പഠന റിപ്പോർട്ട്. അശാസ്ത്രീയമായി ഡാമുകൾ തുറന്നു വിട്ട് മനുഷ്യനിർമ്മിത പ്രളയ ദുരന്തമാണ് വരുത്തിവച്ചതെന്നും റിപ്പോർട്ട് പറയുന്നു. ഇതടക്കമുള്ള കണ്ടെത്തലുകൾ അടങ്ങിയ റിപ്പോർട്ട് പ്രസ്‌ക്ലബ്ബിൽ നടന്ന ചടങ്ങിൽ വിദഗ്ധ സമിതി പ്രതിപക്ഷ നേതാവും ആർ.ജി.ഐ.ഡി.എസ് ചെയർമാനുമായ രമേശ് ചെന്നിത്തലയ്ക്ക് കൈമാറി പ്രകാശനം ചെയ്തു.

മൺസൂൺ കാലം തുടങ്ങും മുൻപ് തന്നെ ജലസംഭരണികൾ നിറഞ്ഞു തുടങ്ങിയെങ്കിലും വൈദ്യുതോദ്പാദനം എന്ന ഒറ്റ ലക്ഷ്യത്തിലൂടെ ഉദ്യോഗസ്ഥർ നിസംഗരായിരുന്നതാണ് പ്രളയം മഹാദുരന്തമാക്കി മാറ്റിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. പേമാരിയെ തുടർന്ന് എല്ലാ അണക്കെട്ടുകളും നിറഞ്ഞു കവിഞ്ഞതോടെ അധികമായി വന്ന ജലം ശേഖരിക്കാൻ മാർഗ്ഗം ഇല്ലാതായി. അധികജലം എല്ലാ ഡാമുകളിൽ നിന്നും ഒന്നിച്ച് ഒഴുക്കി വിട്ടത് പ്രളയത്തിന്റെ രൂക്ഷത തീവ്രമാക്കി. അണക്കെട്ടുകളിൽ നിന്ന് പെട്ടെന്നുണ്ടായ ജല പ്രവാഹത്തെ തുടർന്ന് നിയന്ത്രണാതീതമായി ജലം ഒഴുകുകയും ആളുകളെ മാറ്റിപാർപ്പിക്കാൻ സമയം ലഭിക്കാതിരിക്കുകയും ചെയ്തത് കടുത്ത നാശ നഷ്ടങ്ങൾക്കും 500-ഓളം പേരുടെ ജീവഹാനിക്കും ഇടയാക്കി. അണക്കെട്ടിൽ അടിഞ്ഞു കൂടിയിരുന്ന മാലിന്യങ്ങളും ചെളിയും യഥാസമയം നീക്കം ചെയ്യാത്തതും വീഴ്ചയാണെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

ജൂലൈ അവസാനത്തോടെ തന്നെ കേരളത്തിലെ ഒട്ടുമിക്ക ജലസംഭരണികളും പരമാവധി സംഭരണ ശേഷിയിൽ എത്തിയിരുന്നു. ഡാമുകൾ പരമാവധി നിറഞ്ഞ സാഹചര്യത്തതിൽ നിയന്ത്രിതമായി തുറന്നുവിടണമെന്ന വിദഗ്ധരുടേയും മാധ്യമങ്ങളുടെയും ആവശ്യം മുഖവിലയ്ക്കെടുക്കാതെ വൈദ്യുതോത്പാദനം എന്ന ഒറ്റ ലക്ഷ്യത്തിൽ സർക്കാർ സംവിധാനങ്ങൾ പ്രവർത്തിച്ചപ്പോൾ ജലം നിയന്ത്രിക്കുന്നതിൽ ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചത്. എല്ലാ സംഭരണികളും നിറഞ്ഞു കവിയും വരെ കാഴ്ചക്കാരായി നിന്നവർ പരമാവധി സംഭരണശേഷി കഴിഞ്ഞതോടെ 34 സംഭരണികളുടെയും ഷട്ടറുകൾ ഒരു നിയന്ത്രണവുമില്ലാതെ ഒന്നിച്ചു തുറന്നു വിട്ടു. ഇത് ദുരന്തവ്യാപ്തി വർധിപ്പിച്ചു-സമിതി റിപ്പോർട്ടിൽ പറയുന്നു.

പ്രളയാനന്തര കേരളം എവിടെ നിൽക്കുന്നുവെന്നത് വളരെ ഗൗരവപൂർവ്വം പരിശോധിക്കേണ്ട കാര്യമാണെന്ന് റിപ്പോർട്ട് പ്രകാശനം ചെയ്ത് സംസാരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രളയത്തിന് കാരണം ഗുരുതരമായ അലംഭാവവും വീഴ്‌ച്ചയുമാണെന്ന സമിതി റിപ്പോർട്ട് അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഐ.എം.ഡി അടിക്കമുള്ള ഏജൻസികളുടെ കാലാവസ്ഥ മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ടു പോയതും ദുരന്തത്തിന് കാരണമായി എന്നത് അടക്കമുള്ള റിപ്പോർട്ടിലെ കണ്ടത്തലുകൾ പൊതുജനങ്ങളും ഭരണകൂടവും ചർച്ച ചെയ്യണം. നാളെ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ അതു സഹായകരമാകും. റിപ്പോർട്ടിന്റെ അടിസ്ഥാനമാക്കി ആർ.ജി.ഐ.ഡി.എസ് വൈകാതെ തന്നെ തിരുവനന്തരുപരത്ത് ഒരു കോൺക്ലേവ് സംഘടിപ്പിക്കുമെന്നും ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ കൂടിയായ രമേശ് ചെന്നിത്തല അറിയിച്ചു.

കേരളത്തിലെ മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ആയിരുന്ന മൈക്കിൾ വേദ ശിരോമണി അധ്യക്ഷനായ സമിതിയിൽ ബയോ ഡൈവേഴ്‌സിറ്റി ബോർഡ് മുൻ ചെയർമാൻ ഡോ. ഉമ്മൻ വി ഉമ്മൻ, ദേശീയ ഭൗമശാത്ര പഠനകേന്ദ്രത്തിലെ മുൻ ശാസ്ത്രജ്ഞൻ ജോൺ മത്തായി, വൈദ്യുതി ബോർഡ് മുൻ ഡയറക്ടർ മുഹമ്മദലി റാവുത്തർ, ജലസേചന വകുപ്പ് മുൻ ഡെപ്യുട്ടി ചീഫ് എഞ്ചിനീയർ തോമസ് വർഗീസ് എന്നിവർ വിദഗ്ധ അംഗങ്ങളായിരുന്നു. ആർ.ജി.ഐ.ഡി.എസ് ഡയറക്ടർ ബി.എസ്.ഷിജു സമിതിയുടെ കൺവീനറായിരുന്നു. പ്രളയ ബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തി നേരിട്ട് വിവര ശേഖരണം നടത്തിയാണ് സമിതി റിപ്പോർട്ട് തയ്യറാക്കിയത്.

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ കോഡ് അനുസരിച്ച് ജലസംഭരണി പ്രവർത്തിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിച്ചില്ലന്നും സമിതി കണ്ടെത്തി. കേന്ദ്ര ജലവിഭവ കമ്മീഷൻ (സി.ഡബ്ള്യു.സി) കർശനമായി പാലിക്കണം എന്ന് പറഞ്ഞിട്ടുള്ള ഡാം ഓപ്പറേഷനൽ മാന്വൽ, എമർജൻസി ആക്ഷൻ പ്ലാൻ എന്നിവ കേരളത്തിലെ ഒരു ഡാമിലും ഉണ്ടായിരുന്നില്ല. ചരിത്രത്തിൽ ആദ്യമായാണ് ഇടുക്കി അണക്കെട്ട് തൊണ്ണൂറു ശതമാനവും നിറയുന്നതും കടുത്ത പ്രളയത്തിന് ഇടയാവുകയും ചെയ്തതെന്ന് സമിതി ചൂണ്ടിക്കാട്ടി.

ഡാം മാനേജ്‌മെന്റ് അധികൃതർ, ജലസേചന അധികൃതർ, ജില്ലാ ഭരണകൂടം എന്നിവർ തമ്മിൽ അണക്കെട്ടുകൾ തുറക്കുന്നത് സംബന്ധിച്ച് യാതൊരു തരത്തിലുമുള്ള എകോപനവും ഉണ്ടായിരുന്നില്ല. തോട്ടപ്പള്ളി സ്പിൽവേ, തണ്ണീർമുക്കം ബണ്ട് എന്നിയുടെ ഷട്ടറുകൾ കൃത്യസമയത് തുറക്കാതിരുന്നതും തോട്ടപ്പള്ളി പൊഴി തുറക്കാൻ കഴിയാതിരുന്നതും തിരിച്ചടിയായി. പ്രളയകാലത്ത് കേരളത്തിലെ ആനയിറങ്ങൽ, തെന്മല അണക്കെട്ടുകൾ ഒഴികെയുള്ള എല്ലാ സംഭരണികളും കവിഞ്ഞൊഴുകിയതായി സമിതി കണ്ടെത്തി. ഏത് സാഹചര്യത്തിലും ഒരു അണക്കെട്ടിന്റെയും സംഭരണി നിറഞ്ഞുകവിയാൻ പാടില്ലെന്നിരിക്കെ ഇങ്ങനെ സംഭവിച്ചത് അതീവ ഗുരുതര വീഴ്ചയാണ്. പ്രളയ ശേഷം ഡാമുകളുടെ ഷട്ടർ അടച്ചയുടൻ നദികൾ വറ്റിവരണ്ടത് ഡാമുകൾ അശാസ്ത്രീയമായി തുറന്നു വിട്ട് മനുഷ്യനിർമ്മിത പ്രളയ ദുരന്തമാണ് വരുത്തിവച്ചത് എന്നത് വ്യക്തമാക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

അണക്കെട്ടുകളിൽ നിന്ന് പെട്ടെന്നുണ്ടായ ജല പ്രവാഹത്തെ തുടർന്ന് നിയന്ത്രാതീതമായി ജലം ഒഴുകുകയും ആളുകളെ മാറ്റിപാർപ്പിക്കാൻ സമയം ലഭിക്കാതിരിക്കുകയും ചെയ്തു. നദികളിൽ ക്രമേണ വെള്ളം ഉയരുന്നതിനേക്കാൾ പതിന്മടങ്ങ് ശക്തിയിലാണ് അണക്കെട്ടുകളിൽ നിന്നുള ജലപ്രവാഹത്തിൽ ജലനിരപ്പ് ഉയർന്നത്. നദീ തടങ്ങളിലും കൈവഴികളിലും നടന്ന കയ്യേറ്റങ്ങൾ മൂലം ജലം ഒഴുകേണ്ട മാർഗങ്ങൾ എല്ലാം അടഞ്ഞത് തിരിച്ചടിയായായി. ഉദാഹരണത്തിന് 1992 ൽ ഇടുക്കി ഡാം തുറന്ന ശേഷം വന്ന കെട്ടിടങ്ങളും കൃഷിരീതികളിൽ വന്ന മാറ്റവുമെല്ലാം ജലത്തിന്റെ ഒഴുക്കിനെ തടസപ്പെടുത്തുന്നതായി.

ഐ.എം.ഡി, സ്‌കൈമെറ്റ് എന്നിവരുടെ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നു. എന്നാൽ ഈ മുന്നറിയിപ്പുകൾക്ക് സംസ്ഥാന സർക്കാർ വേണ്ടത്ര ഗൗരവം നൽകിയില്ല. ഇതും ദുരന്തത്തിന്റെ വ്യാപ്തി വർധിക്കുന്നതിന് കാരണമായി. പ്രളയ-ഉരുൾപൊട്ടൽ മേഖലകളിൽ നിന്നും ദുരന്തത്തിന് ഇരയായവരെ മാറ്റുന്നതിന് സുരക്ഷിത സ്ഥലങ്ങൾ കണ്ടെത്തുന്നതിലും മാറ്റിപാർപ്പിക്കുന്നതിലും സർക്കാരിന്റെ ഭാഗത്തു നിന്നും ഗുരുതര വീഴ്‌ച്ചയുണ്ടായി. നിർഭാഗ്യ വശാൽ രക്ഷാപ്രവർത്തനത്തിലുണ്ടായ കാലതാമസം ദുരന്തത്തിന്റെ ആഘാതം വർധിപ്പിക്കാൻ ഇടയാക്കി.

ജനങ്ങളോട് യഥാർഥ സ്ഥിതി വിശദീകരിക്കാൻ ചില ജില്ലാ ഭരണകൂടങ്ങളുടെ കയ്യിൽ മതിയായ വിവരങ്ങളും ഉണ്ടായിരുന്നില്ല. ശരിയായ വിവരം ശരിയായ സമയത്ത് ശരിയായ രീതിയിൽ എത്തിക്കുന്നതിൽ ജില്ലാ ചില ഭരണകൂടങ്ങൾ പൂർണമായും പരാജയപ്പെട്ടു. ഡാമുകളുടെ ഷട്ടറുകൾ തുറന്നു വിട്ടാൽ അതിന്റെ ആഘാതം ഏതൊക്കെ പ്രദേശങ്ങളിലേക്ക് എത്തും എന്ന കാര്യത്തിലും ഇവർക്ക് യാതൊരു രൂപവും ഉണ്ടായിരുന്നില്ല. ജനങ്ങൾക്ക് ദുരന്ത മുന്നറിയിപ്പ് നൽകുന്നതിലും ഗുരുതരമായ വീഴ്ച സംഭവിച്ചു. ഫ്ളഡ് മാപ്പിങ് ഇല്ലാതിരുന്നതും സ്ഥിതി ഗുരുതരമാക്കി. വിവിധ കാലാവസ്ഥാ മുന്നറിയിപ്പുകൾ കുറിച്ച് ജനങ്ങൾക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല, മേലിൽ ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ കൃത്യമായ വിവരങ്ങൾ ജനങ്ങളെ അറിയിക്കാൻ സർക്കാർ തയാറാകണമെന്ന് സമിതി നിർദേശിച്ചു.

ഇടുക്കി, വയനാട് എന്നിവിടങ്ങളിൽ ബഹുനില കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനായി പുതിയ നിർമ്മാണ ചട്ടം കൊണ്ടുവരണം. മുൻകരുതൽ നടപടിയുടെ ഭാഗമായി ശാസ്ത്രീയ പഠനത്തിലൂടെ അപകട സാധ്യത കൂടിയ മേഖലകളും സുരക്ഷിത മേഖലകളും തയാറാക്കണമെന്നും ഗ്രാമ തലത്തിൽ തന്നെ മുൻകരുതൽ നടപടി എടുത്ത് അപകട സാധ്യത കൂടിയ മേഖലകളിൽ റിസ്‌ക് അനാലിസിസ് നടത്തുകയും വ്യക്തമായ രൂപരേഖ തയാറാക്കുകയും ചെയ്യണം.

ദുരന്തങ്ങൾ തടയാൻ പഞ്ചായത്ത് തല സംവിധാനങ്ങൾ രൂപീകരിക്കണം. ഐ എം ഡിയും ബന്ധപ്പെട്ട ഏജൻസികളുമായി ഏകോപന സംവിധാനം ഉണ്ടാവണം. 2018 ലെ പ്രളയം ഒരു പാഠമായി ഉൾകൊണ്ട് ഫ്ളഡ് മാപ്പിങ് സംവിധാനം അനിവാര്യമാണെന്നും സമിതി നിർദേശിച്ചു. അണക്കെട്ടുകൾ തുറന്നു വിടുന്നതിനു മുൻപായി കൃത്യമായ മുന്നറിയിപ്പ് സംവിധാനവും ജനങ്ങൾക്ക് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനുള്ള സമയവും ഉറപ്പ് നൽകുന്ന തരത്തിൽ കൃത്യമായ പ്രോട്ടോകോൾ ഉണ്ടാകണം. ഓരോ അണക്കെട്ടിലേയും ജലവിതാനം നിയന്ത്രിക്കുന്നതിന് കൃത്യമായ എമർജൻസി ആക്ഷൻ പ്ലാൻ ഉണ്ടാകണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.

കാലാവസ്ഥാ, ദുരന്ത മുന്നറിയിപ്പുകൾ യഥാ സമയങ്ങളിൽ അടിക്കടി ജനങ്ങളിലേക്ക് എത്തിക്കാൻ സംവിധാനം ഉണ്ടാകണം. ദുരന്ത സാധ്യത പ്രദേശങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞു പഠനങ്ങളും നിരീക്ഷണവും ശക്തിപ്പെടുത്തണം. സെൻസിറ്റിവ് സ്ഥലങ്ങളിൽ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. നദീതീരങ്ങൾ കയ്യേറുന്നത് കർശനമായി തടയണം. കൃത്രിമ മാർഗങ്ങൾ ഉപയോഗിച്ച് നദികൾക്ക് സംരക്ഷണ ഭിത്തി കെട്ടുന്ന പ്രവണത അടിയന്തിരമായി അവസാനിപ്പിക്കണം. ബയോ ഡൈവേഴ്‌സിറ്റി ആക്ട്, ഫോറസ്റ്റ് ആക്ട്, എൻവയോൺമെന്റ് ആക്ട്, സി ആർ ഇസഡ് റൂൾ, കേരള നെൽവയൽ തണ്ണീർത്തട നിയമം, എന്നിവ അടിയന്തിര പ്രാധാന്യത്തോടെ നടപ്പാക്കാണം തുടങ്ങിയ നിർദ്ദേശങ്ങളും റിപ്പോർട്ടിലുണ്ട്.