പാറശാല: കാസർകോട് ജില്ലയിൽ വിദ്യാർത്ഥിനി ഷമർമ കഴിച്ചു മരിച്ച സംഭവത്തിന് പിന്നാലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യാപക പരിശോധനയുമായി രംഗത്തുവന്നിരുന്നു. ഇങ്ങനെ നടത്തിയ പരിശോധകൾ എത്രത്തോളം പ്രഹസനം ആയിരുന്നു എന്ന് എല്ലാവർക്കും അറിവുള്ള കാര്യമാണ്. ഒരു സംഭവം ഉണ്ടായിരുന്നപ്പോൾ ഉണ്ടായ ജനരോഷം ശമിപ്പിക്കാൻ വേണ്ടിയുള്ള പരിശോധനാ നടപടികൾക്ക് അപ്പുറത്തേക്ക് ഒന്നും നടക്കുന്നില്ല കേരളത്തിൽ.

സംസ്ഥാനത്തെ ഭക്ഷ്യവകുപ്പ് തിരിഞ്ഞു നോക്കാത്ത മേഖലയായി കണക്കാക്കുന്നത് അരികളിൽ വ്യാപകമായി മായം ചേർക്കുന്നതാണ്. ടൺകണക്കിന് അരിയാണ് കളറടിച്ചു മട്ട അരിയായും ചെമ്പാവ് അരിയെന്നുമുള്ള വ്യാജേന വിറ്റഴിക്കുന്നത്. 25 ടൺ റേഷനരി വരെ ദിവസവും അതിർത്തി കടന്ന് തമിഴ്‌നാട്ടിൽ നിന്നെത്തി സ്വകാര്യ മില്ലുകളിൽ നിറം ചേർത്ത് മട്ട, കുത്തരി, ചമ്പാവ് ആയി രൂപം മാറി വിപണിയിൽ എത്തുന്ന എന്നതാണ് ഞെട്ടിക്കുന്ന വിവരം. ഇത് അറിഞ്ഞിട്ടും മിണ്ടാതെ മൗനം പാലിച്ചരിക്കയാണ് ഭക്ഷ്യ സുരക്ഷാ വിഭാഗവും സിവിൽ സപ്ലൈസ് അധികൃതരും.

സംസ്ഥാന അതിർത്തിക്ക് സമീപം ഇഞ്ചിവിള, കളിയിക്കാവിള മേഖലകളിലെ സ്വകാര്യ ഗോഡൗണുകളിൽ സംഭരിക്കുന്ന റേഷൻ അരിയാണ് ഊരമ്പ്, പൂവാർ, ഉച്ചക്കട, പൂവച്ചൽ മേഖലകളിലെ മില്ലുകളിൽ എത്തുന്നത്. തമിഴ്‌നാട്ടിലും സംസ്ഥാനത്തും കിലോയ്ക്കു 12 രൂപ വരെ നിരക്കിൽ സംഭരിക്കുന്ന അരി 19 രൂപയ്ക്കാണു ഏജന്റുമാർ ഗോഡൗണുകൾക്കു നൽകുന്നത്.

തമിഴ്‌നാട്ടിൽ നിന്ന് ഒാട്ടോറിക്ഷയിൽ ചാക്കുകളിലാക്കി എത്തിച്ച റേഷനരി ഇഞ്ചിവിളയിൽ ദേശീയപാതയുടെ വശത്തെ കേന്ദ്രത്തിൽ ഇറക്കുന്നു.
ഇവിടെ നിന്നു നിർബാധം മില്ലുകളിലേക്കു കടത്തുന്നു, കളറും എണ്ണയും രാസവസ്തുക്കളും ചേർത്ത് ചൂടാക്കിയാണ് മട്ട, കുത്തരി, ചമ്പാവ് അരി എന്നീ രൂപത്തിലേക്കു മാറ്റുന്നത്. കളർ ചേർത്ത അരി 5 മിനിറ്റ് വെള്ളത്തിൽ ഇട്ടാൽ നിറം ഇളകി വെളുക്കും. ഭക്ഷ്യവസ്തുവിന്റെ ഗണത്തിൽപ്പെടാത്തതും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇടയാക്കുന്നതുമായ കളർ ആണ് ചേർക്കുന്നത്.

ഫുഡ് കോർപറേഷൻ ഒാഫ് ഇന്ത്യയുടെ സീൽ ഉള്ള ചാക്കുകളിൽ നിന്ന് റേഷനരി മാറ്റിക്കഴിഞ്ഞാൽ അത് റേഷനെന്നു തിരിച്ചറിയാൻ കഴിയില്ലെന്നാണ് അധികൃതരുടെ വാദം. ഭൂരിഭാഗം കടത്ത് കേസിലും പ്രതികൾ രക്ഷപ്പെടുന്നത് ഇതു മൂലമാണ്. ആഴ്ചകൾക്ക് മുൻപ് പാറശാല പൊലീസ് രാത്രി പരിശോധനയിൽ തമിഴ്‌നാട്ടിൽ നിന്ന് എത്തിയ വാനിൽ സൂക്ഷിച്ചിരുന്ന 1200 കിലോ റേഷനരി പിടികൂടിയിരുന്നു. ഡ്രൈവറെ ചോദ്യം ചെയ്തപ്പോൾ ഇഞ്ചിവിളയിലെ ഗോഡൗണിലേക്ക് എത്തിച്ചാതാണെന്നും മൊഴി നൽകി.

പിടികൂടിയ അരിയിൽ റേഷനരിയുടെ സാന്നിധ്യം തെളിയിക്കാൻ കഴിയുന്നില്ലെന്ന് ആയിരുന്നു അരി പരിശോധിക്കാൻ എത്തിയ സിവിൽ സപ്ലൈസ് അധികൃതരുടെ മഹസർ റിപ്പോർട്ട്. ഇതോടെ പിടിയിലായ വാഹനം കടത്തുകാരിൽ നിന്ന് നിസ്സാര തുക പെറ്റി ഈടാക്കി പൊലീസ് വിട്ടയച്ചു. ടൺ കണക്കിനു റേഷനരി സംഭരിക്കുന്ന അഞ്ച് ഗോഡൗണുകൾ ഇഞ്ചിവിളയിൽ രാപകൽ ഭേദമില്ലാതെ പ്രവർത്തിക്കുമ്പോഴും ഇത്തരം കേന്ദ്രങ്ങളുടെ പ്രവർത്തനം അറിയില്ലെന്നാണ് സിവിൽ സപ്ലൈസ് അധികൃതരുടെ വിശദീകരണം.

റേഷൻ കടത്ത്, ഉപഭോക്താക്കളുടെ പരാതി എന്നിവ അറിയിക്കാൻ റേഷൻ കടകളിൽ തന്നെ പ്രദർശിപ്പിച്ചിട്ടുള്ള സപ്ലൈ ഒാഫിസർമാരുടെ ഒൗദ്യോഗിക ഫോണുകൾ മിക്കസമയത്തും സ്വിച്ച്ഡ് ഓഫ് ആണെന്നും പരാതിയുണ്ട്. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ഇത്തരത്തിൽ അറിയൽ മായം ചേർക്കുന്നു എന്ന പരാതി ഉയർന്നപ്പോൾ ഭക്ഷ്യമന്ത്രി അന്വേഷണം നടത്തിയിരുന്നു.

അന്ന് വെള്ളനെല്ല് റെഡ്ഓക്സൈഡ് ചേർത്താണ് മട്ടയാക്കുന്നുവെന്നാണ് ആരോപണം. നേരത്തെ പരാതി ഉയർന്നപ്പോൾ സർക്കാർ അന്വേഷണം നടത്തിയിരുന്നു. ഭക്ഷ്യമന്ത്രി നേരിട്ടെത്തി വ്യാജ അരി കണ്ടെത്തിയിരുന്നു. മായം കലർത്തിയ പ്രമുഖ മില്ലിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.

രണ്ട് തവണയായിട്ടാണ് സംസ്ഥാനത്ത് നെല്ല് സംഭരണം നടക്കുന്നത്. കന്നി, മകരം മാസങ്ങളിലാണ് കൊയത്ത് നടക്കുന്നത്. 26 രൂപ 95 പൈസയാണ് ഒരു കിലോ നെല്ല് സംഭരിക്കുമ്പോൾ ഇപ്പോൾ കർഷകർക്ക് ലഭിക്കുന്നത്. സംഭരണത്തുക നിശ്ചയിക്കുന്നത് സർക്കാരാണ്. സ്വകാര്യ മില്ലുകാർ നേരിട്ട് സംഭരിക്കും. ബാങ്ക് അകൗണ്ട് വഴിയാണ് തുക കൈമാറുന്നത്. സംഭരിക്കുന്ന സമയത്ത് നെല്ലിൽ ഈർപ്പമുണ്ടെന്ന കാരണം പറഞ്ഞ് കർഷകരുമായി മില്ലുകാർ വിലപേശുന്നുണ്ട്. മില്ലുകാർ നിശ്ചയിക്കുന്ന തുകയ്ക്ക് നൽകാൻ തയ്യാറായില്ലെങ്കിൽ സംഭരണം നിർത്തിവെക്കും. സമ്മർദ്ദത്തിലാകുന്ന കർഷകർ മില്ലുകാർ നിശ്ചയിക്കുന്ന തുകയ്ക്ക് നെല്ല് കൈമാറും.

കർഷകരിൽ നിന്നും സംഭരിക്കുന്ന നെല്ല് ബ്രാന്റഡ് അരിയാക്കി മാറ്റുകയാണ് മിക്ക മില്ലുകാരും ചെയ്യുന്നത്. തമിഴ്‌നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നും എത്തിക്കുന്ന വില കുറഞ്ഞ അരിയിൽ തവിടും റെഡ്ഓക്സൈഡും ചേർത്ത് മട്ടയരിയാക്കി മാറ്റുകയും ചെയ്യുന്നു. അതിനുള്ള മെഷിനറികളും മില്ലുകളിലുണ്ട്. ഇങ്ങനെ കളർ ചേർത്ത അരിയാണ് റേഷൻ കടകളിലേക്ക് അയക്കുന്നത്. എല്ലാ ചിലവുകളും കഴിഞ്ഞ് ഒരു കിലോയ്ക്ക് 20 രൂപ മില്ലുകാർക്ക് ലാഭം കിട്ടുന്നു.

മില്ലുകാരുടെ സമ്മർദ്ദത്തിന് വഴങ്ങി സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ അന്വേഷിക്കുന്നില്ലെന്ന് ആരോപണവും ശക്തമാണ്. സർക്കാരിന് കൊടുക്കാനുള്ള ബാക്കി അരി വ്യാജമായി മില്ലുകാർ നിർമ്മിക്കുന്നുണ്ട്. ഓണത്തിനോടനുബന്ധിച്ച് ഈ അരി റേഷൻ കടകളിൽ എത്തുന്ന അവസരവും ഉണ്ടാകാറുണ്ട്.

മായം കലർത്തിയ അരി വെള്ളത്തിലിട്ട് കഴുകുമ്പോൾ വെള്ളയരിയായി മാറും. റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന പുഴുക്കലരിക്ക് ഉണക്ക് കൂടുതലാണ്. മൂന്ന് വർഷം വരെ സ്റ്റോക്ക് ചെയ്ത അരിയായിരിക്കാം ഇത്.മട്ടയരിക്ക് ജലാംശം കൂടുതലായിരിക്കും. മായമില്ലാത്ത മട്ടയരി കഴുകുമ്പോൾ ഒരു തവണ മാത്രമാണ് നിറം മാറുക. വ്യാജനാണെങ്കിൽ ഓരോ തവണ കഴുകുമ്പോഴും അരിയുടെ നിറം മാറി പുഴുക്കലരിയായി മാറുകയും ചെയ്യും.